എഡിറ്റര്‍
എഡിറ്റര്‍
‘ഇമ്മാതിരി സോഷ്യലിസ്റ്റ് സ്വപ്‌നങ്ങളുമായി ഇങ്ങോട്ടുവരേണ്ട’ പെട്രോള്‍ വിലവര്‍ധനവിനെ ന്യായീകരിച്ച കണ്ണന്താനത്തിന് ജോയ് മാത്യുവിന്റെ മറുപടി
എഡിറ്റര്‍
Sunday 17th September 2017 10:11am

കോഴിക്കോട്: പെട്രോള്‍ വില വര്‍ധനയെ ന്യായീകരിച്ചു സംസാരിച്ച കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനു മറുപടിയുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ‘വണ്ടിയുള്ളവര്‍ പട്ടിണിക്കാരല്ല’ എന്ന കണ്ണന്താനത്തിന്റെ പരാമര്‍ശത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചാണ് ജോയ് മാത്യു രംഗത്തുവന്നത്.

ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും പലിശയ്ക്കു വായ്പയെടുത്താണ് ഇന്ത്യയിലെ സാധാരണക്കാരായ ആളുകള്‍ ടാക്‌സികളും ഓട്ടോറിക്ഷകളും ചരക്കുവാഹനങ്ങളുമൊക്കെ വാങ്ങുന്നത്. ഇതൊന്നുമറിയാതെ ഇവരൊക്കെ പണക്കാരാണെന്നും അതുകൊണ്ടാണ് അതുകൊണ്ടാണു ഗവര്‍മ്മെന്റ് ഇന്ധനവില വര്‍ദ്ധിപ്പിച്ച് അതില്‍ നിന്നും ലഭിക്കുന്ന പണംകൊണ്ട് പാവപ്പെട്ടവരെ സഹായിക്കുകയാണെന്ന സോഷ്യലിസ്റ്റ് സിദ്ധാന്തം കേട്ട് ഞെട്ടിപ്പോയെന്നും ജോയ് മാത്യു പരിഹസിക്കുന്നു.

സംഘടിക്കാനോ സമരം ചെയ്യാനോ കഴിയാത്ത ഒരു വിഭാഗമാണു വാഹന ഉടമകള്‍. അവര്‍ക്ക് വാഹനം നിര്‍ത്തിയിട്ട് സമരം ചെയ്യാന്‍ പറ്റില്ല. അതുപോലെ നികുതി അടക്കാതെ വാഹനമോടിക്കാനും കഴിയില്ല. വാഹന ഉടമകള്‍ നിസ്സഹായരാണെന്ന് അറിഞ്ഞുകൊണ്ടാണ്  സര്‍ക്കാര്‍ ഇടയ്ക്കിടെ നികുതി വര്‍ധിപ്പിച്ച് അവരെ പിഴിയുന്നതെന്നും ജോയ് മാത്യു ചൂണ്ടിക്കാട്ടുന്നു.


Also Read: ‘സച്ചിനോട് അസൂയയാണ്’; ദൈവം എന്ന് വിളിക്കപ്പെടാന്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്; മനസ്സ് തുറന്ന് സെവാഗ്


വാഹനം വാങ്ങാനും, റോഡിലിറക്കാനും, ഇന്ധനത്തിനും നികുതി നല്‍കുന്ന വാഹന ഉടമകള്‍ക്ക് കുണ്ടും കുഴിയുമില്ലാത്ത റോഡ് നല്‍കാന്‍ പോലും സര്‍ക്കാറിന് കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.

‘ഒരു വാഹനം നിരത്തിലിറക്കുന്നത് മുതല്‍ നികുതികളാണുലഭിക്കുന്നതൊ പൊട്ടിപ്പൊളിഞ്ഞ കുണ്ടും കുഴിയുമുള്ള നിരത്തുകള്‍-
നികുതി അടച്ച് വാഹനമോടിക്കുന്നവനെ പിന്നെയും പിഴിയാന്‍ ടോള്‍ ഗേറ്റുകള്‍, ദിനം പ്രതി ഉയരുന്ന ഇന്ധനവില’ അദ്ദേഹം പറയുന്നു.

ഇനിയും ഇന്ധനവില കുറയണമെങ്കില്‍ നികുതികളില്‍ നിന്നാണു നമുക്ക് മോചനം വേണ്ടതെന്നും ജോയ് മാത്യു പറഞ്ഞുവെക്കുന്നു.

