കിരാന ഹില്‍സ് അക്രമിച്ചിട്ടില്ലെന്ന് സൈന്യം; അണുവികിരണം പഠിക്കാന്‍ അമേരിക്കന്‍ സായിപ്പ് പെട്ടിയുമായി പുറപ്പെട്ടെന്ന് മിത്രങ്ങളും: കെ.ജെ. ജേക്കബ്
Kerala News
കിരാന ഹില്‍സ് അക്രമിച്ചിട്ടില്ലെന്ന് സൈന്യം; അണുവികിരണം പഠിക്കാന്‍ അമേരിക്കന്‍ സായിപ്പ് പെട്ടിയുമായി പുറപ്പെട്ടെന്ന് മിത്രങ്ങളും: കെ.ജെ. ജേക്കബ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th May 2025, 6:47 pm

കോഴിക്കോട്: ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ സംഘപരിവാര്‍ നടത്തിയ വ്യാജ പ്രചരണങ്ങളില്‍ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ. ജേക്കബ്. പാകിസ്ഥാന്റെ ആണവായുധ കേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യന്‍ സൈന്യം തകര്‍ത്തെന്ന പ്രചാരണത്തിലുള്‍പ്പടെയാണ് കെ.ജെ. ജേക്കബ് വിമര്‍ശനം ഉയര്‍ത്തിയത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് കെ.ജെ. ജേക്കബിന്റെ വിമര്‍ശനം.

ഇന്ന് (തിങ്കള്‍) സൈന്യം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, ഇന്ത്യ കിരാന ഹില്‍സില്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് വ്യോമസേനയുടെ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ പ്രതികരിച്ചതായും കെ.ജെ. ജേക്കബ് പറഞ്ഞു. കിരാന ഹില്‍സില്‍ അണുവായുധമുള്ള കാര്യം പോലും തങ്ങള്‍ക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞതായും കെ.ജെ. ജേക്കബ് ചൂണ്ടിക്കാട്ടി.

നെഹ്റുവിനെയും പ്രതിപക്ഷ നേതാക്കളെയും പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മനുഷ്യരുടെ ഭാര്യമാരെയും തുടങ്ങി ഫോറിന്‍ സെക്രട്ടറിയേയും പറ്റിയൊക്കെ കഥകളുണ്ടാക്കുന്ന അതേ ലാഘവത്തില്‍ ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് കഥകളുണ്ടാക്കുന്ന മിത്രങ്ങള്‍ പൊടിക്കടങ്ങണമെന്നും കെ.ജെ. ജേക്കബ് കുറിച്ചു.

ഇന്ത്യന്‍ ആക്രമണത്തില്‍ പാകിസ്ഥാന്റെ ആണവായുധ കേന്ദ്രമായ കിരാന ഹില്‍സ് തകര്‍ന്നുവെന്നും അവിടെയുണ്ടായിരുന്ന ആണുവായുധങ്ങളെല്ലാം നിര്‍വീര്യമാക്കിയെന്നും ചിലതൊക്കെ പൊട്ടിയെന്നും അവിടെ ഭൂമി കുലുക്കമുണ്ടായെന്നും അവിടെയുണ്ടായ അണുവികിരണം പഠിക്കാന്‍ അമേരിക്കന്‍ സായിപ്പ് പെട്ടിയുമായി പുറപ്പെട്ടിട്ടുണ്ടെന്നും എന്നതടക്കമുള്ള വടക്കന്‍ പാട്ട് കഥകള്‍ പാടി മിത്രപാണന്മാര്‍ മെഴുകി നടക്കുകയാണെന്നും കെ.ജെ. ജേക്കബ് ചൂണ്ടിക്കാട്ടി.

എന്നാല്‍ ഉത്തരവാദിത്തമുള്ള ഒരു സൈന്യം പ്രവർത്തിക്കേണ്ട രീതിയിലാണ് ഇന്ത്യന്‍ സൈന്യം പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. ഒരു ന്യൂക്ലിയര്‍ ഫെസിലിറ്റിയില്‍ ബോംബിടാന്‍ മാത്രം ഉത്തരവാദിത്തരഹിതമായി ഇന്ത്യ പ്രവര്‍ത്തിക്കില്ല എന്നെങ്കിലും മിത്രങ്ങള്‍ ഓര്‍ക്കണമെന്നും കെ.ജെ. ജേക്കബ് പറഞ്ഞു.

2014ല്‍ ഉണ്ടായതല്ല ഈ രാജ്യമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വെറുതെ ഓരോന്ന് പറഞ്ഞുനടന്ന് നാടിനെ നാറ്റിക്കരുതെന്നും ഇത് നിങ്ങളുടെയും കൂടി നാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പാകിസ്ഥാനിലെ കിരാന ഹില്‍സിലെ ആണവകേന്ദ്രം ഇന്ത്യന്‍ സായുധ സേന ലക്ഷ്യമിട്ടിട്ടില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് എയര്‍ ഓപ്പറേഷന്‍സ് എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതിയാണ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

കിരാന കുന്നുകള്‍ക്ക് താഴെയുള്ള ഭൂഗര്‍ഭ ആണവകേന്ദ്രവുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന സര്‍ഗോധയിലെ മുഷഫ് വ്യോമത്താവളം ഇന്ത്യ ആക്രമിച്ചുവെന്ന വ്യാജ പ്രചരണങ്ങള്‍ക്കിടെയിലാണ് സൈന്യത്തിന്റെ പ്രതികരണം.

Content Highlight: K.J. Jacob responds to the false propaganda carried out by the SanghParivar during the India-Pakistan conflict