സംവിധാനരംഗത്ത് ഒരുപാട് കാലം നിറഞ്ഞുനിന്നയാളാണ് ജോണി ആന്റണി. മലയാളികള്‍ക്ക് അദ്ദേഹം ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ഇന്ന് അഭിനേതാവെന്ന നിലയില്‍ മലയാളസിനിമയിലെ നിറസാന്നിധ്യമാണ് ജോണി ആന്റണി. കോമഡി റോളുകളിലും ക്യാരക്ടര്‍ റോളുകളിലും ജോണി ആന്റണി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം ആരംഭിച്ച ജോണി ആന്റണി 2003ല്‍ സി.ഐ.ഡി. മൂസ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. പിന്നീട് കൊച്ചിരാജാവ്, തുറുപ്പുഗുലാന്‍, ഇന്‍സ്‌പെക്ടര്‍ ഗരുഡ്, സൈക്കിള്‍, ഈ പട്ടണത്തില്‍ ഭൂതം, മാസ്റ്റേഴ്‌സ്, താപ്പാന തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോൾ സി.ഐ.ഡി. മൂസ ചിത്രത്തെക്കുറിച്ച് സംസാരിക്കുയാണ് ജോണി ആൻ്റണി.
സി.ഐ.ഡി. മൂസയിൽ അഭിനയിച്ച എല്ലാവരും തമാശ കണ്ടുപിടിച്ച് പറയുന്ന ആളുകളാണെന്നും തമാശകളൊക്കെ പൊലിപ്പിക്കാന്‍ പറ്റുന്ന സിനിമയാണ് അതെന്നും സംവിധായകന്‍ ജോണി ആന്റണി പറയുന്നു.
എങ്ങനെ വേണമെങ്കിലും അഴിഞ്ഞാടാന്‍ പറ്റിയിരുന്ന സിനിമയാണ് അതെന്നും എല്ലാവരും കോണ്‍ട്രിബ്യൂട്ട് ചെയ്തിട്ടുണ്ടെന്നും ജോണി ആന്റണി പറഞ്ഞു.
സലീം കുമാറിന് കോമഡിയില്‍ അച്ചടക്കം ഉണ്ടെന്നും ചിലരോട് പറഞ്ഞ് മനസിലാക്കാന്‍ സലീം കുമാര്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. മൂസയില്‍ വേണ്ടെന്ന് വെച്ച കോമഡിയുണ്ടെങ്കില്‍ വേറെ സിനിമയെടുക്കാമെന്നും ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു. ജാംഗോ സ്പേസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മൂസയില്‍ അഭിനയിച്ച എല്ലാവരും തമാശ കണ്ടുപിടിച്ച് പറയുന്ന ആളുകളാണ്. അമ്പിളി ചേട്ടന്‍ (ജഗതി ശ്രീകുമാർ), ഉണ്ണിയേട്ടന്‍ (ഒടുവിൽ ഉണ്ണിക്കൃഷ്ണൻ), ഹനീഫിക്ക (കൊച്ചിൻ ഹനീഫ), അശോകേട്ടന്‍ (ഹരീശ്രീ അശോകൻ), സലീം കുമാര്‍ അങ്ങനെ എല്ലാവരും അങ്ങനെയാണ്. അത് നന്നായി ഹ്യൂമര്‍ ഉള്ള സിനിമയാണ്. തമാശകളൊക്കെ പൊലിപ്പിക്കാന്‍ പറ്റും. എങ്ങനെ വേണമെങ്കിലും അഴിഞ്ഞാടാന്‍ പറ്റും. ലൈസന്‍സ് ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. ഇല്ലേ എന്ന് ചോദിച്ചാല്‍ ഇല്ല. അങ്ങനെ അഴിഞ്ഞാടാന്‍ പറ്റും.
അപ്പോള്‍ എല്ലാവരും കോണ്‍ട്രിബ്യൂട്ട് ചെയ്യും. സലീം കുമാര്‍ എന്നെ സഹായിച്ചിട്ടുണ്ട്. സലീമിന് കറക്ട് അച്ചടക്കമുണ്ട് കോമഡിയില്‍. സലീം ചിലരോട് പറയും ആ തമാശ വേണ്ട എന്നൊക്കെ. ചിലരോട് പറഞ്ഞ് മനസിലാക്കാന്‍ പെടാപ്പാട് പെടുമ്പോള്‍ സലീം വന്നിട്ട് എന്നെ സഹായിക്കും.എനിക്ക് തോന്നുന്നു മൂസയില്‍ വേണ്ടെന്ന് വെച്ച കോമഡിയുണ്ടെങ്കില്‍ വേറെ സിനിമയെടുക്കാം,’ ജോണി ആന്റണി പറയുന്നു.
Content Highlight: Johny Antony Talking About CID Moosa Comedy Scenes