ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് കടന്നുവന്ന വ്യക്തിയാണ് ജൂഡ് ആന്തണി ജോസഫ്. പിന്നെ മുത്തശ്ശി ഗദ, സാറാസ്, 2018 എന്നീ സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോൾ പ്രൊഡ്യൂസർമാരെ വെള്ളം കുടിപ്പിക്കുന്ന താരങ്ങളുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ജൂഡ് ആന്തണി ജോസഫ്.
പൈസ മുടക്കുന്ന ആൾക്ക് ഒരുവിലയും കൊടുക്കാത്ത നടന്മാരുണ്ടെന്നും അവർ വിളിച്ചാൽ ഫോണെടുക്കില്ലെന്നും ജൂഡ് ആന്തണി പറയുന്നു.
സെറ്റിലേക്ക് അവർ സമയത്തിന് വരില്ലെന്നും അഭിനയിക്കില്ലെന്നും ആദ്യം പറഞ്ഞ പ്രതിഫലം പിന്നീട് മാറ്റിപ്പറയുമെന്നും ജൂഡ് ആന്തണി പറഞ്ഞു. ഇവർക്കെതിരെ ആരും തുറന്ന് പറയില്ലെന്നും പരാതിപ്പെട്ടാൽ നടപടികളെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുറന്നു പറഞ്ഞാൽ മാത്രമാണ് ചില കാര്യങ്ങളിൽ തിരിച്ചറിവ് ഉണ്ടാകുകയുള്ളുവെന്നും തൻ്റെ തുറന്ന് പറച്ചിലുകൾകൊണ്ട് ഒരുപാട് ചീത്തവിളി കേട്ടിട്ടുണ്ടാകുമെന്നും സാരമില്ലെന്നും അദ്ദേഹം പറഞ്ഞു. വനിതയോട് സംസാരിക്കുകയായിരുന്നു ജൂഡ് ആന്തണി ജോസഫ്.
‘എന്താണ് സംശയം. പൈസ മുടക്കുന്ന ആൾക്ക് ഒരുവിലയും കൊടുക്കാത്ത ആക്ടേഴ്സ് ഉണ്ട്, വിരലിലെണ്ണാവുന്നവർ മാത്രം. വിളിച്ചാൽ ഫോണെടുക്കില്ല. സെറ്റിൽ സമയത്തിന് വരില്ല. സീനിൽ പറഞ്ഞതുപോലെ അഭിനയിക്കില്ല. ആദ്യം പറഞ്ഞ പ്രതിഫലം പിന്നീടു മാറ്റി പറയും.
ഒരു സുപ്രഭാതത്തിൽ സിനിമയിൽ നിന്നു മാറും. ഇവർക്കെതിരെ ആരും തുറന്നുപറയില്ല. പരാതിപ്പെട്ടാൽ തന്നെ നടപടികളെടുക്കില്ല. എല്ലാം ഒത്തുതീർക്കലുകളാണ്. പിന്നെയും ഇവർക്ക് പിന്നാലെ പ്രൊഡ്യൂസർമാർ പെട്ടിയും തൂക്കി പോവും. പിന്നെ, എങ്ങനെ തെറ്റു തിരിച്ചറിയും?
തുറന്നു പറഞ്ഞാലേ ചില കാര്യങ്ങളിൽ തിരിച്ചറിവുണ്ടാവു. അടുത്ത പ്രാവശ്യം അതേ തെറ്റു ചെയ്യാൻ തുടങ്ങുമ്പോൾ ഇമേജിനെ ബാധിക്കുമല്ലോ എന്ന് അവർ ഒന്നാലോചിക്കും. എൻ്റെ തുറന്നു പറച്ചിലുകൾ കൊണ്ട് ഞാൻ കുറേ ചീത്ത വിളികേട്ടിട്ടുണ്ടാവും. സാരമില്ല. ഇനി ഒരു പ്രൊഡ്യൂസർ വെള്ളം കുടിക്കില്ലല്ലോ,’ ജൂഡ് ആന്തണി ജോസഫ്
Content Highlight: Jude Anthany Joseph Talking about Malayalam Actors