സംവിധാനരംഗത്ത് ഒരുപാട് കാലം നിറഞ്ഞുനിന്നയാളാണ് ജോണി ആന്റണി. സി.ഐ.ഡി മൂസയിലൂടെ സ്വതന്ത്രസംവിധായകനായ അദ്ദേഹം മലയാളികള്‍ക്ക് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ഇന്ന് അഭിനേതാവെന്ന നിലയില്‍ മലയാളസിനിമയിലെ നിറസാന്നിധ്യമാണ് ജോണി ആന്റണി. കോമഡി റോളുകളിലും ക്യാരക്ടര്‍ റോളുകളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
മമ്മൂട്ടിയുമായി നാല് സിനിമകള്‍ ചെയ്തിട്ടുള്ള സംവിധായകനാണ് ജോണി ആന്റണി. ഈ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. ഇപ്പോള്‍ പല സ്ഥലങ്ങളിലും പോകുമ്പോള്‍ സി.ഐ.ഡി. മൂസയുടെ സംവിധായകനാണ് താനെന്ന് പലരോടും പറയാറുണ്ടെന്ന് ജോണി ആന്റണി പറഞ്ഞു. പലര്‍ക്കും ഇപ്പോള്‍ നടന്‍ എന്ന നിലയില്‍ മാത്രമേ തന്നെ പലര്‍ക്കും അറിയുള്ളൂവെന്നും സംവിധായകനാണെന്ന് എടുത്തുപറയാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മമ്മൂട്ടിയോടൊപ്പമാണ് കൂടുതല്‍ സിനിമ ചെയ്തിട്ടുള്ളതെന്നും ഒരെണ്ണമൊഴികെ ബാക്കിയെല്ലാം വലിയ ഹിറ്റായെന്നും സംവിധായകന്‍ പറയുന്നു. ഈ പട്ടണത്തില്‍ ഭൂതമാണ് ആ സിനിമയെന്നും അത് മാത്രമാണ് ചെറിയ നഷ്ടം വരുത്തിയതെന്നും ജോണി ആന്റണി പറഞ്ഞു. ഭീമമായ നഷ്ടം സംഭവിച്ചില്ലെന്നും സാറ്റ്‌ലൈറ്റ് റൈറ്റ്‌സും മറ്റുമുള്ളതുകൊണ്ട് ചെറുതായി രക്ഷപ്പെട്ടെന്നും അദ്ദേഹം പറയുന്നു. സിനിമ ദി ക്യൂവിനോട് സംസാരിക്കുകയായിരുന്നു ജോണി ആന്റണി.
‘ഇപ്പോഴും പല സ്ഥലത്തും പോകുമ്പോള്‍ ഞാന്‍ സി.ഐ.ഡി. മൂസയുടെ സംവിധായകനാണെന്ന് സ്വയം പരിചയപ്പെടുത്താറുണ്ട്. കാരണം, ഇപ്പോഴുള്ള പലര്‍ക്കും എന്നെ നടന്‍ എന്ന നിലക്ക് മാത്രമേ അറിയുള്ളൂ. ഞാന്‍ പണ്ട് സിനിമയെടുത്തിട്ടുണ്ടെന്ന കാര്യം പലരും മറന്നു. ഞാന്‍ സംവിധാനം ചെയ്ത പടങ്ങള്‍ കൂടുതലും മമ്മൂക്കയുടെ കൂടെയാണ്.
നാല് പടങ്ങളാണ് മമ്മൂക്കയെ വെച്ച് ചെയ്തത്. അതില്‍ ഒരെണ്ണമൊഴികെ ബാക്കിയെല്ലാം ഹിറ്റായിരുന്നു. പട്ടണത്തില്‍ ഭൂതം മാത്രം ചെറിയ നഷ്ടം വരുത്തി. ഞാന്‍ സംവിധാനം ചെയ്തത് കൊണ്ട് എനിക്ക് ഈ കാര്യം ധൈര്യമായിട്ട് പറയാം. സാറ്റലൈറ്റ് റൈറ്റ്‌സും ബാക്കി കാര്യങ്ങളുമുള്ളത് കൊണ്ട് വലിയ നഷ്ടമുണ്ടാക്കിയില്ല. അത് ആശ്വാസമായി,’ ജോണി ആന്റണി പറയുന്നു.
മമ്മൂട്ടി ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെട്ട ഫാന്റസി ചിത്രമാണ് ഈ പട്ടണത്തില്‍ ഭൂതം. കാവ്യ മാധവനാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ഇന്നസെന്റ്, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, രാജന്‍ പി. ദേവ് തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരന്നിരുന്നു. ഷാന്‍ റഹ്‌മാന്‍ ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ചത് ഈ ചിത്രത്തിലൂടെയായിരുന്നു.
Content Highlight: Johny Antony saying Ee Pattanathil Bhootham movie was flop