എന്റെ സിനിമകളൊന്നും നെല്‍സണ്‍ കണ്ടിട്ടില്ല, ഫോട്ടോ കണ്ട് നിഷ്‌ക്കളങ്കത തോന്നിയത്രേ, അത് ഏത് ഫോട്ടോയാണെന്ന് മനസിലാകുന്നില്ല: ഷൈന്‍ ടോം ചാക്കോ
Movie Day
എന്റെ സിനിമകളൊന്നും നെല്‍സണ്‍ കണ്ടിട്ടില്ല, ഫോട്ടോ കണ്ട് നിഷ്‌ക്കളങ്കത തോന്നിയത്രേ, അത് ഏത് ഫോട്ടോയാണെന്ന് മനസിലാകുന്നില്ല: ഷൈന്‍ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th April 2022, 2:52 pm

വിജയ്‌യെ നായകനാക്കി സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാര്‍ ഒരുക്കിയ ബീസ്റ്റ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തെ നോക്കിക്കാണുന്നത്. മലയാള താരങ്ങളായ നടന്‍ ഷൈന്‍ ടോം ചാക്കോയും നടി അപര്‍ണ ദാസും ബീസ്റ്റില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ബീസ്റ്റില്‍ എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ. ബീസ്റ്റിലേക്ക് തന്നെ വിളിച്ചത് സംവിധായകന്‍ നെല്‍സണ്‍ ആണെന്നും എന്നാല്‍ തന്റെ സിനിമയൊന്നും കണ്ടിട്ടല്ല അദ്ദേഹം വിളിച്ചതെന്നും ഷൈന്‍ പറയുന്നു.

‘ പടം ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം. അത് ഏത് ഭാഷയിലാണെങ്കിലും നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റുക എന്നതാണ്. സണ്‍ പിക്‌ചേഴ്‌സിന്റെ ഒരു പ്രൊഡക്ഷനില്‍ നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രം. അതില്‍ വിജയ് സാര്‍ അഭിനയിക്കുന്നു എന്ന് പറഞ്ഞാല്‍ പിന്നെ ഞാനവിടെ ഒന്നും ചോദിക്കേണ്ട കാര്യമില്ലല്ലോ.

എന്റെ കഥാപാത്രം എന്താണെന്ന് ഞാന്‍ ചോദിച്ചു. പിന്നീട് നെല്‍സനെ പോയി കണ്ടു. അവര്‍ ഡീറ്റെയിലായി കഥാപാത്രത്തെ കുറിച്ച് പറഞ്ഞു തന്നു. നെല്‍സണ്‍ എന്റെ പടങ്ങളൊന്നും കണ്ടിട്ടില്ല. ഏതോ ഒരു ഫോട്ടോ അസിസ്റ്റന്റ് ഡയരക്ടര്‍ കാണിച്ചുകൊടുത്തു. അപ്പോള്‍ പുള്ളിക്ക് നിഷ്‌ക്കളങ്കനായ ഒരു പയ്യനാണെന്ന് തോന്നിയത്രേ. പക്ഷേ ആ ഫോട്ടോ ഏതാണെന്ന് പുള്ളി ഇതുവരെ പറഞ്ഞിട്ടില്ല(ചിരി). അത് ഏതായിരുന്നുവെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഇവിടെ കുറച്ചുപേര്‍ക്ക് കാണിച്ചുകൊടുക്കാമായിരുന്നു, ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

ശരിക്കും നിഷ്‌ക്കളങ്കനാണോ എന്ന അവതാരികയുടെ ചോദ്യത്തിന് ‘പിന്നേ ഞാന്‍ എത്ര നിഷ്‌ക്കളങ്കനാണ്, രാവിലെ തന്നെ രണ്ട് ബോട്ടില്‍ നിഷ്‌ക്കളങ്കത അടിച്ചിട്ടല്ലേ ഞാന്‍ വരിക’ എന്നായിരുന്നു ഷൈന്റെ കൗണ്ടര്‍.

വിജയ്‌ക്കൊപ്പമായിരുന്നു തന്റെ ആദ്യ രംഗമെന്നും ആ സീന്‍ എടുക്കുന്നതിന് തൊട്ടുമുന്‍പായി വിജയ് തന്റെ അടുത്ത് വന്ന് തന്നെ വലിയ രീതിയില്‍ രീതിയില്‍ കംഫര്‍ട്ട് ആക്കിയെന്നും ഷൈന്‍ ടോം ചാക്കോ അഭിമുഖത്തില്‍ പറഞ്ഞു. വിജയ്‌യെ പോലെ ഒരു മഹാനടനൊപ്പം തമിഴിലെ തന്റെ അരങ്ങേറ്റം നടത്താനായത് വലിയ ഭാഗ്യമാണെന്നും ഷൈന്‍ ടോം പറഞ്ഞു.

‘വിജയ് അഭിനയിക്കുന്ന ഒരു സെറ്റെന്ന് പറഞ്ഞാല്‍ അവിടെ ആളുകളുടെയും നാട്ടുകാരുടേയും ആരാധകരുടേയും വലിയ ബഹളമായിരിക്കും. എന്നാല്‍ അതിന്റെ എല്ലാം ഇടയില്‍ വളരെ കൂളായിട്ടാണ് മച്ചാന്‍ ഇരിക്കുക.

എന്റെ ആദ്യ ഷോട്ട് ഞാനൊരു ഗണ്ണൊക്കെ പിടിച്ച് ഇങ്ങനെ നില്‍ക്കുന്നതാണ്. എതിരെ മച്ചാനും ഗണ്‍ പിടിച്ച് നില്‍ക്കുന്നുണ്ട്. അപ്പോള്‍ മച്ചാന്‍ എന്റെ അടുത്ത് വന്നിട്ട് ചോദിച്ചു. ഇത് നിങ്ങളുടെ തമിഴിലെ ആദ്യ ചിത്രമല്ലേ എന്ന്. അതെയെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ ഇത് ഫസ്റ്റ് ഷോട്ടല്ലേ എന്ന് ചോദിച്ചു. അതെ എന്ന് പറഞ്ഞു.

സത്യത്തില്‍ ഇത് ഫസ്റ്റ് ഷോട്ട് ആണല്ലോയെന്ന് അപ്പോഴാണ് ഞാന്‍ ആലോചിക്കുന്നത്. അടുത്ത് നില്‍ക്കുന്നത് ആരാണ് വിജയ് സാര്‍. അദ്ദേഹം എന്നോട് അപ്പോള്‍ തന്നെ അഭിനന്ദനങ്ങള്‍ പറഞ്ഞു.

എന്നെ സംബന്ധിച്ച് ചില്ലറ ആളാണോ അപ്പുറത്ത് നില്‍ക്കുന്നത്. പുള്ളി അത്രയും കൂളായതുകൊണ്ട് ഞാനും അവിടെ കൂളായി. പുള്ളി സീരിയസ് ആണെങ്കില്‍ നമ്മളും പെട്ടുപോകും. അദ്ദേഹം ആളുകളെ ഭയങ്കരമായി കംഫര്‍ട്ട് ആക്കും. പിന്നെ ഭയങ്കര സൈലന്റായി ഇരിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തെ അടുത്തറിയുമ്പോള്‍ വലിയ ആരാധന തോന്നും, ഷൈന്‍ ടോം പറഞ്ഞു.

Content Highlight: Shine Tom Chacko About His Tamil Movie Debut with Nelson