ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍; മൂന്നു കൊലപാതകങ്ങളില്‍ പൊലീസിന് പങ്ക്, 14 കൊലപാതകങ്ങളെ ന്യായീകരിച്ച് ബേദി കമ്മീഷന്‍
national news
ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍; മൂന്നു കൊലപാതകങ്ങളില്‍ പൊലീസിന് പങ്ക്, 14 കൊലപാതകങ്ങളെ ന്യായീകരിച്ച് ബേദി കമ്മീഷന്‍
ന്യൂസ് ഡെസ്‌ക്
Saturday, 12th January 2019, 11:29 am

ന്യൂദല്‍ഹി: ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ ആരോപണങ്ങളെ തള്ളി സുപ്രീംകോടതി നിയോഗിച്ച എച്ച്.എസ് ബേദി കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ട്. 17 ഏറ്റുമുട്ടലുകളില്‍ മൂന്നെണ്ണം വ്യാജമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കാസിം ജാഫര്‍, സമീര്‍ഖാന്‍, ഹാജി ഹാജി ഇസ്മാഈല്‍ എന്നിവരെയാണ് വ്യാജ ഏറ്റുമുട്ടലില്‍ കൊന്നത് എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ ബാക്കി 14 എണ്ണത്തിലും ഗുജറാത്ത് പൊലീസ് കുറ്റക്കാരല്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ കേസുകളില്‍ പൊലീസിനെതിരെ നടപടിയുടെ ആവശ്യമില്ലെന്നും സമിതി വ്യക്തമാക്കുന്നു. അതേസമയം, മൂന്നുപേരെ കൊന്നതില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വരെയുള്ള ഒമ്പതു പൊലീസുകാര്‍ കൊലപാതകക്കുറ്റത്തിന് വിചാരണ നേരിടണമെന്നും നിര്‍ദേശമുണ്ട്.


2002 മുതല്‍ 2006 വരെ ഗുജറാത്തില്‍ നടന്ന 17 ഏറ്റുമുട്ടലുകളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കാനാണ് സുപ്രീം കോടതി മുന്‍ ജഡ്ജി എച്ച്.എസ് ബേദിയുടെ അധ്യക്ഷതയില്‍ സമിതി രൂപീകരിച്ചത്. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നിരീക്ഷണ സമിതി അധ്യക്ഷന് മുമ്പാകെ സമര്‍പ്പിച്ചു.

മുസ്‌ലിംങ്ങളെ തെരഞ്ഞുപിടിച്ച് കൊന്നതില്‍ സംസ്ഥാന സര്‍ക്കാറിന് പങ്കുണ്ടെന്നും മുസ്‌ലിംങ്ങളെ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലണമെന്ന് അധികൃതര്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയെന്നുമുള്ള ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി ശ്രീകുമാറിന്റെ ആരോപണങ്ങളേയും റിപ്പോര്‍ട്ട് തള്ളുന്നുണ്ട്.

ബേദി കമ്മിറ്റി റിപ്പോര്‍ട്ട് കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ സീല്‍ ചെയ്ത് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ കോപ്പി ഗുജറാത്ത് ഏറ്റുമുട്ടലുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ബി.ജി വര്‍ഗീസിനും ഗാനരചയിതാവ് ജാവേദ് അക്തറിനും നല്‍കാന്‍ ഈ ആഴ്ചയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉത്തരവിട്ടത്. 2007ലാണ് വര്‍ഗീസും അക്തറും സുപ്രീംകോടതിയില്‍ വ്യത്യസ്ത ഹരജികള്‍ സമര്‍പ്പിച്ചത്.

ഗോദ്ര സംഭവം നടക്കുമ്പോള്‍ ഗുജറാത്തിലെ എ.ഡി.ജി.പിയായിരുന്ന ശ്രീകുമാര്‍, 2002ലെ കലാപ കാലത്ത് ഇന്റലിജന്‍സ് ഡി.ജി.പിയായിരുന്നു. ഏറ്റുമുട്ടല്‍ അന്വേഷിച്ച കമ്മിറ്റിക്ക് മുമ്പാകെ രണ്ട് നിവേദനങ്ങളാണ് അദ്ദേഹം സമര്‍പ്പിച്ചത്. കൂടാതെ എറ്റുമുട്ടലിനെതിരെ മൊഴി കൊടുക്കുകയും ചെയ്തിരുന്നു.


മുസ്‌ലിംങ്ങളെ തെരഞ്ഞുപിടിച്ച് കൊല്ലാനുള്ള നിര്‍ദേശത്തെ അനുസരിക്കാത്തതുകൊണ്ടാണ് ഡി.ജി.പിയായുള്ള സ്ഥാനക്കയറ്റം തനിക്ക് ലഭിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുന്‍ ഗുജറാത്ത് ഡി.ഐ.ജി ഡി.ജി വന്‍സാരയുടെ രാജിക്കത്തിലും പൊലീസ് ഏറ്റുമുട്ടലുകളെ കുറച്ച് പരാമര്‍ശങ്ങളുണ്ടെന്നും ശ്രീകുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ശ്രീകുമാറിന്റെ വാദങ്ങളെ ന്യായീകരിക്കുന്ന തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ശ്രീകുമാര്‍ നല്‍കിയ നിവേദനങ്ങളിലും മൊഴികളിലും പറയുന്ന കാര്യങ്ങള്‍ പൊതുവായി പറയുന്നവയാണെന്നും മുസ്‌ലീംങ്ങളെ തെരഞ്ഞെുപിടിച്ച് ഇല്ലാതാക്കിയെന്ന ആരോപണങ്ങള്‍ രേഖാമൂലം തെളിയിക്കാനായിട്ടില്ലെന്നും 229 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

17 ഏറ്റുമുട്ടലുകളിലെ ഇരകള്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാര്‍, കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വിവിധ സമുദായത്തില്‍ നിന്നുള്ളവരാണ്. ഇവരിലെ പൊതുഘടകം തീവ്രതയിലുളള കുറ്റകൃത്യ പശ്ചാത്തലാമാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.