മലയാള സിനിമക്ക് മികച്ചൊരു വാഗ്ദാനമാണ് ആ യുവനടന്‍; ഉഴപ്പനല്ല, അതിനുള്ള പണി അവന്‍ എടുക്കുന്നുണ്ട്: ജോണി ആന്റണി
Entertainment
മലയാള സിനിമക്ക് മികച്ചൊരു വാഗ്ദാനമാണ് ആ യുവനടന്‍; ഉഴപ്പനല്ല, അതിനുള്ള പണി അവന്‍ എടുക്കുന്നുണ്ട്: ജോണി ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd May 2025, 12:47 pm

2022ല്‍ വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത് ജോണ്‍ എബ്രഹാം നിര്‍മിച്ച മൈക്ക് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച നടനാണ് രഞ്ജിത്ത് സജീവ്. കഴിഞ്ഞ വര്‍ഷമിറങ്ങിയ ഗോളം എന്ന ചിത്രത്തില്‍ രഞ്ജിത്ത് അവതരിപ്പിച്ച എ.എസ്.പി സന്ദീപ് കൃഷ്ണന്‍ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നടന്‍ രഞ്ജിത്ത് സജീവിനെ കുറിച്ച് സംസാരിക്കുകയാണ് ജോണി ആന്റണി. രഞ്ജിത്ത് സിനിമയെ കുറിച്ച് മാത്രമേ ചിന്തിക്കുകയുള്ളുവെന്നും സിനിമയല്ലാത്ത ഒന്നും അദ്ദേഹത്തിന്റെ ചിന്തയിലില്ലെന്നും ജോണി ആന്റണി പറയുന്നു. സ്‌ക്രിപ്റ്റ് നേരത്തെ വായിച്ച് മനസിലാക്കുകയും അതിനായി തയ്യാറെടുക്കുകയും നേരത്തെ സെറ്റില്‍ എത്തുന്ന ആളുമാണ് രഞ്ജിത്തെന്ന് ജോണി ആന്റണി പറഞ്ഞു.

സിനിമയിലേക്ക് ഉഴപ്പനായി വന്ന ആളല്ല രഞ്ജിത്തെന്നും അതിനുള്ള പണി എടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുണൈറ്റഡ് കിങ്ഡം ഓഫ് കേരള എന്ന സിനിമയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു ജോണി ആന്റണി.

‘രഞ്ജിത്ത് സിനിമയെ കുറിച്ച് മാത്രമേ ചിന്തിക്കുകയുള്ളു. സിനിമയല്ലാതെ ഒന്നും ചിന്തിക്കുന്നില്ല. സ്‌ക്രിപ്‌റ്റെല്ലാം നേരത്തെ തന്നെ വായിച്ച് മനസിലാക്കും, അതിനായി തയ്യാറെടുക്കും, കൃത്യ സമയത്ത് സെറ്റിലെത്തും. അങ്ങനെ സിനിമക്കായി മൊത്തമായും ഡെഡികേറ്റഡ് ആയ ആളാണ് രഞ്ജിത്ത്.

സിനിമയിലേക്ക് ഉഴപ്പനായി വന്ന ആളല്ല അദ്ദേഹം. പഠനവും മറ്റുമായി അദ്ദേഹത്തിന് മുന്നോട്ട് ഒരുപാട് പോകാമായിരുന്നു, പക്ഷെ ഇതുമതി, സിനിമ മതിയെന്ന് രഞ്ജിത്ത് തീരുമാനിച്ചു. ഇവിടെ നില്‍ക്കാനുള്ള ഹാര്‍ഡ് വര്‍ക്ക് അവന്‍ ചെയ്യുന്നുണ്ട്.

അവന്‍ ആഗ്രഹിക്കുന്നതിലും ഒരുപാട് ഉയരത്തില്‍ രഞ്ജിത്ത് എത്തട്ടേയെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. അതിനുള്ള പണി അവന്‍ എടുക്കുന്നുണ്ട്. മലയാള സിനിമക്ക് മികച്ചൊരു വാ?ഗ്ദാനം തന്നെയാണ് രഞ്ജിത്ത്,’ ജോണി ആന്റണി പറയുന്നു.

Content Highlight: Johny Antony Talks About Ranjith Sanjeev