അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്ക് കടന്നുവന്നയാളാണ് ജോണി ആന്റണി. 2003ല്‍ പുറത്തിറങ്ങിയ സി.ഐ.ഡി മൂസയിലൂടെയാണ് ജോണി ആന്റണി സ്വതന്ത്രസംവിധായകനായത്. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ ജോണി ആന്റണി ഇപ്പോള്‍ അഭിനയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ കുറച്ച് സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ജോണി ആന്റണി, മോഹന്‍ലാല്‍ ചിത്രമായ ഡ്രാമയിലൂടെയാണ് അഭിനയത്തില്‍ സജീവമായത്.
ജോണി ആന്റണിയും നടന്‍ രഞ്ജിത്ത് സജീവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള. ഇപ്പോള്‍ രഞ്ജിത്ത് സജീവിനെ കുറിച്ച് സംസാരിക്കുകയാണ് ജോണി ആന്റണി. രഞ്ജിത്ത് സിനിമയെ കുറിച്ച് മാത്രമേ ചിന്തിക്കുകയുള്ളുവെന്നും സിനിമക്കായി മൊത്തമായും ഡെഡികേറ്റഡ് ആയ ആളാണ് അദ്ദേഹമെന്നും ജോണി ആന്റണി പറഞ്ഞു.
‘രഞ്ജിത്ത് സിനിമയെ കുറിച്ച് മാത്രമേ ചിന്തിക്കുകയുള്ളു. സിനിമയല്ലാതെ ഒന്നും ചിന്തിക്കുന്നില്ല. സ്‌ക്രിപ്റ്റെല്ലാം നേരത്തെ തന്നെ വായിച്ച് മനസിലാക്കും, അതിനായി തയ്യാറെടുക്കും, കൃത്യ സമയത്ത് സെറ്റിലെത്തും. അങ്ങനെ സിനിമക്കായി മൊത്തമായും ഡെഡികേറ്റഡ് ആയ ആളാണ് രഞ്ജിത്ത്.
സിനിമയിലേക്ക് ഉഴപ്പനായി വന്ന ആളല്ല അദ്ദേഹം. പഠനവും മറ്റുമായി അദ്ദേഹത്തിന് മുന്നോട്ട് ഒരുപാട് പോകാമായിരുന്നു, പക്ഷെ ഇതുമതി, സിനിമ മതിയെന്ന് രഞ്ജിത്ത് തീരുമാനിച്ചു. ഇവിടെ നില്‍ക്കാനുള്ള ഹാര്‍ഡ് വര്‍ക്ക് അവന്‍ ചെയ്യുന്നുണ്ട്.
അവന്‍ ആഗ്രഹിക്കുന്നതിലും ഒരുപാട് ഉയരത്തില്‍ രഞ്ജിത്ത് എത്തട്ടേയെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. അതിനുള്ള പണി അവന്‍ എടുക്കുന്നുണ്ട്. മലയാള സിനിമക്ക് മികച്ചൊരു വാഗ്ദാനം തന്നെയാണ് രഞ്ജിത്ത്,’ ജോണി ആന്റണി പറയുന്നു.