പിന്നാക്കക്കാര്‍ക്ക് പ്രാതിനിധ്യം പോരെന്ന വിമര്‍ശനം ഉള്ളതുകൊണ്ടാണ് കെ.പി.സി.സി അധ്യക്ഷനെ മാറ്റാത്തത്: കെ. മുരളീധരന്‍
Kerala
പിന്നാക്കക്കാര്‍ക്ക് പ്രാതിനിധ്യം പോരെന്ന വിമര്‍ശനം ഉള്ളതുകൊണ്ടാണ് കെ.പി.സി.സി അധ്യക്ഷനെ മാറ്റാത്തത്: കെ. മുരളീധരന്‍
ന്യൂസ് ഡെസ്‌ക്
Wednesday, 13th January 2021, 9:15 am

കോഴിക്കോട്: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റി മറ്റൊരാളെ പെട്ടെന്ന് വെക്കുമ്പോള്‍ അത് പല രീതിയില്‍ വ്യാഖ്യാനം ചെയ്യപ്പെടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ. മുരളീധരന്‍.

ആ സ്ഥാനത്ത് ആരെ നിയോഗിച്ചാലും പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ കാര്യമില്ലെന്നും കെ. മുരളീധരന്‍ ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പിന്നാക്ക വിഭാഗങ്ങള്‍ക്ക് അംഗീകാരം പോര എന്ന ഒരു അഭിപ്രായം ആ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉണ്ടായിരിക്കെ അങ്ങനെ ഒരു വിഭാഗത്തില്‍പ്പെട്ടയാളെ കെ.പി.സി.സി അധ്യക്ഷനെ ആ സ്ഥാനത്ത് നിന്ന് പെട്ടെന്ന് മാറ്റുമ്പോള്‍ അതൊക്കെ വേറെ രീതിയില്‍ വ്യാഖ്യാനം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്.

കെ.പി.സി.സി. അധ്യക്ഷനെ മാറ്റണമെന്ന ആവശ്യം പരക്കെ ഉയരുമ്പോഴും നിലവില്‍ ഒരു നേതൃമാറ്റം വേണ്ടന്ന നിലപാട് ഹൈക്കമാന്‍ഡ് സ്വീകരിച്ചിരിക്കുന്നത് കേരളത്തിലെ സാഹചര്യം അറിയാതെയാണോ എന്ന ചോദ്യത്തിനായിരുന്നു മുരളീധരന്റെ മറുപടി.

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് പെട്ടെന്ന് ഒരാളെ മാറ്റി മറ്റൊരാളെ വെക്കുമ്പോള്‍ പല തകരാറുകളുമുണ്ടെന്നും പുതിയ ഒരാളെ വെക്കുമ്പോള്‍ പല കാര്യങ്ങളും നോക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

‘കോണ്‍ഗ്രസ് ഒരു ദേശീയ പാര്‍ട്ടിയാണ്. എല്ലാ ജാതി മത വിഭാഗങ്ങളേയും ഉള്‍ക്കൊള്ളുന്ന ഒരു പാര്‍ട്ടിയാണ്. ഒരു കമ്മ്യൂണല്‍ ബാലന്‍സ് കീപ്പ് അപ്പ് ചെയ്യുന്ന പാര്‍ട്ടിയാണ്. അങ്ങനെയൊക്കെ വരുമ്പോള്‍ അതിന്റേതായിട്ടുള്ള ഒരു ഇക്വേഷന്‍ ഉണ്ട്. പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങള്‍ക്ക് അംഗീകാരം പോര എന്ന ഒരു അഭിപ്രായം ആ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉണ്ട്.

അങ്ങനെ ഒരു വിഭാഗത്തില്‍പ്പെട്ടയാളാണ് കെ.പി.സി.സി പ്രസിഡന്റ്. അപ്പോള്‍ അദ്ദേഹത്തെ പെട്ടെന്ന് മാറ്റുമ്പോള്‍ ഇതൊക്കെ വേറെ രീതിയില്‍ വ്യാഖ്യാനം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.

ഒരു ഉദാഹരണം പറഞ്ഞാല്‍ മുസ്‌ലീം ലീഗ് നേതൃത്വമാറ്റം ആവശ്യപ്പെട്ടു എന്ന തരത്തില്‍ പ്രചരണമുണ്ടായി. അങ്ങനെയവര്‍ ആവശ്യപ്പെട്ടിട്ടില്ല. ഇതിനെ കുറിച്ച് പിണറായി വിജയന്‍ പറഞ്ഞത് കോണ്‍ഗ്രസിലെ കാര്യങ്ങള്‍ മുസ്‌ലീം ലീഗ് തീരുമാനിക്കുന്നു എന്നാണ്. അപ്പോള്‍ ഇങ്ങനെയൊക്കെയുള്ള ദുഷ്പ്രചരണം ഉണ്ടാകുമെന്ന് ഉള്ളതുകൊണ്ട് കൂടിയാണ്. തത്ക്കാലം എക്‌സ് മാറി വൈ വന്നതുകൊണ്ട് കാര്യമൊന്നുമില്ല. പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തണം. ആ ശൈലി മാറ്റമാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. അത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ സഹായിക്കുമെന്നാണ് എന്റെ പ്രതീക്ഷ’, മുരളീധരന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K Muraleedharan about Mullappally Ramachandran, doolnews interviews