ഹിജാബ് മതപരമായി അനിവാര്യമാണോ അല്ലയോ എന്നതിലേക്ക് കടക്കേണ്ട ആവശ്യമേയില്ല; ഹൈക്കോടതി തെറ്റായ ദിശയിലൂടെയാണ് വിഷയത്തെ സമീപിച്ചത്: ജസ്റ്റിസ് സുധാന്‍ശു ധൂലിയ
national news
ഹിജാബ് മതപരമായി അനിവാര്യമാണോ അല്ലയോ എന്നതിലേക്ക് കടക്കേണ്ട ആവശ്യമേയില്ല; ഹൈക്കോടതി തെറ്റായ ദിശയിലൂടെയാണ് വിഷയത്തെ സമീപിച്ചത്: ജസ്റ്റിസ് സുധാന്‍ശു ധൂലിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th October 2022, 8:38 pm

ന്യൂദല്‍ഹി: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ സംഭവത്തിന്മേലുള്ള കേസുകള്‍ സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടിരിക്കുകയാണ്.

കേസ് പരിഗണിച്ച ബെഞ്ചിലെ ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്തയും സുധാന്‍ശു ധൂലിയയും ഭിന്ന വിധികള്‍ പുറപ്പെടുവിച്ചതിനെ തുടര്‍ന്നായിരുന്നു കേസ് വിശാലബെഞ്ചിന് വിട്ടത്.

വിശാല ബെഞ്ചിനെ ചീഫ് ജസ്റ്റിസ് ആയിരിക്കും തീരുമാനിക്കുക.

ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തെ ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള അപ്പീലുകള്‍ ജസ്റ്റിസ് ഗുപ്ത തള്ളിയപ്പോള്‍ ജസ്റ്റിസ് ധൂലിയ ഹൈക്കോടതി വിധി റദ്ദാക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

ഹിജാബ് മതപരമായി അനിവാര്യമാണോ അല്ലയോ എന്ന വിഷയത്തിലേക്ക് (essential religious practice) കടക്കേണ്ട ആവശ്യമില്ലെന്നും തെറ്റായ ദിശയിലൂടെയാണ് കര്‍ണാടക കോടതി ഈ വിഷയത്തെ സമീപിച്ചതെന്നുമാണ് ജസ്റ്റിസ് ധൂലിയ തന്റെ വിധിയില്‍ പറഞ്ഞത്.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും ഭാവിയുമാണ് ഏറ്റവും പ്രാധാന്യമേറിയ, പരിഗണനയര്‍ഹിക്കേണ്ട വിഷയമെന്നും ഇതൊരു വ്യക്തിയുടെ ചോയ്സിന്റെ വിഷയമാണെന്നുമാണ് സുധാന്‍ഷു ധൂലിയയുടെ നിരീക്ഷണം.

(Venturing into essential religious practice was not needed and the court took a wrong way. It was just a question of choice).

ഹിജാബ് വിഷയത്തില്‍ തനിക്ക് വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളതെന്നും കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ അനുവദിക്കുകയാണെന്നും ജസ്റ്റിസ് സുധാന്‍ശു ധൂലിയ പറഞ്ഞു.

”ഇത് (ഹിജാബ് ധരിക്കുന്നത്) ആത്യന്തികമായി വ്യക്തിപരമായ തെരഞ്ഞെടുപ്പിന്റെ വിഷയമാണ്,” അദ്ദേഹം പറഞ്ഞു.

അതേസമയം, 2021 ഡിസംബര്‍ 27നായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. ഉഡുപ്പി സര്‍ക്കാര്‍ പി.യു കോളജില്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ എത്തിയ വിദ്യാര്‍ത്ഥിനികളെ ഒരു സംഘം തടഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്നുള്ള ദിവസങ്ങളിലും ഹിജാബ് ധരിച്ച് എത്തിയ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറ്റിയില്ല. ഇതോടെ 2022 ജനുവരി ഒന്നിന് വിദ്യാര്‍ത്ഥികള്‍ പരസ്യ പ്രതിഷേധത്തിലേക്ക് കടന്നു.

ജനുവരി മൂന്നിന് ചിക്മംഗ്ലൂരു സര്‍ക്കാര്‍ കോളജിലും ഹിജാബ് ധരിച്ച് എത്തിയവരെ പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. ഇതോടെ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാക്കുകയായിരുന്നു.

പ്രതിഷേധങ്ങള്‍ കനത്തതോടെ സംഘപരിവാര്‍ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ കാവി ഷാള്‍ ധരിച്ച് കോളേജുകളിലെത്തിയിരുന്നു.

ജനുവരി 14ന് ഹിജാബ് വിഷയം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് അനുവദിക്കേണ്ടെന്ന് ഈ സമിതി സര്‍ക്കാരിന് ശിപാര്‍ശ ചെയ്തു.

ഫെബ്രുവരി അഞ്ചിന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാചാര വസ്ത്രങ്ങള്‍ നിരോധിച്ചുകൊണ്ട് കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിന് മുന്‍പ് ജനുവരി 31ന് ഹിജാബ് വിഷയത്തില്‍ ഉഡുപ്പിയിലെ ആറ് വിദ്യാര്‍ത്ഥിനികള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസ് വിശാല ബെഞ്ചിന് കൈമാറി. അന്തിമ ഉത്തരവ് വരുന്നതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുള്ള നടപടി തുടരാന്‍ ഹൈക്കോടതി വിശാല ബെഞ്ച് നിര്‍ദേശിച്ചു.

കേസില്‍ 11 ദിവസം വാദം നീണ്ടുനിന്നു. മാര്‍ച്ച് 15ന് ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ് ഇറക്കി. വിധിക്ക് എതിരെ നിരവധി സംഘടനകള്‍ സുപ്രിംകോടതിയെ സമീപിച്ചു. സെപ്റ്റംബര്‍ അഞ്ചിന് സുപ്രിംകോടതി ഹരജികള്‍ പരിഗണിച്ചു. 10 ദിവസം നീണ്ട വാദംകേള്‍ക്കലിനൊടുവില്‍ വിധി പറയാന്‍ മാറ്റിവെച്ച കേസാണ് ഇപ്പോള്‍ വിശാലബെഞ്ചിന് കൈമാറിയിരിക്കുന്നത്.

Content Highlight: Justice Sudhanshu Dhulia’s comments on Hijab case