'ആണ്‍കുട്ടികളുടെ വിവാഹപ്രായം 21, പെണ്‍കുട്ടികള്‍ക്ക് 18, ഇതില്‍ ഒരു മാറ്റം വേണ്ടേ'? പെണ്‍കുട്ടികളുടെ വിവാഹപ്രായത്തിലും കൈവെയ്ക്കാനൊരുങ്ങി ശിവരാജ് സിംഗ് ചൗഹാന്‍
national news
'ആണ്‍കുട്ടികളുടെ വിവാഹപ്രായം 21, പെണ്‍കുട്ടികള്‍ക്ക് 18, ഇതില്‍ ഒരു മാറ്റം വേണ്ടേ'? പെണ്‍കുട്ടികളുടെ വിവാഹപ്രായത്തിലും കൈവെയ്ക്കാനൊരുങ്ങി ശിവരാജ് സിംഗ് ചൗഹാന്‍
ന്യൂസ് ഡെസ്‌ക്
Tuesday, 12th January 2021, 4:34 pm

ഭോപ്പാല്‍: മതപരിവര്‍ത്തന നിയമങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടികളുടെ വിവാഹപ്രായത്തിലും മാറ്റങ്ങള്‍ വരുത്താനൊരുങ്ങുന്നുവെന്ന സൂചന നല്‍കി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ആണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയിരിക്കെ പെണ്‍കുട്ടികളുടെ വിവാഹപ്രായത്തിലും സമാനമായ മാറ്റം കൊണ്ടുവരണമെന്ന് ചൗഹാന്‍ പറഞ്ഞു. സ്ത്രീ സുരക്ഷ പദ്ധതിയായ ‘സമ്മാന്‍’ ഉദ്ഘാടന വേദിയിലായിരുന്നു ചൗഹാന്റെ പരാമര്‍ശം.

‘എന്തിനാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കിയിരിക്കുന്നത്. പുരുഷന്‍മാര്‍ക്ക് വിവാഹം കഴിക്കാനുള്ള പ്രായം 21 ആണ്. ഇതില്‍ മാറ്റം വരുത്തേണ്ടതല്ലേ? ഇക്കാര്യം പൊതുജനം ആലോചിക്കണം’, ചൗഹാന്‍ പറഞ്ഞു.

നേരത്തെ മതപരിവര്‍ത്തന നിയമങ്ങള്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ കൊണ്ടുവരുന്നത് സംബന്ധിച്ച് വാര്‍ത്താപ്രാധാന്യം നേടിയ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണ് മധ്യപ്രദേശ്.

ഉത്തര്‍പ്രദേശിന് പിന്നാലെയാണ് മധ്യപ്രദേശിലും മത പരിവര്‍ത്തന നിരോധന ബില്‍ പാസാക്കിയത്. ശബ്ദ വോട്ടോടുകൂടിയാണ് മന്ത്രിസഭ ബില്ല് പാസാക്കിയത്. ഈ നിയമപ്രകാരം നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്താല്‍ 10 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപവരെ പിഴയും ലഭിക്കും.

ആരെയെങ്കിലും മത പരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചാല്‍ 1-5 വര്‍ഷം തടവും കുറഞ്ഞത് 25,000 രൂപ പിഴയും ലഭിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. പരിവര്‍ത്തനം ചെയ്ത വ്യക്തികള്‍ പട്ടികജാതി അല്ലെങ്കില്‍ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരാണെങ്കില്‍, കുറഞ്ഞത് 2-10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും, പരമാവധി 1 ലക്ഷം പിഴയും,നരോത്തം മിശ്ര പറഞ്ഞു.

മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ടുമാസം മുമ്പുതന്നെ അറിയിക്കേണ്ടതാണ്, അങ്ങനെ ചെയ്തില്ലെങ്കില്‍ വിവാഹം പുതിയ നിയമപ്രകാരം അസാധുവായി കണക്കാക്കുമെന്നും ബില്ലില്‍ പറയുന്നു.

യു.പിയിലെ മതപരിവര്‍ത്തന ഓര്‍ഡിനന്‍സ് പ്രകാരം മതം മാറുന്നതിനും വിവാഹം കഴിക്കുന്നതിനും രണ്ട് മാസം മുമ്പ് ജില്ലാ മജിസ്‌ട്രേറ്റില്‍ നിന്ന് അനുമതി വാങ്ങണം എന്നാണ് പറയുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ പത്തോളം കേസുകളാണ് പുതിയ നിയമവുമായി ബന്ധപ്പെട്ട് യു.പിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Madhyapradesh CM Says Raising Marrigeable Age