മോചനം നീളും; ഇ.ഡി കേസില്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി
national news
മോചനം നീളും; ഇ.ഡി കേസില്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st October 2022, 5:55 pm

ന്യൂദല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ ലഖ്‌നൗ കോടതി തള്ളി. സിദ്ദീഖ് കാപ്പനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്. എന്നാല്‍ കാപ്പനൊപ്പമുണ്ടായിരുന്ന ആലമിന് ഇതേ കേസില്‍ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

യു.എ.പി.എ കേസില്‍ കാപ്പന് നേരത്തെ ജാമ്യം ലഭിച്ചിരുന്നെങ്കിലും ഇ.ഡി കേസില്‍ കൂടി ജാമ്യം ലഭിച്ചാലേ കാപ്പന് ജയില്‍ മോചനം സാധ്യമാകൂ. കഴിഞ്ഞ മാസം ഒമ്പതിനാണ് കാപ്പന് സുപ്രീം കോടതി യു.എ.പി.എ കേസില്‍ ജാമ്യം അനുവദിച്ചത്.

യു.പി പൊലീസ് കണ്ടെത്തിയ തെളിവുകള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ജാമ്യം നല്‍കിയത്. തുടര്‍ന്നുള്ള ആറാഴ്ച കാപ്പന്‍ ദല്‍ഹിയില്‍ തങ്ങണം എന്ന നിബന്ധനയിലായിരുന്നു ജാമ്യം.

ഇതേ കേസില്‍ ജാമ്യം ലഭിച്ച കാപ്പന്‍ യാത്ര ചെയ്ത വാഹനത്തിന്റെ ഡ്രൈവര്‍ക്കും ഇ.ഡി കേസുള്ളതിനാല്‍ ജയില്‍ മോചനം സാധ്യമായിട്ടില്ല.

22 മാസമായി കാപ്പന്‍ ജയിലില്‍ തുടരുകയാണ്. മഥുര കോടതിയും അലഹാബാദ് ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് കാപ്പന്‍ സുപ്രീം കോടതിയിലെത്തിയത്.

ദളിത് ബാലിക കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഹാത്രാസിലേക്ക് പോകുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദീഖ് കാപ്പന്‍ അറസ്റ്റിലായത്. തുടര്‍ന്ന് കാപ്പനെയും കൂടെ അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് നേതാക്കളെയും യു.എ.പി.എ ചുമത്തി ജയിലിലടക്കുകയായിരുന്നു.

Content Highlight: Journalist Siddique Kappan’s Bail Plea Rejected in ED Case