‘വലിയ സാബത്തിക വിദഗ്ദരൊന്നും അല്ലാത്ത ഏത് സാധാരണക്കാരനും മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. അവശ്യവസ്തുക്കളുടെ വിലവര്‍ദ്ധനക്ക് അടിസ്ഥാനകാരണം ഇന്ധനവിലയാണെന്ന്. അതിനാല്‍ ബഹുമാനപ്പെട്ട മന്ത്രി കണ്ണന്താനം ഇനിയെങ്കിലും ഇമ്മാതിരി സോഷ്യലിസ്റ്റ് സ്വപ്നങ്ങള്‍ വിളബി ഞങ്ങളെ അല്‍ഭുത സ്തബധരാക്കരുതേ’ എന്നു പറഞ്ഞുകൊണ്ടാണ് ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കണ്ണില്‍ പൊടിയിടാനോ കണ്ണന്താനം
——————————–
സിവില്‍ സര്‍വ്വീസിലിരിക്കുംബോള്‍ പുലിയായും രാഷ്ട്രീയത്തില്‍ വരുംബോള്‍ പൂച്ചയായും
മാറുന്ന നിരവധി ഉദാഹരണങ്ങള്‍ നമുക്കുണ്ട്. അഴിമതിക്കറ പുരളാതത്തവരും സിവില്‍ സര്‍വ്വീസില്‍ ഭരണനിപുണരായിരുന്ന ഇത്തരക്കാരെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനമാനങ്ങള്‍ കൊടുത്ത് അവതരിപ്പിക്കുന്നത് ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനാണെന്നത് ആര്‍ക്കാണറിയാത്തത്. അതിന്റെ ഏറ്റവുംപുതിയ ഉദാഹരണമാണു കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.

വാഹന ഉടമകള്‍ പണക്കാരായത് കൊണ്ടാണു ഗവര്‍മ്മെന്റ് ഇന്ധനവില കുറക്കേണ്ട ആവശ്യമില്ലെന്നാണു
കണ്ണന്താനത്തിന്റെ കണ്ടെത്തല്‍. ഇദ്ദേഹത്തിനറിയുമോ ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും പലിശക്ക് വായ്പയെടുത്താണു ഇന്ത്യയിലെ സധാരണക്കാരായ മനുഷ്യര്‍ ടാക്‌സികളും ഓട്ടോറിക്ഷകളും ചരക്ക് വാഹനങ്ങളും വാങ്ങിക്കുന്നത്- ജോലിചെയ്തു ജീവിക്കുവാനായി ഇരുചക്രവാഹനമോടിക്കുന്ന ലക്ഷക്കണക്കിനു ഇടത്തരക്കാരും ഇങ്ങിനെയൊക്കെത്തന്നെയാണു വാഹനം വാങ്ങിക്കുന്നത്.

ഇതൊന്നുമറിയാതെ ഇവരൊക്കെ പണക്കാരാണെന്നും അതുകൊണ്ടാണു ഗവര്‍മ്മെന്റ് ഇന്ധനവില വര്‍ദ്ധിപ്പിച്ച് അതില്‍ നിന്നും ലഭിക്കുന്ന പണംകൊണ്ട് പാവപ്പെട്ടവരെ സഹായിക്കുകയാണെന്ന മോദിഗവര്‍മ്മെന്റിന്റെ സോഷ്യലിസ്റ്റ് സിദ്ധാന്തം പറയുന്നത് കേട്ട് ഞെട്ടിപ്പോയി.എന്നാല്‍ ബഹുമാനപ്പെട്ട മന്ത്രിയുടെ ശ്രദ്ധയിലേക്ക് ;നമ്മുടെ നാട്ടില്‍ തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംഘടിക്കാം; സമരം ചെയ്യാം അതുപോലെ വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും സംഘടിക്കാം; സമരം ചെയ്യാം വിദ്യാര്‍ഥികള്‍,അദ്ധ്യാപകര്‍ എന്തിനു യാചകര്‍ക്കും ലൈംഗിക തൊഴിലാളികള്‍ക്കും വരെ സംഘടിക്കാനുംസമരം നടത്താനും അവകാശമുണ്ട്.

എന്നാല്‍ സംഘടിക്കാനോ സമരം ചെയ്യാനോ കഴിയാത്ത ഒരു വിഭാഗമാണു വാഹന ഉടമകള്‍. അതില്‍ ചെറിയവനോ വലിയവനോ എന്നില്ല, രാഷ്ട്രീയ ചായ്വില്ല.

