ആ മമ്മൂട്ടി ചിത്രം ഒരു കോമാളി പടം ആണെന്ന് പറഞ്ഞവരുണ്ട്: ജോണി ആന്റണി
Entertainment
ആ മമ്മൂട്ടി ചിത്രം ഒരു കോമാളി പടം ആണെന്ന് പറഞ്ഞവരുണ്ട്: ജോണി ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd May 2025, 9:34 am

സംവിധാനരംഗത്ത് ഒരുപാട് കാലം നിറഞ്ഞുനിന്നയാളാണ് ജോണി ആന്റണി. സി.ഐ.ഡി മൂസയിലൂടെ സ്വതന്ത്രസംവിധായകനായ ജോണി ആന്റണി പിന്നീട് മലയാളികള്‍ക്ക് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. കൊച്ചി രാജാവ്, തുറുപ്പു ഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം എന്നീ സിനിമകള്‍ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പിറന്നതാണ്. ഇന്ന് അഭിനേതാവെന്ന നിലയില്‍ മലയാളസിനിമയിലെ നിറസാന്നിധ്യമാണ് ജോണി ആന്റണി.

ജോണി ആന്റണിയുടെ സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തുറുപ്പുഗുലാന്‍. മമ്മൂട്ടി ആയിരുന്നു ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇതിന് പുറമെ സ്‌നേഹ, ഇന്നസെന്റ്, കലാശാല ബാബു എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഉദയ് കൃഷ്ണ, സിബി കെ. തോമസ് എന്നിവരായിരുന്നു സിനിമയുടെ തിരക്കഥ എഴുതിയത്.

ഇപ്പോള്‍ തുറുപ്പുഗുലാന്‍ സിനിമയെ കുറിച്ചും ഏറ്റവും പുതിയ ചിത്രമായ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയെ കുറിച്ചും സംസാരിക്കുകയാണ് ജോണി ആന്റണി. ഒരു കോമാളി സിനിമ എന്നാണ് തുറുപ്പുഗുലാനെ ആ സമയത്ത് എല്ലാവരും വിശേഷിപ്പിച്ചതെന്നും മമ്മൂട്ടിയെ വെച്ച് ഒരുപാട് കോമാളിത്തരങ്ങളാണ് സിനിമയില്‍ കാണിക്കുന്നതെന്ന് പറഞ്ഞവരുണ്ടെന്നും ജോണി ആന്റണി പറയുന്നു.

എന്നാല്‍ സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടതുകൊണ്ടാണ് അത് നൂറ് ദിവസം ഓടിയതെന്നും വിജയിക്കാതെ വന്നാല്‍ തങ്ങള്‍ അവിടെ ഒരു പരാജയപ്പെട്ടവര്‍ ആകുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമ എന്തെങ്കിലും തരത്തില്‍ ഗുണം ചെയ്യണമെന്നും അങ്ങനെ ബാലന്‍സ്ഡായിട്ടുള്ള ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്നും ജോണി ആന്റണി പറഞ്ഞു. ഫിലിമി ബീറ്റ് മലായാളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

തുറുപ്പുഗുലാന്‍ കണ്ടിട്ട് വളരെ കോമാളി പടം എന്ന് ഒരുപാട് പേര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. മമ്മൂക്കയെ കൊണ്ട് അങ്ങനെ ചെയ്യിച്ചു. ഇങ്ങനെ ചെയ്യിച്ചു എന്നൊക്കെ പറഞ്ഞിട്ടുണ്ട്. പക്ഷേ അത് ആളുകള്‍ക്ക് ഇഷ്ടപ്പെട്ടതുകൊണ്ടാണ് നൂറ് ദിവസം ഓടിയത്. ആ ഷെയര്‍ വന്നത്. അപ്പോള്‍ അത് വിജയിച്ചില്ലെങ്കില്‍ നമ്മള്‍ പരാജയമായിപ്പോയേനേ. രണ്ട് രീതിയിലും നമ്മുക്ക് ഗുണം ചെയ്യില്ല. ഒന്ന് നല്ല അഭിപ്രായവും കേട്ടില്ല എന്ന് പറയും, പടം ഓടിയില്ലെന്നും പറയും അത് ഉണ്ടാകരുത്. അതാണ് ദുരന്തം. അത് ഉണ്ടാകാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചാല്‍ മതി.

ഒന്നെങ്കില്‍ എന്തെങ്കിലും ഗുണം ചെയ്യണം. എനിക്ക് തോന്നുന്നു ഇത് രണ്ട് രീതിയിലും ബാലന്‍സ് ചെയ്തു പോകുന്ന സിനിമയാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള. അതായത് ഓടാനും സാധ്യത ഉണ്ട് അത്യാവശ്യം നല്ലത് പറയിക്കും എന്നുള്ളത് നൂറ് ശതമാനം ഉറപ്പാണ്. ആ ഒരു വിശ്വാസമുണ്ട്,’ ജോണി ആന്റണി പറയുന്നു.

Content Highlight: Johnny Antony talks about the movie Thuruppugulan and his latest film United Kingdom of Kerala.