ഞാന്‍ പറഞ്ഞത് സ്വന്തം മതത്തെ കുറിച്ച്.... ബാലനും സജി ചെറിയാനും പറഞ്ഞത് പോലുള്ള മതവെറിയല്ല: കെ.എം. ഷാജി
Kerala
ഞാന്‍ പറഞ്ഞത് സ്വന്തം മതത്തെ കുറിച്ച്.... ബാലനും സജി ചെറിയാനും പറഞ്ഞത് പോലുള്ള മതവെറിയല്ല: കെ.എം. ഷാജി
രാഗേന്ദു. പി.ആര്‍
Wednesday, 21st January 2026, 3:20 pm

കോഴിക്കോട്: മതപരമായ പരാമര്‍ശങ്ങളിലെ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. താന്‍ സ്വന്തം മതത്തെ കുറിച്ചാണ് സംസാരിച്ചതെന്ന് കെ.എം. ഷാജി പറയുന്നു. ആ പരാമര്‍ശങ്ങളൊന്നും വെള്ളാപ്പള്ളി നടേശനും എ.കെ. ബാലനും സജി ചെറിയാനും പറഞ്ഞ അപരമത വിദ്വേഷവും മതവെറിയുമല്ലെന്നും ഷാജി ഫേസ്ബുക്കില്‍ എഴുതി.

സി.പി.ഐ.എമ്മും ബി.ജെ.പിയും രാഷ്ട്രീയം വിട്ട് മതത്തില്‍ കുതിര കയറാന്‍ വന്നപ്പോളാണ് താന്‍ മതം പറഞ്ഞതെന്നും അത് പലപ്പോഴും പറയേണ്ടി വന്നിട്ടുണ്ടെന്നും കെ.എം. ഷാജി പ്രതികരിച്ചു.

‘ഷാജി മതം പറഞ്ഞുവെന്നാണ് ഇപ്പോള്‍ സി.പി.ഐ.എം സൈബര്‍ പോരാളികളും നേതാക്കളും പറഞ്ഞുപരത്താന്‍ ശ്രമിക്കുന്നത്. കെ.എം. ഷാജി മതം പറഞ്ഞിട്ടുണ്ട്. അത് സ്വന്തം മതത്തെകുറിച്ചാണ്. വെള്ളാപ്പള്ളിയും ബാലനും സജി ചെറിയാനും പറഞ്ഞ അപരമത വിദ്വേഷവും മതവെറിയുമല്ല അത്! എന്റെ പ്രസംഗത്തിലെ ‘മതമാണ് പ്രശ്‌നം’ എന്ന വാചകം ഉപയോഗിച്ച് എനിക്കെതിരെ പൊതുസമൂഹത്തിന്റെ മനസ് തിരിക്കാം എന്നാണ് സി.പി.ഐ.എം വ്യാമോഹിക്കുന്നത്,’ കെ.എം. ഷാജി എഴുതി.

തന്റെ പ്രസംഗം മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങള്‍ അപഹരിക്കുന്ന ഇടത് സര്‍ക്കാരിന് എതിരെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇതെല്ലാം ആരോടും സ്വകാര്യമായി പറഞ്ഞതല്ല. കോഴിക്കോട് കടപ്പുറത്ത്,
പതിനായിരക്കണക്കിന് പ്രവര്‍ത്തകരെയും നേതാക്കളെയും സാക്ഷി നിര്‍ത്തിക്കൊണ്ട്, നിരവധി ടെലിവിഷന്‍ ചാനലുകള്‍ ലൈവ് ടെലിക്കാസ്റ്റ് ചെയ്ത് കൊണ്ടിരിക്കെ, ലോകം മുഴുവന്‍ കേള്‍ക്കും എന്ന് ഉറപ്പിച്ചുകൊണ്ട് പറഞ്ഞതാണെന്നും കെ.എം. ഷാജി കൂട്ടിച്ചേര്‍ത്തു.

‘മതമല്ല മതമല്ല മതമല്ല പ്രശ്‌നം’ എന്ന് മുദ്രാവാക്യം വിളിച്ച്, ഭരണഘടന ഉറപ്പുതരുന്ന മതവിശ്വാസത്തിനും ആചാരങ്ങള്‍ക്കുമുള്ള അവകാശങ്ങള്‍ സി.പി.ഐ.എം ഇല്ലാതാക്കുമ്പോള്‍ അത് പറയുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

തങ്ങളുടെ വിശ്വാസത്തെ ഇല്ലാതാക്കുമ്പോള്‍ അത് നിങ്ങള്‍ക്ക് ഒരു പ്രശ്‌നം അല്ലായിരിക്കാം. പക്ഷെ, തങ്ങള്‍ക്കത് ഈ രാജ്യം കല്‍പ്പിച്ചു തന്ന അവകാശങ്ങള്‍ക്ക് നേരെയുള്ള അതിക്രമം തന്നെയാണെന്നും കെ.എം. ഷാജി പറഞ്ഞു.

വഖഫ് നിയമനങ്ങള്‍ അടക്കമുള്ള വിശ്വാസപരമായ വിഷയങ്ങളെ അധികാരത്തിന്റെ മുഷ്‌ക്കില്‍ നേരിട്ടപ്പോള്‍, വിശ്വാസികളെ തെരുവില്‍ അപഹസിച്ചപ്പോള്‍, ആ പ്രശ്‌നങ്ങള്‍ പറയേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഷാജി ആവര്‍ത്തിച്ചു. ഭരണഘടന നല്‍കിയ അവകാശങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കേ ഒരു മതവിഭാഗം അരികുവത്കരിക്കുന്നത് തങ്ങള്‍ക്ക് പ്രശ്‌നം തന്നെയാണെന്നും കെ.എം. ഷാജി പറഞ്ഞു.

ബി.ജെ.പിക്കും ഇപ്പോള്‍ ബി.ജെ.പിക്ക് പഠിക്കുന്ന സി.പി.ഐ.എമ്മിനും അതൊരു പ്രശ്‌നമല്ലായിരിക്കുമെന്നും വര്‍ഗീയമായ ഒരു സ്റ്റേറ്റ്‌മെന്റ് പറയേണ്ടി വരുന്ന സമയത്ത് താന്‍ ഈ പണി നിര്‍ത്തുമെന്നും കെ.എം. ഷാജി പറഞ്ഞു.

സി.പി.ഐ.എം കുറേകാലം തന്നെ ആര്‍.എസ്.എസ്സാക്കാന്‍ നോക്കി. ഇപ്പോള്‍ ഐ.എസ് ആക്കാനുള്ള ശ്രമത്തിലാണ്. അത് കൊണ്ടൊന്നും എ.കെ. ബാലനും സജി ചെറിയാനും പറഞ്ഞ ചീഞ്ഞ വര്‍ഗീയതയുടെ നാറ്റം പോവില്ല. അവര്‍ പച്ചക്ക് ഇസ്‌ലാമോഫോബിയ പറയുകയാണ്. ബി.ജെ.പി ക്ക് ബദലാവാന്‍ നിങ്ങള്‍ വലിച്ചുവാരി ദേഹത്ത് തേച്ച മാലിന്യം മറ്റുള്ളവരുടെ കുപ്പായത്തില്‍ കൂടി തേച്ചാല്‍ അത് അത്തര്‍ ആവില്ലെന്നും കെ.എം. ഷാജി പറഞ്ഞു.

Content Highlight: K.M. Shaji responds to criticism of religious references

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.