സംവിധാനരംഗത്ത് ഒരുപാട് കാലം നിറഞ്ഞുനിന്നയാളാണ് ജോണി ആന്റണി. സി.ഐ.ഡി മൂസയിലൂടെ സ്വതന്ത്രസംവിധായകനായ ജോണി ആന്റണി മലയാളികള്‍ക്ക് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ഇന്ന് അഭിനേതാവെന്ന നിലയില്‍ മലയാളസിനിമയിലെ നിറസാന്നിധ്യമാണ് ജോണി ആന്റണി. കോമഡി റോളുകളിലും ക്യാരക്ടര്‍ റോളുകളിലും ജോണി ആന്റണി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
മലയാളത്തിന്റെ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍ ജോഷിയില്‍ നിന്ന് ലഭിച്ച അഭിനന്ദനത്തെക്കുറിച്ച് സംസാരിക്കുകയാണ് ജോണി ആന്റണി. ഒരുദിവസം തന്റെ ഫോണില്‍ ജോഷിയുടെ കോള്‍ കണ്ടിരുന്നെന്നും എന്താണ് കാര്യമെന്നറിയാന്‍ തിരിച്ച് വിളിച്ചെന്നും ജോണി ആന്റണി പറഞ്ഞു. പാല്‍തു ജാന്‍വര്‍ എന്ന സിനിമ കണ്ട കാര്യം പറയാന്‍ വേണ്ടിയാണ് അദ്ദേഹം വിളിച്ചതെന്നും ആ സിനിമയിലെ തന്റെ പെര്‍ഫോമന്‍സ് നന്നായിട്ടുണ്ടെന്ന് ജോഷി പറഞ്ഞെന്നും ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു.
തന്റെ അഭിനയം മെച്ചപ്പെടുന്നുണ്ട് എന്നായിരുന്നു ജോഷിയുടെ കമന്റെന്നും അത് തനിക്ക് ഒരുപാട് സന്തോഷം നല്‍കിയെന്നും ജോണി ആന്റണി പറയുന്നു. നല്ല സിനിമകള്‍ എല്ലാം തിരഞ്ഞുപിടിച്ച് കാണുന്നയാളാണ് ജോഷിയെന്നും നന്നായിട്ടുണ്ടെങ്കില്‍ അതിനെ അഭിനന്ദിക്കാന്‍ യാതൊരു മടിയും അദ്ദേഹത്തിനില്ലെന്നും ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു.
പുതിയ സംവിധായകരെക്കാള്‍ സീനിയര്‍ സംവിധായകര്‍ വിളിച്ച് അഭിനന്ദിക്കുമ്പോള്‍ തനിക്ക് സന്തോഷമാണെന്നും ഐ.വി. ശശിയുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തോടും ചാന്‍സ് ചോദിക്കുമെന്നും ജോണി ആന്റണി പറയുന്നു. സിബി മലയില്‍, സത്യന്‍ അന്തിക്കാട് എന്നിവരുടെ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും സംവിധായകനായതിനാല്‍ മറ്റുള്ളവരോട് ചാന്‍സ് ചോദിക്കാന്‍ മടിയാണെന്നും ജോണി ആന്റണി പറഞ്ഞു. വണ്‍ ടു ടോക്ക്‌സിനോട് സംസാരിക്കുകയായിരുന്നു ജോണി ആന്റണി.
‘ഒരു ദിവസം ഞാന്‍ നോക്കുമ്പോള്‍ എന്റെ ഫോണില്‍ ജോഷി സാറിന്റെ ഒരു കോള്‍ കിടക്കുന്നത് കണ്ടു. എന്താണ് കാര്യമെന്നറിയാന്‍ തിരിച്ചുവിളിച്ചു. ‘പാല്‍തു ജാന്‍വര്‍ എന്ന സിനിമ കണ്ടു, നീ നല്ലവണ്ണം ഇംപ്രൂവ് ചെയ്തിട്ടുണ്ടല്ലോ’ എന്നാണ് ജോഷി സാര്‍ പറഞ്ഞത്. എനിക്ക് അത് വലിയൊരു അവാര്‍ഡായാണ് തോന്നിയത്. ജോഷി സാര്‍ അങ്ങനെയാണ്. നല്ല സിനിമയാണെന്ന് കണ്ടാല്‍ വിളിച്ച് അഭിനന്ദിക്കും. അതുപോലെ ഹരിഹരന്‍ സാറും വിളിച്ച് അഭിനന്ദിച്ചു.
പുതിയ സംവിധായകരെക്കാള്‍ ഞാന്‍ കണ്ടുവളര്‍ന്ന സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യണമെന്നാണ് ആഗ്രഹം. ഐ.വി. ശശി സാര്‍ ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തോട് എന്തായാലും ചാന്‍സ് ചോദിച്ചേനെ. സിബി സാര്‍, സത്യന്‍ സാര്‍ എന്നിവരുടെ സിനിമകളില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. സംവിധായകനായതിനാല്‍ മറ്റുള്ളവരോട് ചാന്‍സ് ചോദിക്കാന്‍ കുറച്ച് മടിയുണ്ട്,’ ജോണി ആന്റണി പറഞ്ഞു.
Content Highlight: Johny Antony shares Joshiy’s comment about his performance in Palthu Janwar movie