മമ്മൂക്കയല്ലാതെ വേറൊരു നടനെ ആ കഥാപാത്രത്തിലേക്ക് ആലോചിക്കാന്‍ എനിക്ക് സാധിക്കില്ല: ജോമോള്‍
Entertainment
മമ്മൂക്കയല്ലാതെ വേറൊരു നടനെ ആ കഥാപാത്രത്തിലേക്ക് ആലോചിക്കാന്‍ എനിക്ക് സാധിക്കില്ല: ജോമോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 15th February 2025, 10:19 pm

ബാലതാരമായി സിനിമയിലേക്കെത്തിയ താരമാണ് ജോമോള്‍. ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയിലെ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടാണ് താരം സിനിമയില്‍ എത്തുന്നത്. മൈഡിയര്‍ മുത്തച്ഛന്‍ എന്ന സിനിമയിലും ജോമോള്‍ ബാലതാരമായിരുന്നു. 1998ല്‍ പുറത്തിറങ്ങിയ ‘എന്ന് സ്വന്തം ജാനകിക്കുട്ടി’ എന്ന ചിത്രത്തിലൂടെ താരത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

36 വര്‍ഷത്തിന് ശേഷം ചിത്രം 4K സാങ്കേതിക വിദ്യയുടെ സഹായത്തോടെ റീ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ജോമോള്‍. ചന്തു എന്ന കഥാപാത്രത്തെ മുമ്പ് പല നടന്മാരും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മമ്മൂട്ടി ചെയ്തതുപോലെ മറ്റൊരു നടനും ചെയ്തിട്ടില്ലെന്ന് ജോമോള്‍ പറഞ്ഞു. ഇനിയങ്ങോട്ട് ആ കഥാപാത്രത്തെ മമ്മൂട്ടിയല്ലാതെ മറ്റൊരു നടനെയും തനിക്ക് ആലോചിക്കാന്‍ സാധിക്കില്ലെന്നും ജോമോള്‍ പറയുന്നു.

അതുപോലെ ഉണ്ണിയാര്‍ച്ചയായി മാധവിയെയും അരിങ്ങോടരായി ക്യാപ്റ്റന്‍ രാജുവിനെയും മാത്രമേ മനസില്‍ കാണാന്‍ സാധിക്കുള്ളൂവെന്നും ജോമോള്‍ കൂട്ടിച്ചേര്‍ത്തു. ആ കഥാപാത്രങ്ങളെ അവര്‍ അത്രമാത്രം മികച്ച രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളതെന്നും അത്തരം കാര്യങ്ങള്‍ കൊണ്ടാണ് വടക്കന്‍ വീരഗാഥയെ ഇന്നും ക്ലാസിക്കായി വാഴ്ത്തുന്നതെന്നും ജോമോള്‍ പറഞ്ഞു.

 

മുമ്പ് പല സിനിമകളിലും ചന്തുവായി പല നടന്മാരും വേഷമിട്ടിട്ടുണ്ടെങ്കിലും ഈ സിനിമയിലെ വേര്‍ഷന്‍ മാത്രമേ തനിക്ക് പിക്ചറൈസ് ചെയ്യാന്‍ സാധിക്കുള്ളൂവെന്നും ജോമോള്‍ കൂട്ടിച്ചേര്‍ത്തു. ആര്‍ട്ടിസ്റ്റിനെയല്ല, ആ കഥാപാത്രത്തെയാണ് ഈ സിനിമയില്‍ കാണാന്‍ സാധിക്കുള്ളൂവെന്നും ജോമോള്‍ പറയുന്നു. ഫില്‍മി മൂഡിനോട് സംസാരിക്കുകയായിരുന്നു ജോമോള്‍.

‘ചന്തു എന്ന കഥാപാത്രത്തെ മുമ്പ് പല നടന്മാരും പല സിനിമകളിലും ചെയ്തിട്ടുണ്ടെങ്കിലും മമ്മൂക്കയുടെ ആ വേര്‍ഷന്‍ മാത്രമേ എനിക്ക് പിക്ചറൈസ് ചെയ്യാന്‍ സാധിക്കുള്ളൂ. ചന്തുവായി മമ്മൂക്കയെയല്ലാതെ മറ്റൊരെയും എനിക്ക് സങ്കല്പിക്കാന്‍ കഴിയില്ല. അതുപോലെ മാധവിയെയല്ലാതെ മറ്റൊരെയും എനിക്ക് ഉണ്ണിയാര്‍ച്ചയായി സങ്കല്പിക്കാന്‍ സാധിക്കില്ല. അരിങ്ങോടരായി ക്യാപ്റ്റന്‍ രാജു സാറിനെയല്ലാതെ മറ്റാരെയും എനിക്ക് ഇമാജിന്‍ ചെയ്യാന്‍ കഴിയില്ല.

അതായത്, ആര്‍ട്ടിസ്റ്റിനെയല്ല, ആ ക്യാരക്ടറിന്റെ വിജയമാണ് നമുക്ക് അങ്ങനെ തോന്നാന്‍ കാരണം. അവരെല്ലാം അത്രമാത്രം മികച്ച രീതിയിലാണ് ആ കഥാപാത്രങ്ങളെ പ്രസന്റ് ചെയ്തത്. അതൊക്കെ കൊണ്ടാണ് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വടക്കന്‍ വീരഗാഥ എന്ന സിനിമ ഇപ്പോഴും ക്ലാസിക്കായി നിലനില്‍ക്കുന്നത്,’ ജോമോള്‍ പറയുന്നു.

Content Highlight: Jomol saying she can’t imagine no other actor except Mammootty in Oru Vadakkan Veeragatha movie