കമല്‍ ഹാസന്‍ - മണിരത്‌നം ചിത്രത്തിലേക്ക് ദുല്‍ഖര്‍ സല്‍മാന് പിന്നാലെ മറ്റൊരു മലയാളി നടനും
Film News
കമല്‍ ഹാസന്‍ - മണിരത്‌നം ചിത്രത്തിലേക്ക് ദുല്‍ഖര്‍ സല്‍മാന് പിന്നാലെ മറ്റൊരു മലയാളി നടനും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th January 2024, 6:12 pm

മൂന്നര പതിറ്റാണ്ടുകളുടെ പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവില്‍ ഉലകനായകന്‍ കമല്‍ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രമാണ് ‘തഗ് ലൈഫ്’. കമല്‍ഹാസന്റെ അറുപത്തി ഒമ്പതാമത് ജന്മദിനത്തിന്റെ ഭാഗമായി ഈയിടെയായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചത്.

‘രംഗരായ സത്യവേല്‍നായകന്‍’ എന്നാണ് ഉലകനായകന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇപ്പോള്‍ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം ജോജു ജോര്‍ജുമെത്തും എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ജോജു ജോര്‍ജിന് പുറമെ ഗൗതം കാര്‍ത്തിക്കും തഗ് ലൈഫില്‍ അഭിനയിക്കും.

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഈ കാര്യം പുറത്തുവിട്ടത്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ എക്‌സ് അകൗണ്ടിലൂടെ ഇരുവരുടെയും പോസ്റ്ററും പുറത്തു വന്നു. വെല്‍ക്കം ഓണ്‍ ബോര്‍ഡ് എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തത്.

രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍. മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്‍, ജയം രവി, തൃഷ എന്നിവരും ചിത്രത്തിന്റെ ഭാഗമാണെന്ന് ടൈറ്റില്‍ റിലീസിന് മുമ്പ് അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു.

ചിത്രത്തില്‍ കമല്‍ ഹാസനും മണിരത്‌നത്തിനും ഒപ്പം എ.ആര്‍. റഹ്‌മാനും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഛായാഗ്രാഹകന്‍ രവി കെ. ചന്ദ്രന്‍, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്, സ്റ്റണ്ട് കൊറിയോഗ്രാഫര്‍മാരായ അന്‍പറിവ് എന്നിവരോടൊപ്പം മറ്റു മികച്ച സാങ്കേതിക പ്രവര്‍ത്തകരും അണിനിരക്കുന്ന ചിത്രമായിരിക്കും ഇത്.

ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനറായി ശര്‍മ്മിഷ്ഠ റോയിയും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്. പി.ആര്‍.ഒ പ്രതീഷ് ശേഖര്‍.

Content Highlight: Joju George On Board Kamal Hassan’s And Manirathnam’s Movie Thug Life