എന്റെയടുത്ത് നിന്ന് തനിയാവര്‍ത്തനവും അമരവും പ്രതീക്ഷിച്ചല്ല മമ്മൂക്ക ഡേറ്റ് തന്നത്, അദ്ദേഹം ആഗ്രഹിച്ചത് വേറൊരു തരത്തിലുള്ള കഥയാണ്: ജോണി ആന്റണി
Entertainment
എന്റെയടുത്ത് നിന്ന് തനിയാവര്‍ത്തനവും അമരവും പ്രതീക്ഷിച്ചല്ല മമ്മൂക്ക ഡേറ്റ് തന്നത്, അദ്ദേഹം ആഗ്രഹിച്ചത് വേറൊരു തരത്തിലുള്ള കഥയാണ്: ജോണി ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st June 2025, 5:51 pm

സംവിധാനരംഗത്ത് ഒരുപാട് കാലം നിറഞ്ഞുനിന്നയാളാണ് ജോണി ആന്റണി. സി.ഐ.ഡി മൂസയിലൂടെ സ്വതന്ത്രസംവിധായകനായ ജോണി ആന്റണി മലയാളികള്‍ക്ക് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ഇന്ന് അഭിനേതാവെന്ന നിലയില്‍ മലയാളസിനിമയിലെ നിറസാന്നിധ്യമാണ് ജോണി ആന്റണി. കോമഡി റോളുകളിലും ക്യാരക്ടര്‍ റോളുകളിലും ജോണി ആന്റണി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്ത് 2006ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു തുറപ്പുഗുലാന്‍. മമ്മൂട്ടി എന്ന നടനിലെ കോമഡി ഏരിയ പരമാവധി ഉപയോഗിച്ച ചിത്രം വന്‍ വിജയമായി മാറി. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ജോണി ആന്റണി. സി.ഐ.ഡി. മൂസയും കൊച്ചി രാജാവും സംവിധാനം ചെയ്തയാള്‍ എന്ന നിലയിലാണ് മമ്മൂട്ടി തനിക്ക് ഡേറ്റ് തന്നതെന്ന് ജോണി ആന്റണി പറഞ്ഞു.

തനിയാവര്‍ത്തനമോ അമരമോ പോലുള്ള സിനിമകള്‍ പ്രതീക്ഷിച്ചിട്ടല്ല മമ്മൂട്ടി തനിക്ക് ഡേറ്റ് തന്നതെന്ന് ബോധ്യമുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിയെ പരമാവധി അഴിച്ചുവിടുന്ന കഥയായിരുന്നു അദ്ദേഹം പ്രതീക്ഷിച്ചതെന്നും ജോണി ആന്റണി പറഞ്ഞു. അത്തരത്തിലുള്ള കഥ തനിക്ക് ലഭിച്ചെന്നും അങ്ങനെയാണ് സിനിമ നടന്നതെന്നും ജോണി ആന്റണി പറയുന്നു.

താന്‍ ആഗ്രഹിച്ചതിനുമപ്പുറം മമ്മൂട്ടി തുറപ്പുഗുലാനില്‍ പൂണ്ടു വിളയാടിയെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയെക്കൊണ്ട് അങ്ങനെയൊക്കെ ചെയ്യിക്കാമോ എന്ന് പലരും ചോദിച്ചെന്നും എന്നാല്‍ തിയേറ്ററില്‍ സിനിമ ഹിറ്റായതുകൊണ്ട് അതൊന്നും കാര്യമാക്കിയെടുത്തില്ലെന്നും ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു. പിന്നീട് ആ പേരില്‍ ബാലഭൂമിയില്‍ ഒരു കഥ തന്നെ വന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഫില്‍മി ഹുഡ്‌സിനോട് സംസാരിക്കുകയായിരുന്നു ജോണി ആന്റണി.

തുറപ്പുഗുലാന്‍ ഞാന്‍ പ്രതീക്ഷിച്ചതിലും മേലെ പോയ സിനിമയായിരുന്നു. സി.ഐ.ഡി മൂസയും കൊച്ചി രാജാവും ചെയ്ത് നില്‍ക്കുമ്പോഴാണ് മമ്മൂക്ക എനിക്ക് ഡേറ്റ് തരുന്നത്. എന്റെയടുത്ത് നിന്ന് തനിയാവര്‍ത്തനവും അമരവും പോലുള്ള സിനിമ പുള്ളി പ്രതീക്ഷിക്കില്ലെന്നറിയാം. നല്ല രസമുള്ള ഒരു സിനിമയാണ് മമ്മൂക്ക ആഗ്രഹിച്ചത്. അതിനനുസരിച്ചുള്ള കഥ എനിക്ക് കിട്ടി. മമ്മൂക്കയെ അഴിഞ്ഞാടാന്‍ വിടുക എന്നായിരുന്നു മനസിലുണ്ടായിരുന്നത്.

ഞാന്‍ വിചാരിച്ചതിനുമപ്പുറം മമ്മൂക്ക പൂണ്ടുവിളയാടിയ സിനിമയാണ് തുറപ്പുഗുലാന്‍. പുള്ളിയെക്കൊണ്ട് ഓരോ കാര്യങ്ങള്‍ ചെയ്യിച്ചത് കണ്ട് ‘എന്തിനാണ് ഇങ്ങനെയൊക്കെ’ എന്ന് പലരും ചോദിച്ചിരുന്നു. തിയേറ്ററില്‍ പടം ഹിറ്റായതുകൊണ്ട് വേറെയൊന്നും കാര്യമാക്കിയെടുത്തില്ല. പിന്നീട് സൂപ്പര്‍ ഗുലാന്‍ എന്ന പേരില്‍ ഒരു ചിത്രകഥ ബാലഭൂമിയില്‍ വരികയും ചെയ്തു,’ ജോണി ആന്റണി പറയുന്നു.

Content Highlight: Johny Antony about Mammootty and Thurappugulan movie