ഇന്ത്യാ സഖ്യത്തില്‍ സി.പി.ഐ.എം ഇല്ല; ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ നിന്ന് ഇടത് നേതാക്കള്‍ വിട്ടുനിന്നത് അതിനുദാഹരണം: കെ. മുരളീധരന്‍
Kerala News
ഇന്ത്യാ സഖ്യത്തില്‍ സി.പി.ഐ.എം ഇല്ല; ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ നിന്ന് ഇടത് നേതാക്കള്‍ വിട്ടുനിന്നത് അതിനുദാഹരണം: കെ. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th March 2024, 8:29 pm

തൃശൂര്‍: പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ ഇന്ത്യാ സഖ്യത്തില്‍ സി.പി.ഐ.എം ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തില്‍ നിന്ന് ഇടത് നേതാക്കള്‍ വിട്ടുനിന്നത് അതിന് ഉദാഹരണമാണെന്ന് കെ. മുരളീധരന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മിണ്ടുന്നില്ലെന്ന് കെ. മുരളീധരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് ചൂണ്ടിക്കാട്ടി. കേരളത്തില്‍ സി.പി.ഐ.എമ്മിന് വോട്ടുചെയ്താല്‍ അത് ബി.ജെ.പിയെ സഹായിക്കുന്നതിന് തുല്യമാണെന്ന കോണ്‍ഗ്രസിന്റെ വാദം ഇന്നലെ തെളിഞ്ഞുവെന്നും മുരളീധരന്‍ പറഞ്ഞു.

സി.പി.ഐ.എം ആവര്‍ത്തിക്കുന്നത് ബി.ജെ.പിയുടെ ആരോപണങ്ങള്‍ ആണെന്നും കെ. മുരളീധരന്‍ പറഞ്ഞു. എല്‍.ഡി.എഫിന് ഓരോ സ്ഥലത്തും ഓരോ നയമാണെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.

കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണെന്നും കേന്ദ്ര സര്‍ക്കാര്‍ എന്തൊക്കെ പദ്ധതികള്‍ നടപ്പിലാക്കിയാലും അതിനെ ചെറുക്കാന്‍ കോണ്‍ഗ്രസ് മുന്നിലുണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ ബി.ജെ.പിയിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്നത് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജനാണെന്ന് കെ. മുരളീധരന്‍ ആരോപിച്ചിരുന്നു. ബി.ജെ.പിക്കാരെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല, ബി.ജെ.പിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നത് ഇ.പി ജയരാജനാണെന്ന് മുരളീധരന്‍ പരിഹസിച്ചു.

Content Highlight: K. Muraleedaran said that there is no CPIM in the Indian alliance which is the front of the opposition parties