അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്ക് കടന്നുവന്നയാളാണ് ജോണി ആന്റണി. 2003ല്‍ പുറത്തിറങ്ങിയ സി.ഐ.ഡി മൂസയിലൂടെയാണ് ജോണി ആന്റണി സ്വതന്ത്രസംവിധായകനായത്. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ ജോണി ആന്റണി ഇപ്പോള്‍ അഭിനയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ കുറച്ച് സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ജോണി ആന്റണി, മോഹന്‍ലാല്‍ ചിത്രമായ ഡ്രാമയിലൂടെയാണ് അഭിനയത്തില്‍ സജീവമായത്.
അഭിനയത്തിലും സംവിധാനത്തിലും പോലെത്തന്നെ പാചകത്തിലും കഴിവ് തെളിയിച്ച വ്യക്തിയാണ് ജോണി ആന്റണി. ഇപ്പോള്‍ തന്റെ പാചകത്തെ കുറിച്ച് സംസാരിക്കുകയാണ് ജോണി ആന്റണി. താന്‍ കറി വെക്കുന്നത് സിനിമയുണ്ടാക്കുന്നതുപോലെയാണെന്നും നന്നാവണമേ എന്ന് പ്രാര്‍ത്ഥിച്ചാണ് തുടങ്ങാറുള്ളതെന്നും അദ്ദേഹം പറയുന്നു.
തോപ്പില്‍ ജോപ്പന്‍ എന്ന സിനിമയുടെ തിരക്കഥയുമായി തിരക്കഥാകൃത്ത് നിഷാദ് കോയ കഥപറയാനായി തന്റെ വീട്ടില്‍ വന്നെന്നും അപ്പോള്‍ ‘ഉള്ളി പൊളിക്കുമോ’ എന്നാണ് താന്‍ ആദ്യം ചോദിച്ചതെന്നും ജോണി ആന്റണി പറഞ്ഞു. കഥയുടെ ബാക്കി മട്ടന്‍ കറി വെച്ചിട്ടാണ് കേട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോണി ആന്റണി.
‘ഞാന്‍ കറി വെക്കുന്നത് സിനിമയുണ്ടാക്കുന്നത് പോലെ തന്നെയാണ്. വലിയ ഒരുക്കങ്ങളാണ്. ‘നന്നാവണമേ’ എന്ന് പ്രാര്‍ഥിച്ചിട്ടാണ് തുടങ്ങാറുള്ളത്. തോപ്പില്‍ ജോപ്പന്‍ എന്ന സിനിമയുടെ തിരക്കഥയുമായി തിരക്കഥാകൃത്ത് നിഷാദ് കോയ വന്നു. കഥ പറയാന്‍ തുടങ്ങുന്നതിന് മുമ്പായി ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു ‘ഉള്ളി പൊളിക്കുമോ?’ എന്ന്.
കഥയുടെ ബാക്കി മട്ടന്‍ കറി വച്ചിട്ടെന്ന് ഞാന്‍ പറഞ്ഞു
അത് കേട്ട് നിഷാദ് ഒന്ന് ഞെട്ടി. ഒരു കൂന ചെറിയ ഉള്ളി ഞാന്‍ മുന്നിലേക്ക് നീക്കി വച്ചു. കഥയുടെ ബാക്കി മട്ടന്‍ കറി വച്ചിട്ടെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ പോയി കുളിച്ചിട്ട് വന്നപ്പോള്‍ കണ്ടത് നിഷാദ് ഇരുന്ന് കരയുകയാണ്. ഉള്ളി പൊളിച്ച നീറല്‍. ഇപ്പോഴും അവന്‍ പറയും, ‘ജോണിച്ചേട്ടന്റെ കൂടെ എഴുതാന്‍ പോയാല്‍ മിനിമം ഉള്ളി പൊളിക്കാന്‍ അറിയണം’ എന്ന്,’ ജോണി ആന്റണി പറയുന്നു.