എഡിറ്റര്‍
എഡിറ്റര്‍
കാസര്‍കോട് വഴി കേരളത്തെ കലാപത്തിലേക്ക് തള്ളിവിടാനാണ് സംഘപരിവാര്‍ ശ്രമിച്ചത്; പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണം: കെ മുരളീധരന്‍
എഡിറ്റര്‍
Saturday 25th March 2017 8:13pm

 

തിരുവനന്തപുരം: കാസര്‍കോട് പള്ളിമുറിയില്‍ കയറി മദ്രസാധ്യാപകനെ കൊലപ്പെടുത്തിയത് വഴി കേരളത്തെ കലാപത്തിലേക്ക് തള്ളിവിടാനാണ് സംഘപരിവാര്‍ ശ്രമിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇത്രയും ഗുരുതരമായ വിഷയം ഉണ്ടായിട്ടും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തുന്നത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണെന്നും മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.


Also read ‘കുറവനും പുലയനും ഇവിടെ പഠിക്കണ്ട ഇത് നായന്മാരുടെ കോളേജാണ്’; എം.ജി കോളേജില്‍ എ.ബി.വി.പിയുടെ ദളിത് വേട്ട 


കാസര്‍കോട് വഴി കേരളത്തെ ഒരു കലാപത്തിലേക്ക് തള്ളിവിടാനുള്ള ശ്രമമാണ് സംഘ് പരിവാര്‍ നടത്തിയതെന്ന് പറഞ്ഞു കൊണ്ട് ആരംഭിക്കുന്ന പോസ്റ്റില്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറായിട്ടില്ലെന്നും മുരളീധരന്‍ ആരോപിക്കുന്നു.

മസ്ജിദില്‍ അതിക്രമിച്ചു കയറി മദ്രസ്സ അധ്യാപകനെ 25 ലധികം വെട്ടുകള്‍ വെട്ടി കൊത്തി നുറുക്കിയ പ്രതികള്‍ മദ്യാസക്തിയിലാണ് കൊലപാതകം ചെയ്തതെന്ന പോലീസ് ഭാഷ്യം ക്രൂരമായ ഒരു തമാശയാണെന്ന് മുരളീധരന്‍ പറഞ്ഞു. അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന്റെ ഭാഗമായി സംഘപരിവാര്‍ ക്രിമിനലുകളെ സഹായിക്കുന്ന നീക്കത്തെ മതേതര സമൂഹം മുന്നില്‍ നിന്ന് തുറന്നെതിര്‍ക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

മൂന്നു കിലോ ബീഫ് വരട്ടി വിതരണം ചെയ്താല്‍ ഫാസിസ്റ്റ് വിരുദ്ധതയാവുമെന്ന ധാരണ സി.പി.ഐ.എമ്മിനുണ്ടെങ്കില്‍ അത് തിരുത്തണമെന്നും കേസുകള്‍ അട്ടിമറിക്കാതെ നോക്കുകയാണ് വേണ്ടതെന്നും പറഞ്ഞ് കൊണ്ടാണ് മുരളീധരന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

കാസര്‍കോട് വഴി കേരളത്തെ ഒരു കലാപത്തിലേക്ക് തള്ളിവിടാനുള്ള ശ്രമമാണ് സംഘ് പരിവാര്‍ നടത്തിയത്. വിഷയം ഇത്ര ഗുരുതരമായിട്ടും ദുര്‍ബലമായ വകുപ്പുകള്‍ ചാര്‍ത്തി പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത് ആഭ്യന്തര വകുപ്പിന്റെ വീഴ്ച്ചയാണ്. ഒരു മസ്ജിദില്‍ അതിക്രമിച്ചു കയറി ഒരു മദ്രസ്സ അധ്യാപകനെ 25 ലധികം വെട്ടുകള്‍ വെട്ടി കൊത്തി നുറുക്കിയ പ്രതികള്‍ വെറും മദ്യാസക്തിയിലാണ് ഈ കൊലപാതകം ചെയ്തതെന്ന പോലീസ് ഭാഷ്യം ക്രൂരമായ ഒരു തമാശയാണ്. അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന്റെ ഭാഗമായി സംഘ് പരിവാര്‍ ക്രിമിനലുകളെ കൊടിഞ്ഞി ഫൈസല്‍ വധക്കേസിലും ഇപ്പോള്‍ കാസര്‍ഗോഡ് കേസിലും സഹായിക്കുന്ന നീക്കത്തെ മതേതര സമൂഹം തുറന്നെതിര്‍ക്കാന്‍ മുന്പിലുണ്ടാവും.

മൂന്നു കിലോ ബീഫ് വരട്ടി വിതരണം ചെയ്താല്‍ ഫാസിസ്റ്റ് വിരുദ്ധതയാവുമെന്ന ധാരണ സിപിഎമ്മിനുണ്ടെങ്കില്‍ അത് തിരുത്തണം. ഈ കേസുകള്‍ അട്ടിമറിക്കാതെ നോക്കുകയാണ് സംഘ് ക്രിമിനലുകള്‍ക്ക് എതിരെ ചെയ്യേണ്ട ഫലപ്രദമായ നടപടി.

Advertisement