മുസ്‌ലിം യുവതികളെ അപമാനിക്കാന്‍ ലക്ഷ്യം; 'ബുള്ളി ഭായ്'ക്കെതിരെ പരാതികള്‍ പെരുകുന്നു; വ്യാജ ഫോട്ടോക്കെതിരെ പരാതിയുമായി മാധ്യമപ്രവര്‍ത്തക
national news
മുസ്‌ലിം യുവതികളെ അപമാനിക്കാന്‍ ലക്ഷ്യം; 'ബുള്ളി ഭായ്'ക്കെതിരെ പരാതികള്‍ പെരുകുന്നു; വ്യാജ ഫോട്ടോക്കെതിരെ പരാതിയുമായി മാധ്യമപ്രവര്‍ത്തക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd January 2022, 9:29 am

ന്യൂദല്‍ഹി: തന്റെ വ്യാജ ഫോട്ടോകള്‍ ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ പ്രചരിപ്പിച്ചതില്‍ പരാതി നല്‍കി മാധ്യമപ്രവര്‍ത്തക. ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകയാണ് ദല്‍ഹി സൗത്ത്-ഈസ്റ്റ് ജില്ലാ പൊലീസിലെ സൈബര്‍ സെല്ലില്‍ പരാതി ഫയല്‍ ചെയ്തത്.

തിരിച്ചറിയാനാവാത്ത ചില ആളുകള്‍ ചേര്‍ന്ന് തന്റെ വ്യാജ ഫോട്ടോകള്‍ വെബ്‌പേജില്‍ അപ്‌ലോഡ് ചെയ്യുന്നുവെന്നും ഒപ്പം മോശം കമന്റുകള്‍ ഇടുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്. കമന്റുകള്‍ മുസ്‌ലിം വനിതകളെ അപമാനിക്കാന്‍ ലക്ഷ്യം വെച്ചുള്ളവയാണെന്നും മാധ്യമപ്രവര്‍ത്തക ചൂണ്ടിക്കാട്ടുന്നു.

‘ബുള്ളി ഭായ്’ എന്ന ആപ്പിലാണ് ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നത്.

പരാതി ലഭിച്ചിട്ടുണ്ടെന്നും വേണ്ട നിയമനടപടികള്‍ സ്വീകരിക്കുമെന്നും ദല്‍ഹി സൗത്ത്-ഈസ്റ്റ് ജില്ലാ ഡി.സി.പി ഇഷ പാണ്ഡെ പ്രതികരിച്ചു.

ഫോട്ടോകള്‍ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ചില അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എന്നാല്‍ യുവതിയുടെ പരാതി ലഭിച്ചതിന് പിന്നാലെ തന്നെ അക്കൗണ്ടുകള്‍ ഡീആക്ടിവേറ്റ് ചെയ്യപ്പെട്ടെന്നും സൈബര്‍ സെല്‍ വൃത്തങ്ങള്‍ പറഞ്ഞു.

”മോശമായതും അംഗീകരിക്കാന്‍ പറ്റാത്തതുമായ സാഹചര്യത്തില്‍ എന്റെ മോര്‍ഫ് ചെയ്യപ്പെട്ട ഫോട്ടോ ഒരു വെബ്‌സൈറ്റില്‍ കണ്ടു. ഓണ്‍ലൈന്‍ ട്രോളുകള്‍ക്ക് ഞാന്‍ നിരന്തരം ഇരയാവാറുണ്ട്. ഇത് അത്തരം ചൂഷണത്തിന്റെ അടുത്ത ഘട്ടമായാണ് തോന്നുന്നത്.

എന്നെപ്പോലെ സ്വതന്ത്രരായ സ്ത്രീകളെയും മാധ്യമപ്രവര്‍ത്തകരെയും അപമാനിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പ്രവര്‍ത്തിയെന്ന് വ്യക്തമാണ്. അതിനാല്‍ ഇതില്‍ അടിയന്തര നടപടി വേണം.

‘ബുള്ളി ഭായ്’ എന്ന പേര് തന്നെ അപമാനിതമാണ്. ഈ വെബ്‌സൈറ്റിന്റെ കണ്ടന്റ് മുസ്‌ലിം സ്ത്രീകളെ അപമാനിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തമാണ്,” മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നു.

നേരത്തെ ആക്ടിവിസ്റ്റുകളായ മുസ്ലിം സ്ത്രീകളെ വില്‍ക്കാനുണ്ടെന്ന് പരസ്യപ്പെടുത്തി സുള്ളി ഡീല്‍സ് എന്ന വ്യാജ ആപ്പ് പ്രവര്‍ത്തിച്ചിരുന്നു. ആപ്പില്‍ മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട് ദല്‍ഹിയിലെയും നോയിഡയിലെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ആറ് മാസത്തിന് ശേഷമാണ് ഇപ്പോള്‍ പുതിയ പരാതിയും ഉയര്‍ന്നിരിക്കുന്നത്.

ആ കേസില്‍ ഇതുവരെ അറസ്റ്റുകളൊന്നും ഉണ്ടായിട്ടില്ല.

ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ‘ബുള്ളി ഭായ്’ എന്ന പേരില്‍ പുതിയ ആപ്പിന്റെ റിപ്പോര്‍ട്ടുകളും പുറത്തുവന്നത്. ഗിറ്റ്ഹബ് പ്ലാറ്റ്ഫോം ഉപയോഗിച്ച് തന്നെയാണ് ഇതും ഉണ്ടാക്കിയിരിക്കുന്നതെന്നാണ് പരാതിക്കാര്‍ പറയുന്നു.

സുള്ളി ഡീല്‍സിനെതിരെ പരാതി കൊടുത്തിട്ടും നടപടി എടുക്കാത്തതിനാലാണ് ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് ദല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥി ലദീദ ഫര്‍സാന ഡൂള്‍ന്യൂസിനോട് പ്രതികരിച്ചിരുന്നു.

കേരളത്തില്‍ നിരവധി മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ വിദ്വേഷ അതിക്രമത്തിനായി ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. സുള്ളി ഡീല്‍സിനെതിരെ കണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെന്നും യാതൊരും അപ്ഡേഷനും ലഭിച്ചിരുന്നല്ലെന്നും ലദീദ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരുടെ ചിത്രങ്ങളാണ് സുള്ളി ഡീല്‍സ് ആപ്പിലും ഉപയോഗിച്ചിരുന്നത്. ഇത്തരത്തില്‍ 100ലേറെ സ്ത്രീകളുടെ ചിത്രങ്ങള്‍ അനധികൃതമായി ഉപയോഗിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

മുസ്‌ലിം സ്ത്രീകളെ മാത്രം തെരഞ്ഞുപിടിച്ച് അവഹേളിക്കുന്ന രീതിയിലുള്ള ആപ്പ് നിര്‍മിച്ചതിനു പിന്നില്‍ വന്‍ ശക്തികളാണെന്ന ആരോപണവും ഉണ്ടായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Journalist files complaint on doctored photo uploaded online in Bully Bhai app