കൊവിഡ് റാണി, കൊറോണ കള്ളി; കെ.കെ. ശൈലജക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങള്‍ തള്ളി മുല്ലപ്പള്ളി രാമചന്ദ്രന്‍
Kerala News
കൊവിഡ് റാണി, കൊറോണ കള്ളി; കെ.കെ. ശൈലജക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങള്‍ തള്ളി മുല്ലപ്പള്ളി രാമചന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st March 2024, 7:44 pm

തിരുവനന്തപുരം: വടകര മണ്ഡലത്തിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയും എം.എല്‍.എയുമായ കെ.കെ. ശൈലജക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളും തള്ളി കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒരു സ്ഥാനാര്‍ത്ഥിക്കെതിരെയും മോശമായ രീതിയില്‍ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാവരുതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

സൈബര്‍ പടയാളികളെ വെച്ചുകൊണ്ട് ആരെയും ആക്രമിക്കുക എന്നത് ശരിയായ കാര്യമല്ലെന്നും അത് യഥാര്‍ത്ഥ ജനാധിപധ്യ രീതിയല്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. സൈബര്‍ ആക്രമണത്തിന് രാഷ്ട്രീയ മാന്യതയില്ലെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരിക്കലും ഇത് അംഗീകരിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

‘സൈബര്‍ ആക്രമണത്തിന്റെ വലിയ ഇരയാണ് ഞാന്‍. പക്ഷെ ആ ആക്രണങ്ങളെ എല്ലാം ഞാന്‍ ഗൗരവമായി കാണാതെ തള്ളിക്കളഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ എനിക്ക് ഒരു പ്രശ്നമല്ല. എന്നാല്‍ എല്ലാവര്‍ക്കും ഇതൊന്നും സഹിക്കാന്‍ കഴിയില്ല,’ എന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊറോണ കള്ളിയെന്ന പരാമര്‍ശം തെറ്റാണെന്നും കൊവിഡ് കാലത്ത് കെ.കെ. ശൈലജ നടത്തിയ അഴിമതി പുറത്തുകൊണ്ടുവന്നത് മാധ്യമങ്ങള്‍ ആണെന്നും മുല്ലപ്പള്ളി പറഞ്ഞു. അഴിമതി പുറത്തുകൊണ്ടുവന്നതില്‍ തനിക്കും കോണ്‍ഗ്രസിനും പങ്കില്ല. കൃത്യമായ തെളിവുകള്‍ നിരത്തിക്കൊണ്ടാണ് മാധ്യമങ്ങള്‍ അഴിമതി വെളിപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ അത് സമൂഹത്തിനോട് തുറന്ന് പറയാനുള്ള ധൈര്യവും രാഷ്ട്രീയ ആര്‍ജ്ജവുമാണ് കെ.കെ. ശൈലജ കാണിക്കേണ്ടതെന്നും മുല്ലപ്പളി പറഞ്ഞു.

എന്നാല്‍ കെ.കെ. ശൈലജയെ തലസ്ഥാനത്ത് നടന്ന സമരത്തിനിടെ കൊവിഡ് റാണിയെന്ന് വിളിച്ച് അധിക്ഷേപിച്ചത് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കൂടിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ ആണ്. അതേ അധിക്ഷേപ പരാമര്‍ശങ്ങളാണ് നിലവില്‍ ശൈലജക്കെതിരെ ഉപയോഗിക്കുന്നതും.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കെ.കെ. ശൈലജക്കെതിരെ വ്യക്തിപരമായ അധിക്ഷേപവും വ്യാജ വാര്‍ത്തകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ‘പാലത്തായിയിലെ കുഞ്ഞിനെ ആക്രമിച്ച സംഘിയെ സംരക്ഷിച്ചത് ശൈലജയും സംഘി ജയരാജനുമാണ്,’ എന്നതടക്കമുള്ളതായിരുന്നു വ്യാജ വാര്‍ത്തകള്‍.

Content Highlight: K.K. Mullapally Ramachandran rejects cyber abuse against Shailaja