നിലപാട് മാറില്ല, മൂന്നാം തവണയും എല്‍.ഡി.എഫിനെ അധികാരത്തിലെത്തിക്കും: ജോസ് കെ. മാണി
Kerala News
നിലപാട് മാറില്ല, മൂന്നാം തവണയും എല്‍.ഡി.എഫിനെ അധികാരത്തിലെത്തിക്കും: ജോസ് കെ. മാണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th July 2025, 7:41 pm

കോഴിക്കോട്: കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണി വിടുമെന്ന പ്രചാരങ്ങളെ പൂര്‍ണമായും തള്ളി പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി. കേരളാ കോണ്‍ഗ്രസ് (എം) ഇടതുമുന്നണിയുടെ അവിഭാജ്യഘടകമാണെന്നും മുന്നണിയെ രാഷ്ട്രീയമായി ശക്തിപ്പെടുത്തുന്നതിനും ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നതിനുമായി നിരന്തരം പരിശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് കേരള കോണ്‍ഗ്രസ് (എം) എല്‍.ഡി.എഫിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

മൂന്നാം തവണയും എല്‍.ഡി.എഫിനെ കേരളത്തില്‍ അധികാരത്തിലെത്തിക്കാന്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപൊകുമെന്ന് പറഞ്ഞ ജോസ് കെ. മാണി കേരള കോണ്‍ഗ്രസ് (എം)ന്റെ രാഷ്ട്രീയ നിലപാട് മാറുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും വെള്ളം തിളപ്പിക്കുന്നുണ്ടെങ്കില്‍, അത് വാങ്ങി വെക്കുന്നതാണ് ഉചിതമെന്നും പരിഹസിച്ചു.

 

ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിലും അസംബ്ലി തെരെഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് അഭിമാനകരമായ വിജയം സമ്മാനിക്കാന്‍ പാര്‍ട്ടി ഘടകങ്ങളെ പൂര്‍ണമായും സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടില്‍ നടക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ക്രൈസ്തവ സഭകളുടെ പിന്തുണയില്‍ കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയിലേക്കെത്തിക്കാന്‍ യു.ഡി.എഫ് ചരടുവലികള്‍ നടത്തിയിരുന്നു. മനുഷ്യ – മൃഗ സംഘര്‍ഷത്തില്‍ കേരള കോണ്‍ഗ്രസിനുള്ള ആശങ്ക മുതലെടുത്താണ് യു.ഡി.എഫ് പഴയ സഖ്യകക്ഷിയെ വീണ്ടും തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തിയത്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ കേരള കോണ്‍ഗ്രസ് എമ്മിനെ യു.ഡി.എഫിലേക്കെത്തിക്കാന്‍ ശ്രമിക്കുന്നതിനെ കുറിച്ചുള്ള സൂചനകള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നല്‍കിയിരുന്നു.

എന്നാല്‍ ഇത്തരം അഭ്യൂഹങ്ങളെ കാറ്റില്‍ പറത്തി ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നുനില്‍ക്കുന്നതായി കേരള കോണ്‍ഗ്രസ് (എം) പ്രഖ്യാപിക്കുകയായിരുന്നു.

ജേസ് കെ. മാണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മുന്നണിമാറ്റം സംബന്ധിച്ചുള്ള വ്യാജവാര്‍ത്തകളെ കേരള കോണ്‍ഗ്രസ് (എം) പൂര്‍ണ്ണമായും തള്ളുന്നു. ഇടതുമുന്നണിയുടെ അവിഭാജ്യഘടകമായ കേരളാ കോണ്‍ഗ്രസ് (എം) മുന്നണിയെ രാഷ്ട്രീയമായി ശക്തിപ്പെടുത്തുന്നതിനും മുന്നണിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നതിനുമായി നിരന്തരം പരിശ്രമിക്കുകയാണ്.

നേതൃസ്ഥാനത്തിന്റെ പേരില്‍ കലഹിക്കുന്ന യു.ഡി.എഫിനെ രക്ഷിക്കാന്‍ ചില കേന്ദ്രങ്ങള്‍ തുടര്‍ച്ചയായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിലും അസംബ്ലി തെരെഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് അഭിമാനകരമായ വിജയം സമ്മാനിക്കാന്‍ പാര്‍ട്ടി ഘടകങ്ങളെ പൂര്‍ണമായും സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടില്‍ നടക്കുകയാണ്.

മലയോരമേഖലയിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേരള കോണ്‍ഗ്രസ് (എം) ശ്രദ്ധയില്‍ പ്പെടുത്തിയതിനെത്തുടര്‍ന്ന് ബഹുമാന്യനായ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിട്ടുണ്ട്. വന്യജീവി ആക്രമണത്തിന് ശാശ്വതപരിഹാരത്തിനായി കേരളത്തിലെ ഗവണ്‍മെന്റിന് ഒപ്പം പ്രതിപക്ഷവും കേന്ദ്രസര്‍ക്കാര്‍ നിലപാടിന് എതിരായി ശബ്ദം ഉയര്‍ത്തുകയാണ് വേണ്ടത്.

ഇക്കാര്യത്തില്‍ ഒരേ നിലപാട് ഉയര്‍ത്തുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത് സഹായകരമാകും. മലയോരമേഖലയിലെ പ്രശ്‌നങ്ങള്‍ കേരള കോണ്‍ഗ്രസ് (എം) ഉയര്‍ത്തുന്നതിനെ മുന്നണി രാഷ്ട്രീയ ചര്‍ച്ചകളുമായി കൂട്ടികെട്ടുന്നതിന്റെ ലക്ഷ്യം വിലകുറഞ്ഞ രാഷ്ട്രീയമാണ്. അതിനെ പാര്‍ട്ടി പൂര്‍ണ്ണമായും തള്ളുന്നു.

മൂന്നാം തവണയും എല്‍.ഡി.എഫിനെ കേരളത്തില്‍ അധികാരത്തില്‍ എത്തിക്കാന്‍ ഇടതുപക്ഷ ജനാധിപ്യമുന്നണി കൂടുതല്‍ കരുത്തോടെ മുന്നോട്ടുപൊകും. കേരള കോണ്‍ഗ്രസ് (എം) ന്റെ രാഷ്ട്രീയ നിലപാട് മാറുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും വെള്ളം തിളപ്പിക്കുന്നുണ്ടെങ്കില്‍, അങ്ങനെയുള്ളവര്‍, അത് വാങ്ങി വയ്ക്കുന്നതാണ് ഉചിതം.

 

Content Highlight: Jose K Mani says Kerala Congress (M) will remain with LDF