മൂത്ത് നരച്ച് ബുദ്ധി കുറഞ്ഞ് തുടങ്ങിയ ഒരു കമ്മ്യൂണിസ്റ്റുകാരന്‍; എ.കെ. ബാലനെ അധിക്ഷേപിച്ച് കെ.എം. ഷാജി
Kerala
മൂത്ത് നരച്ച് ബുദ്ധി കുറഞ്ഞ് തുടങ്ങിയ ഒരു കമ്മ്യൂണിസ്റ്റുകാരന്‍; എ.കെ. ബാലനെ അധിക്ഷേപിച്ച് കെ.എം. ഷാജി
രാഗേന്ദു. പി.ആര്‍
Saturday, 17th January 2026, 7:51 pm

കോഴിക്കോട്: മുന്‍ മന്ത്രിയും സി.പി.ഐ.എം മുതിര്‍ന്ന നേതാവുമായ എ.കെ. ബാലനെ അധിക്ഷേപിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി.

എ.കെ. ബാലന്‍ മൂത്ത് നരച്ച് ബുദ്ധി കുറഞ്ഞ് തുടങ്ങിയ ഒരു കമ്മ്യൂണിസ്റ്റുകാരനാണെന്നും അദ്ദേഹത്തിന് മര്യാദയ്ക്ക് പുരയില്‍ ഇരുന്ന് ഖുര്‍ആന്‍ വായിക്കാമെന്നുമാണ് കെ.എം. ഷാജിയുടെ പരാമര്‍ശം.

കെ.എം. ഷാജി

ബാലനും ജയിലില്‍ പോകാന്‍ തയ്യാറാണെന്നാണ് പറയുന്നത്. നാട്ടില്‍ നില്‍ക്കുന്നതിനേക്കാള്‍ വരുമാനം ജയിലിലാണ്. ജയിലിലുള്ള സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജയില്‍ വേതനം വര്‍ധിപ്പിച്ചതെന്നും കെ.എം. ഷാജി പറഞ്ഞു.

വീട്ടിലിരുന്ന് മര്യാദയ്ക്ക് ഖുര്‍ആന്‍ വായിച്ചാല്‍ ജയിലില്‍ പോകാതിരിക്കാമെന്നും കെ.എം. ഷാജി കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ, യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം വഹിക്കുമെന്നും മാറാട് കലാപങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും എ.കെ. ബാലന്‍ പറഞ്ഞിരുന്നു.

എ.കെ. ബാലന്‍

ഇതിനെതിരെ ജമാഅത്തെ ഇസ്‌ലാമിയും യു.ഡി.എഫും രംഗത്തെത്തിയിരുന്നു. എ.കെ. ബാലനെതിരെ ജമാഅത്തെ മാനനഷ്ടക്കേസും നല്‍കിയിരുന്നു.

പിന്നാലെ ജയിലില്‍ പോകേണ്ടി വന്നാല്‍ ആദ്യം ഖുര്‍ആന്‍ വായിച്ചു തീര്‍ക്കുമെന്നും തന്റെ കൈയില്‍ നിന്ന് പത്ത് പൈസ കിട്ടുമെന്ന് വിചാരിച്ച് ജമാമത്തെ ഇസ്‌ലാമി കേസ് കൊടുക്കേണ്ടെന്നും ബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

എ.കെ. ബാലന്റെ പരാമര്‍ശത്തിനെതിരെ കെ.എം. ഷാജി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. എ.കെ. ബാലന്‍ കേരളത്തിലെ മതേതര സമൂഹത്തിന് മുന്നില്‍ ആഭാസ നൃത്തം ചവിട്ടുകയാണെന്നായിരുന്നു വിമര്‍ശനം. ബാലന്‍ വിധേയന്‍ സിനിമയിലെ ‘തൊമ്മി’യാണെന്നും ഷാജി പറഞ്ഞിരുന്നു.

കാറ്റത്ത് മുണ്ടുപൊങ്ങിപോകുമ്പോള്‍ അടിയിലെ കവി കളസം തങ്ങള്‍ ഒരുപാട് കണ്ടിട്ടുള്ളതാണെന്നും ഇപ്പോള്‍ ഒരു ഉളുപ്പുമില്ലാതെ എ.കെ. ബാലന്‍ ആ മുണ്ട് തലയില്‍ ചുറ്റിയെന്നും പരാമര്‍ശമുണ്ടായിരുന്നു.

Content Highlight: K.M. Shaji insults A.K. Balan

 

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.