മന്ത്രിക്കൊപ്പം ശ്രീറാം വെങ്കിട്ടരാമന്‍; കെ.എം. ബഷീറിന്റെ കൊലയാളി വാര്‍ത്താസമ്മേളനത്തില്‍ വേണ്ടെന്ന് മാധ്യമ പ്രവര്‍ത്തകര്‍
Kerala
മന്ത്രിക്കൊപ്പം ശ്രീറാം വെങ്കിട്ടരാമന്‍; കെ.എം. ബഷീറിന്റെ കൊലയാളി വാര്‍ത്താസമ്മേളനത്തില്‍ വേണ്ടെന്ന് മാധ്യമ പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd June 2026, 4:21 pm

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ കൃഷിമന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനത്തിന് എത്തിയതില്‍ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍. പ്രതിഷേധത്തെത്തുടര്‍ന്ന് ശ്രീറാം ഇറങ്ങിപ്പോയി.

നിയമസഭയിലെ മീഡിയ റൂമിലായിരുന്നു വാര്‍ത്താസമ്മേളനം. വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി ടി. സിദ്ദീഖിനൊപ്പം ശ്രീറാം വെങ്കിട്ടരാമന്‍ എത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

കെ.എം. ബഷീറിന്റെ കൊലയാളി വാര്‍ത്താ സമ്മേളനത്തില്‍ വേണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ നിലപാടെടുക്കുകയായിരുന്നു. കൃഷിവകുപ്പ് ഡയറക്ടറാണ് ശ്രീറാം.

വാര്‍ത്താസമ്മേളനത്തില്‍ ആദ്യം മന്ത്രി മാത്രമായിരുന്നു എത്തിയത്. പിന്നീട് വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെ ശ്രീറാം മീഡിയ റൂമിലെത്തി. ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധമറിയിച്ചു.

ഇതിനിടെ മാധ്യമപ്രവര്‍ത്തകരെ മന്ത്രി അനുനയിപ്പിക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ എഴുന്നേറ്റ് പോകാന്‍ തുടങ്ങി. ഇതോടെ ശ്രീറാം വെങ്കിട്ടരാമന്‍ മീഡിയ റൂമില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

2019 ഓഗസ്റ്റ് മൂന്നിനാണ് സിറാജ് ദിനപത്രത്തിലെ തിരുവനന്തപുരം ബ്യൂറോ മേധാവിയായ കെ.എം. ബഷീറിനെ ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയത്. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു സംഭവം.

കേസില്‍ ആഗസ്റ്റ് ഒന്നിന് വിചാരണ തുടങ്ങാനിരിക്കുകയാണ്. തിരുവനന്തപുരം ഒന്നാം നമ്പര്‍ അഡീഷനല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക. സംഭവം നടന്നിട്ട് ഏതാണ്ട് ഏഴ് വര്‍ഷം പിന്നിടുമ്പോഴാണ് വിചാരണ ആരംഭിക്കുന്നത്.

ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ ഏക പ്രതി. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി നേരത്തെ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. തിരുവനന്തപുരം സ്വദേശിയായ വഫയുടെ പേരിലുള്ളതായിരുന്നു കെ.എം ബഷീറിനെ ഇടിച്ച വാഹനം.

വാഹനം ഓടിച്ചത് വഫയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കേസിന്റെ ആദ്യഘട്ടത്തില്‍ ശ്രീറാമിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടായിരുന്നു. വഫയാണ് വാഹനമോടിച്ചതെന്ന് പൊലീസും ആ ഘട്ടത്തില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലും മാധ്യമങ്ങളുടെ ഇടപെടലിനാലും ഈ ശ്രമങ്ങള്‍ ശ്രീറാമിനും പൊലീസിനും അവസാനിപ്പിക്കേണ്ടി വരികയായിരുന്നു.

Content Highlight: Journalists Protest over Sriram Venkitaraman Appeared in press meet with Minister T Siddique