വിവാഹം ലവ് ജിഹാദല്ല; ഷെജിന്‍ മകളുടെ കൈയില്‍ നിന്ന് ഒരു ലക്ഷം രൂപയോളം കൈപ്പറ്റി: ജോയ്സനയുടെ പിതാവ്
Kerala News
വിവാഹം ലവ് ജിഹാദല്ല; ഷെജിന്‍ മകളുടെ കൈയില്‍ നിന്ന് ഒരു ലക്ഷം രൂപയോളം കൈപ്പറ്റി: ജോയ്സനയുടെ പിതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th April 2022, 3:25 pm

കോഴിക്കോട്: കോടഞ്ചേരിയിലെ ജോയ്സനയും ഷെജിനും തമ്മില്‍ നടന്ന വിവാഹം ലവ് ജിഹാദല്ലെന്ന് ജോയ്സനയുടെ പിതാവ് ജോസഫ്. മകളെ കെണിയില്‍പ്പെടുത്തിയതാണ്. ഇങ്ങനെയൊരു ബന്ധമുണ്ടെങ്കില്‍ അവള്‍ക്ക് അത് തുറന്നുപറയാനുള്ള സ്വാതന്ത്ര്യം വീട്ടിലുണ്ടെന്നും ജോസഫ് പറഞ്ഞു.

ഒരിക്കലും മകള്‍ ഇക്കാര്യം തങ്ങളോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

മകളെ കെണിയില്‍ പെടുത്തിയതാണെന്നും അവളെ കണ്ട് സംസാരിക്കാനുള്ള ശ്രമങ്ങളിലാണെന്നും ജോസഫ് വിശദീകരിച്ചു.

‘മകളുടെ വിവാഹം ലവ് ജിഹാദാണെന്ന് പലരും പറയുന്നു. ഇത് തന്റെ മറ്റുമക്കളുടെ ഭാവിയെ പോലും ബാധിക്കുന്ന കാര്യമാണ്. ജോയ്‌സന വിദേശത്ത് നഴ്സായി ജോലി ചെയ്യുകയായിരുന്നു. ആ സമയത്ത് സാമൂഹ മാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. ഇതിനിടെ, ഷെജിന്‍ മകളുടെ കൈയില്‍നിന്ന് ഒരു ലക്ഷം രൂപയോളം കൈപ്പറ്റി,’ ജോസഫ് പറഞ്ഞു.

ജോയ്സനയുടെ സമ്മതപ്രകാരം മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹ നിശ്ചയത്തിന്റെ തലേ ദിവസം ഒരു സുഹൃത്തിന് ആധാര്‍ കാര്‍ഡ് അയച്ചുകൊടുക്കാനെന്ന് പറഞ്ഞാണ് മകള്‍ വീട്ടില്‍ നിന്ന് പോയത്. പിന്നീട് കോഴിക്കോട് വരെ ഒരു സുഹൃത്തിനെ കാണാന്‍ പോയെന്ന് പറഞ്ഞ് വീണ്ടും വിളിച്ചു. പിന്നീട് മകളുടെ ഫോണ്‍ ഓഫാവുകയായിരുന്നെന്നും ജോസഫ് പറഞ്ഞു.

മകള്‍ പൈസ കൊടുത്തത് വിവാഹം നിശ്ചയിച്ച യുവാവിന് അറിയാമായിരുന്നു. ചോദിച്ചപ്പോള്‍ പരിചയമുള്ള ആളാണ്, നേതാവാണ്, പൈസ തിരിച്ച് തരുമെന്നാണ് പറഞ്ഞത്. പിന്നീട് മകള്‍ വീട്ടില്‍ എത്തിയ ശേഷം പണം ചോദിച്ച് ഷെജിനെ വിളിച്ചിട്ടുണ്ട്. ഇത് തരാമെന്ന് പറഞ്ഞാണ് ഷെജിന്‍ മകളെ വണ്ടിയില്‍ കയറ്റി കൊണ്ട് പോയതെന്ന് സംശയിക്കുന്നു. പിന്നീട് മകളെ പറഞ്ഞ് മനംമാറ്റുകയായിരുന്നു അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, കോടഞ്ചേരിയിലെ പ്രണയ വിവാഹത്തെപ്പറ്റിയുള്ള വിവാദത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് ജോര്‍ജ് എം. തോമസ് പറഞ്ഞു. സംഭവത്തില്‍ ലവ് ജിഹാദല്ല, ഒരു സമുദായത്തെ വ്രണപ്പെടുത്തുന്ന സ്വഭാവമാണു കണ്ടത്. പറഞ്ഞതു തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും ജോര്‍ജ് പറഞ്ഞു.