അധികാര ഹുങ്കിന്റെ ജീവിക്കുന്ന ഉദാഹരണമായ ഒരാളെ ജില്ലയുടെ തലപ്പത്ത് നിയമിക്കാന്‍ മുഖ്യമന്ത്രിയുടെ ലളിത വിശദീകരണം മതിയാകുമോ?
DISCOURSE
അധികാര ഹുങ്കിന്റെ ജീവിക്കുന്ന ഉദാഹരണമായ ഒരാളെ ജില്ലയുടെ തലപ്പത്ത് നിയമിക്കാന്‍ മുഖ്യമന്ത്രിയുടെ ലളിത വിശദീകരണം മതിയാകുമോ?
കെ ജെ ജേക്കബ്
Saturday, 30th July 2022, 9:07 pm

ശ്രീറാം വെങ്കട്ടരാമന്റെ നിയമനം സംബന്ധിച്ച ചോദ്യം വന്നപ്പോള്‍ മുഖ്യമന്ത്രി ആ വിഷയത്തെ രണ്ടായിക്കണ്ടാണ് മറുപടി പറഞ്ഞത്. ഒന്ന്, സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായിരിക്കുന്ന ആള് ഓരോ ഘട്ടത്തില്‍ ചുമതല വഹിക്കണ്ട ചില കാര്യങ്ങളുണ്ട്. അതിന്റെ ഭാഗമായി ഇപ്പോള്‍ ചുമതല കൊടുത്തിരിക്കുകയാണ്.

രണ്ട്: ബഷീറിന്റെ കേസുമായി ബന്ധപ്പെട്ടു ഒരു വിട്ടുവീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഇനിയും അങ്ങിനെത്തന്നെ ആയിരിക്കും. ഒന്നാമത്തെ വിഷയം ഇപ്പോള്‍ പരിശോധിക്കേണ്ടതുണ്ട്. രണ്ടാമത്തെ വിഷയം കോടതി വിധി വരുമ്പോഴും.

കെ.എം. ബഷീര്‍

 

ഈ നാട്ടില്‍ ധാരാളം ഐ.എ.എസുകാരുണ്ട്; അവരൊക്കെ സര്‍വീസിന്റെ ഭാഗമായിരിക്കുന്ന ഓരോ ഘട്ടത്തില്‍ ചുമതല വഹിക്കണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ കളക്ടര്‍ ജോലിയുണ്ട്. ആളുകള്‍ കളക്ടര്‍മാരായി വരികയും പോവുകയും ചെയ്യുന്നുണ്ട്, അതൊക്കെ മുഖ്യമന്ത്രി ഉദ്ദേശിക്കുന്നപോലെ സാധാരണ സര്‍വീസ് കാര്യമാണ്, നാട്ടുകാരുടെ വിഷയമല്ല. അവരാരും വര്‍ത്തമാനം പറയാറുമില്ല.

എന്നാല്‍ അതീവ ഗുരുതരമായ ഒരു കുറ്റകൃത്യം ആരോപിക്കപ്പെടുകയും അതില്‍നിന്നു രക്ഷപ്പെടാന്‍ അധികാരത്തിന്റെയും ബന്ധങ്ങളുടെയും എല്ലാ സാധ്യതകളും ദുരുപയോഗിക്കുകയും സിവില്‍ സര്‍വീസിനെത്തന്നെ വിലയിടിക്കുകയും ചെയ്തു എന്ന ആരോപണം നേരിടുന്ന ആളുടെ സര്‍വീസ് സംരക്ഷണം സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണോ? എന്ത് സന്ദേശമാണ് സര്‍ക്കാര്‍ അതുവഴി നല്‍കുന്നത്, എന്ത് അക്രമം ചെയ്താലും കരിയര്‍ സര്‍ക്കാര്‍ സംരക്ഷിച്ചുകൊള്ളുമെന്നോ?

ശ്രീറാം വെങ്കട്ടരാമന്‍

അധികാര ഹുങ്കിന്റെയും ദുരുപയോഗത്തിന്റെയും ജീവിക്കുന്ന ഉദാഹരണമായി നാട്ടുകാര്‍ വിശ്വസിക്കുന്ന ഒരാളെ ഒരു ജില്ലയുടെ അധികാരത്തിന്റെ തലപ്പത്ത് നിയമിക്കാന്‍ ഇത്തരം ലളിത വിശദീകരണം മതിയാകുമോ? സാധാരണക്കാരായ മനുഷ്യരുടെ നീതിബോധം അത്തരം വിശദീകരണങ്ങള്‍ക്കു വഴങ്ങുമോ?
അപകടം മനസിലാകുമെങ്കിലും അധികാര ഹുങ്ക് മനസിലാകാത്ത ആരെങ്കിലുമൊക്കെ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കില്ലേ സാര്‍? അല്ലെങ്കില്‍ അപ്പുറത്തു പൊലിഞ്ഞുപോയ ജീവന്‍ അനാഥമായിപ്പോകില്ലേ.

കെ ജെ ജേക്കബ്
മാധ്യമപ്രവര്‍ത്തകന്‍