സുള്ളി ഡീല്‍സിന് ശേഷം ബുള്ളി ഭായ്; ആക്ടിവിസ്റ്റുകളായ മുസ്‌ലിം സ്ത്രീകളെ ലക്ഷ്യം വെച്ച് വീണ്ടും വിദ്വേഷ അതിക്രമം, പൊലീസ് നടപടി ശക്തമല്ലെന്ന് പരാതി
Kerala News
സുള്ളി ഡീല്‍സിന് ശേഷം ബുള്ളി ഭായ്; ആക്ടിവിസ്റ്റുകളായ മുസ്‌ലിം സ്ത്രീകളെ ലക്ഷ്യം വെച്ച് വീണ്ടും വിദ്വേഷ അതിക്രമം, പൊലീസ് നടപടി ശക്തമല്ലെന്ന് പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st January 2022, 10:17 pm

കോഴിക്കോട്: ആക്ടിവിസ്റ്റുകളായ മുസ്‌ലിം സ്ത്രീകളെ വില്‍ക്കാനുണ്ടെന്ന് പരസ്യപ്പെടുത്തിയ വ്യാജ ആപ്പായ സുള്ളി ഡീല്‍സിന് പിന്നാലെ മറ്റൊരു ആപ്പ് വഴി വീണ്ടും വിദ്വേശ അതിക്രമം.

‘ബുള്ളി ഭായ്’ എന്ന പേരിലാണ് പുതിയ ആപ്പ്. ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് തന്നെയായാണ് ഇതും ഉണ്ടാക്കിയിരിക്കുന്നതെന്ന് പരാതിക്കാര്‍ പറയുന്നു.

സുള്ളി ഡീല്‍സിനെതിരെ പരാതി കൊടുത്തിട്ടും നടപടി എടുക്കാത്തതാണ് ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് ദല്‍ഹി ജാമിയ മിലിയ വിദ്യാര്‍ഥി ലദീദ ഫര്‍സാന ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കേരളത്തില്‍ നിരവധി മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ വിദ്വേഷ അതിക്രമത്തിനായി ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. സുള്ളി ഡീല്‍സിനെതിരെ കണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെന്നും യാതൊരും അപ്‌ഡേഷനും ലഭിച്ചിരുന്നല്ലെന്നും ലദീദ പറഞ്ഞു.

സുള്ളി ഡീല്‍സിനെതിരെ പരാതി കൊടുത്തിട്ടും നടപടി എടുക്കാത്ത പോലീസും തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ വിദ്വേഷ അതിക്രമത്തിന്റെ കാരണക്കാര്‍ ആണെന്നും ലദീദ പറഞ്ഞു.

മുസ്‌ലിം സ്ത്രീകളുടെ പൊതുജീവിതം തന്നെ തടസപ്പെടുത്താം എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍ എന്ന കാര്യത്തില്‍ സംശയമില്ല. സുള്ളി ഡീല്‍സില്‍ വില്പനക്ക് വെക്കപ്പെട്ട പലരോടും സംസാരിച്ചപ്പോള്‍, അതിന് ശേഷമുള്ള അവരുടെ പൊതുജീവിതം ദുസ്സഹമായിരുന്നു എന്നായിരുന്നു അവര്‍ പറഞ്ഞത്.

മുസ്ലിം വിദ്വേഷം മാത്രം അജണ്ടയാക്കി ജീവിക്കുന്ന ആയിരക്കണക്കിന് സംഘപരിവാറുകാരുടെ വിരല്‍തുമ്പിലേക്കാണല്ലോ വില്പനക്ക് വെക്കപ്പെട്ടവരായി മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകളും വിശദവിവരങ്ങളും എത്തിച്ചേര്‍ന്നത്. സ്വഭാവികമാണ് ആ പ്രതിസന്ധി. ഹിന്ദു ആള്‍ക്കൂട്ടങ്ങള്‍ നടത്തുന്ന കൊലപാതകങ്ങള്‍ പോലെ ഇതും നോര്‍മലൈസ് ചെയ്യപ്പെടുമെന്നതില്‍ ഒരു സംശയവും വേണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം സ്ത്രീകളെ വില്‍പ്പനക്ക് വെച്ചിരിക്കുന്നു എന്ന് ചിത്രീകരിച്ച ‘സുള്ളി ഡീല്‍സ്’ എന്ന ആപ്പിനെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ നിയമ നടപടി ദുര്‍ബമയതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നാണ് പരാതിക്കാരുടെ വിമര്‍ശനം.

മുസ്‌ലിം സ്ത്രീകളെ മാത്രം തെരഞ്ഞുപിടിച്ച് അവഹേളിക്കുന്ന രീതിയിലുള്ള ആപ്പ് നിര്‍മ്മിച്ചതിനു പിന്നില്‍ വന്‍ ശക്തികളാണെന്നായിരുന്നു ആരോപണം നേരത്തെയും ഉണ്ടായിരുന്നു.

മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരുടെ ചിത്രങ്ങളാണ് സുള്ളി ഡീല്‍സ് ആപ്പില്‍ ഉപയോഗിച്ചിരുന്നത്. ഇത്തരത്തില്‍ 100 ലേറെ സ്ത്രീകളുടെ ചിത്രങ്ങള്‍ അനധികൃതമായി ഉപയോഗിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

തങ്ങളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രചരിച്ചതിന് പിന്നാലെ നിരവധി മുസ്‌ലിം സ്ത്രീകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് മാറിനിന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGLIGHTS:  Hate violence again targeting Muslim women activists, complaining that police action is not strong