തമിഴ് സിനിമതാരം സൂര്യയുടെ അഗരം ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് മുന്‍ ആരോഗ്യ മന്ത്രിയും മട്ടന്നൂര്‍ എം.എല്‍.എയുമായ കെ.കെ. ശൈലജ ടീച്ചര്‍. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നല്‍കുന്നത് മാതൃകാപരമാണെന്നായിരുന്നു ടീച്ചറുടെ അഭിനന്ദനം.
ഫൗണ്ടേഷന്റെ 15ാം വാര്‍ഷികത്തോട് അനുബന്ധിച്ച് അഗരത്തിലൂടെ വിദ്യാഭ്യാസം നേടി ജോലി കണ്ടെത്തിയ വിദ്യാര്‍ത്ഥികളെ ആദരിച്ചിരുന്നു. ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ അനുഭവം പങ്കുവെച്ചപ്പോള്‍ വേദിയില്‍ ഉണ്ടായിരുന്ന സൂര്യ വളരെ വൈകാരികമായായിരുന്നു പ്രതികരിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതിന് പിന്നാലെ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശൈലജ ടീച്ചറുടെ അഭിനന്ദനം.
സാമ്പത്തിക പരാധീനതകള്‍ കാരണം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്ന വലിയൊരു ശതമാനം വിദ്യാര്‍ഥികള്‍ ഇന്ത്യയിലുണ്ടെന്ന് പോസ്റ്റില്‍ പറഞ്ഞു. 160 സീറ്റില്‍ ആരംഭിച്ച അഗരം ഇന്ന് 6000 വിദ്യാര്‍ഥികള്‍ക്ക് വിദ്യയുടെ വെളിച്ചം പകരുന്നുവെന്നും ടീച്ചറുടെ പോസ്റ്റിലുണ്ട്. പുരോഗമനോന്മുഖമായൊരു സമൂഹത്തിന്റെ അടിത്തറയും സമ്പത്തുമാണ് വിദ്യാസമ്പന്നരായൊരു തലമുറയെന്നും ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനായി തമിഴ് സിനിമാ താരം സൂര്യയുടെ നേതൃത്വത്തില്‍ ആരംഭിച്ച അഗരം ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹവും മാതൃകാപരവുമാണ്.
സാമ്പത്തിക പരാധീനതകള്‍ കാരണം പഠനം പാതിവഴിയിലുപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒരു വലിയ ശതമാനമാണ് ഇന്ത്യയില്‍. ഇത്തരക്കാരെ കണ്ടെത്തി വിദ്യാഭ്യാസം നല്‍കുന്നതിനായി 2006 ആരംഭിച്ച അഗരം ഫൗണ്ടേഷനിലൂടെ പഠനം പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയവരില്‍ 51 പേര്‍ ഡോക്ടര്‍മാരാണ്. 51 പേരും തമിഴ്നാട്ടിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നും ആദ്യമായി ഉന്നത വിദ്യാഭ്യാസം നേടിയവര്‍. ആയിരത്തി എണ്ണൂറോളം പേര്‍ എഞ്ചിനീയര്‍മാരാണ്. 160 സീറ്റില്‍ ആരംഭിച്ച അഗരം ഇന്ന് 6000 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യയുടെ വെളിച്ചം പകരുന്നു.