തൊഴിലാളിയൊ മുതലാളിയൊ എന്നില്ല. സ്വന്തമായി ഒരു ഇരുചക്രവാഹനം മുതല്‍ ബസ്സും ലോറിയും ഉപയോഗിക്കുന്നവര്‍ക്ക്വരെ തങ്ങളെ ഒന്നൊന്നായി പിഴിഞ്ഞൂറ്റുന്ന ഗവര്‍മ്മെന്റിന്റെ കാടന്‍ നിയമങ്ങള്‍ക്കെതിരെ സംഘടിക്കാനോ സമരം ചെയ്യാനോ കഴിയില്ല.

വാഹനം നിര്‍ത്തിയിട്ട് സമരം ചെയ്യാന്‍ പറ്റില്ല. എന്നാല്‍ നികുതി അടക്കാതെ വാഹനമോടിക്കാനും പറ്റില്ല. വാഹന ഉടമള്‍ക്ക് സമരം ചെയ്യാന്‍ ഒരു മാര്‍ഗ്ഗവും ഇതുവരെ ആരും കണ്ടുപിടിച്ചിട്ടുമില്ല. ഇന്ധനം എന്ന അവശ്യവസ്തു ഗവര്‍മ്മെന്റ് കയ്യടക്കിവെച്ചിരിക്കുന്നിടത്തോളം വാഹന ഉടമകള്‍ നിസ്സഹായരാണ്.

ഇതൊക്കെ അറിയുന്നത് കൊണ്ടുതന്നെയാണൂ കേന്ദ്ര -ഗവര്‍മ്മെന്റ് അടിക്കടി ഇന്ധന വില കൂട്ടുന്നത്. കേന്ദ്ര ,സംസ്ഥാന ഗവര്‍മ്മെന്റുകള്‍ ഈടാക്കുന്ന നികുതിയാണു പ്രധാനമായും പെട്രോള്‍ ,ഡീസല്‍ വില വര്‍ദ്ധനവിന്റെ മുഖ്യകാരണം.
ഒരു വാഹനം നിരത്തിലിറക്കുന്നത് മുതല്‍ നികുതികളാണു – എന്നിട്ട് ലഭിക്കുന്നതൊ പൊട്ടിപ്പൊളിഞ്ഞ
കുണ്ടും കുഴിയുമുള്ള നിരത്തുകള്‍.

നികുതി അടച്ച് വാഹനമോടിക്കുന്നവനെ പിന്നെയും പിഴിയാന്‍ ടോള്‍ ഗേറ്റുകള്‍. ദിനം പ്രതി ഉയരുന്ന ഇന്ധനവില.

കഴിഞ്ഞ രണ്ടുമാസം കൊണ്ട് ഏഴു രൂപയോളം കൂടി. ആഗോള വിപണിയില്‍ ലിറ്ററിന്ന് 20 വിലയുള്ള ക്രൂഡോയില്‍ സംസ്‌കരണ ഗതാഗത ചിലവുകള്‍ കൂടിചേര്‍ത്താല്‍ 30 രൂപക്ക് മാര്‍ക്കറ്റില്‍ വില്‍ക്കാമെന്നിരിക്കെ പെട്രോളിനു 70 രൂപയും ഡീസലിന്ന് 59 രൂപയ്ക്കും വില്‍ക്കുന്നതിനു കാരണം വിവിധ നികുതികളാണു.

ഇനിയും ഇന്ധനവില കുറയണമെങ്കില്‍ നികുതികളില്‍ നിന്നാണു നമുക്ക് മോചനം വേണ്ടത്.
അപ്പോഴാണു സാബത്തിക വിദ്ഗ്ദന്‍ കൂടിയായ മന്ത്രി കണ്ണന്താനത്തിന്റെ ഇന്ധന വിലക്കയറ്റ ന്യായീകരണ സിദ്ധാന്തം നമ്മള്‍ കേള്‍ക്കുന്നത്.

വലിയ സാബത്തിക വിദഗ്ദരൊന്നും അല്ലാത്ത ഏത് സാധാരണക്കരനും മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. അവശ്യവസ്തുക്കളുടെ വിലവര്‍ദ്ധനക്ക് അടിസ്ഥാനകാരണം ഇന്ധനവിലയാണെന്ന്. അതിനാല്‍ ബഹുമാനപ്പെട്ട മന്ത്രി കണ്ണന്താനം ഇനിയെങ്കിലും ഇമ്മാതിരി സോഷ്യലിസ്റ്റ് സ്വപ്നങ്ങള്‍ വിളബി ഞങ്ങളെ അല്‍ഭുത സ്തബധരാക്കരുതേ.

Advertisement