മൂസയ്ക്ക് എന്തിനാണ് അവാര്‍ഡെന്ന് പലരും ചോദിച്ചു; ആ സംവിധായകനാണ് അതിന് മറുപടി കൊടുത്തത്: ജോണി ആന്റണി
Entertainment
മൂസയ്ക്ക് എന്തിനാണ് അവാര്‍ഡെന്ന് പലരും ചോദിച്ചു; ആ സംവിധായകനാണ് അതിന് മറുപടി കൊടുത്തത്: ജോണി ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 15th May 2025, 8:53 am

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനും നടനുമാണ് ജോണി ആന്റണി. സി.ഐ.ഡി മൂസ, കൊച്ചി രാജാവ്, തുറുപ്പു ഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം ഉള്‍പ്പെടെയുള്ള ജനപ്രിയ സിനിമകള്‍ സമ്മാനിച്ചത് ജോണി ആന്റണി ആയിരുന്നു. അദ്ദേഹത്തിന്റെ സംവിധാന കരിയറിലെ ഏറ്റവും വലിയ വിജയമായ ചിത്രമാണ് സി.ഐ.ഡി മൂസ. മികച്ച താരനിര ഒന്നിച്ച ചിത്രമായിരുന്നു ഇത്.

ഇപ്പോള്‍ സി.ഐ.ഡി മൂസയെ കുറിച്ച് സംസാരിക്കുകയാണ് ജോണി ആന്റണി.

സി.ഐ.ഡി മൂസ എന്ന ചിത്രത്തിന് അന്ന് നിരവധി സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിരുന്നുവെന്നും ഹരിഹരന്‍ അന്ന് ജൂറി ചെയര്‍മാന്‍ ആയതുകൊണ്ടാണ് സിനിമക്ക് അംഗീകാരം ലഭിച്ചതെന്നും ജോണി ആന്റണി പറഞ്ഞു. ഈ സിനിമക്ക് എന്തിനാണ് അവാര്‍ഡുകള്‍ കൊടുക്കുന്നത് എന്ന ചോദ്യങ്ങള്‍ അന്ന് ഉയര്‍ന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി. ഐ. ഡി മൂസ ഒരു മോശം ചിത്രമല്ല അതിന് പിന്നില്‍ ഒരു അധ്വാനം ഉണ്ടെന്ന് ഹരിഹരന്‍ അപ്പോള്‍ പറഞ്ഞുവെന്നും ജോണി ആന്റണി പറയുന്നു. പഴശ്ശിരാജയും നഖഷതങ്ങളും പോലുള്ള ചിത്രങ്ങള്‍ എടുത്ത അദ്ദേഹത്തിന് ഇതിന്റെ എഫേര്‍ട് മനസിലാകുമെന്നും ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു. പൂച്ച സന്യാസി പോലൊരു സ്ലാപ്‌സ്റ്റിക് ചിത്രം അന്നത്തെ കാലത്ത് എടുത്ത സംവിധായകനാണ് ഹരിഹരനെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്ണില്‍ സംസാരിക്കുകയായിരുന്നു ജോണി ആന്റണി.

‘മൂസക്ക് കോസ്റ്റിയൂം, ആര്‍ട്ട്, എഡിറ്റര്‍ മൂന്ന് അവാര്‍ഡുകള്‍ കിട്ടിയിരുന്നു. അന്ന് ഹരിന്‍ സാര്‍ ആയിരുന്നു ജൂറി ചെയര്‍മാന്‍. മൂസ പോലൊരു ചിത്രത്തിന് എന്തിനാണ് അവാര്‍ഡ് കൊടുത്തത് എന്ന് പലരും ചോദിച്ചപ്പോള്‍ ഹരിഹരന്‍ സാര്‍ പറഞ്ഞു. മൂസ ഒരു മോശം ചിത്രമല്ല. അതിന്റെ പിന്നില്‍ ഒരു എഫേര്‍ട്ട് ഉണ്ട്. ഹരിന്‍ സാര്‍ ആയതുകൊണ്ടാണ് മൂസക്ക് അത് കിട്ടിയത്. കാരണം അദ്ദേഹം എത്ര സിനിമകള്‍ എടുത്തിട്ടുണ്ട്. പഞ്ചാഗ്നി, നഖഷതങ്ങള്‍ പോലെയുള്ള സിനിമകളും പഴശ്ശിരാജയും എടുത്തിട്ടുണ്ട്.

അതുകൊണ്ട് അതിന്റെ എഫേര്‍ട്ട് നന്നായി അറിയാം. കാരണം അദ്ദേഹം പഴശ്ശിരാജയും എടുക്കും നഖഷതങ്ങളും എടുക്കും. അദ്ദേഹം ആയതുകൊണ്ടാണ് മൂസക്ക് അത്രയും ആദരവ് കിട്ടിയത്. കഷ്ടപ്പാടാണ് ആ സിനിമ. അത് പുള്ളിക്കറിയാം. പൂച്ച സന്യാസി എന്ന പടത്തില്‍ അദ്ദേഹം സ്ലാപ്സ്റ്റിക് അന്നത്തെ കാലത്ത് രസമായി ഉപയോഗിച്ചിട്ടുണ്ട്. ബഹുദൂര്‍ സാറും രാജ്കുമാറുമൊക്കെ അഭിനയിച്ച പടം. അത്തരത്തില്‍ സിനിമ സമീപിച്ചിട്ടില്ലാത്തവരാണ് അന്ന് ആസ്ഥാനത്ത് ഉണ്ടായിരുന്നതെങ്കില്‍ അവാര്‍ഡ് കിട്ടണമെന്നില്ല,’ ജോണി ആന്റണി പറഞ്ഞു.

Content Highlight: Johny Antony talks about  his movie  C.I.D moosa and director Hariharan