തന്റെ ജീവിതത്തിലെ മോശം സമയത്ത് നിന്നപ്പോഴാണ് ഈ സിനിമയിറങ്ങുന്നതെന്നും സിനിമ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത് തന്റെ തെറി വെച്ചിട്ടായിരുന്നുവെന്നും ജോജു പറയുന്നു. തെറി പറഞ്ഞതിന് തനിക്കെതിരെ കേസ് വന്നപ്പോഴും ആ നിമിഷം മുതല്‍ ഇതുവരെ ലിജോ അടക്കമുള്ള ആ സിനിമയിലെ ആരും തന്നെ വിളിച്ച് എന്താണ് പ്രശ്നമെന്ന് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ മകളെ പുതിയ സ്‌കൂളിലേക്ക് ചേര്‍ത്തപ്പോള്‍ കൂടെയുള്ള കുട്ടി താന്‍ തെറി പറയുന്ന ഒരു ട്രോള്‍ കാണിച്ചുകൊടുത്തുവെന്നും അത് കണ്ടിട്ട് അവള്‍ തന്നോട് അപ്പ അതൊരിക്കലും ചെയ്യരുതായിരുന്നു എന്നാണ് പറഞ്ഞുവെന്നും പറഞ്ഞ ജോജു, സിനിമ തന്റെ കുടുംബത്തെയും മക്കളെയും ബാധിക്കാന്‍ തുടങ്ങിയതുകൊണ്ടാണ് ഇത്രയും വര്‍ഷത്തിന് ശേഷം അതിനെ കുറിച്ച് സംസാരിച്ചതെന്നും വ്യക്തമാക്കി.
തെറിയുള്ള ഭാഗമാണ് ഒ.ടി.ടിയില്‍ റിലീസ് ചെയ്യുക എന്നറിഞ്ഞെങ്കില്‍ ആ സിനിമ താന്‍ ചെയ്യില്ലായിരുന്നുവെന്നും താന്‍ ക്യാഷ് വാങ്ങിച്ചു എന്നുകാണിക്കുന്ന തുണ്ടുകടലാസിന്റെ കൂടെ അവര്‍ എഗ്രിമെന്റ് കൂടെ പുറത്തുവിടണമെന്നും ജോജു പറയുകയുണ്ടായി.
തങ്ങള്‍ സുഹൃത്തുക്കളാണെന്നും ലിജോയുടെ കൂടെ ജോലി ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ആ സിനിമയില്‍ അഭിനയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം ചിത്രത്തെക്കുറിച്ച് നടന്‍ ജോജു നടത്തിയ പരാമര്‍ശം വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ചുരുളി എന്ന സിനിമ തെറിയില്ലാത്ത വെര്‍ഷനാകും തിയേറ്ററിലെത്തുകയെന്ന് പറഞ്ഞ് തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും അഭിനയിച്ചതിന് തനിക്ക് പൈസ തന്നില്ലെന്നുമായിരുന്നു ജോജു പറഞ്ഞത്. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്ന് രാവിലെ (വ്യാഴം) ജോജുവിന് മറുപടിയുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി രംഗത്തെത്തിയിരിരുന്നു. ‘A’ സര്‍ട്ടിഫിക്കറ്റുള്ള സിനിമ ഇതുവരെ തിയേറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും കമ്മിറ്റിയെ വെച്ച് അന്വേഷിച്ച റിപ്പോര്‍ട്ടില്‍ സിനിമയിലുപയോഗിച്ച ഭാഷയെക്കുറിച്ചുള്ള കോടതിവിധിയുണ്ടെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. മൂന്ന് ദിവസം അഭിനയിച്ചതിന് 5,90,000 രൂപ ജോജുവിന് നല്‍കിയതിന്റെ പേയ്മെന്റ് സ്ലിപ്പും അദ്ദേഹം പങ്കുവെച്ചിരുന്നു.