സംവിധാനരംഗത്ത് ഒരുപാട് കാലം നിറഞ്ഞുനിന്നയാളാണ് ജോണി ആന്റണി. ഇന്നും നാം കണ്ട് ആസ്വദിക്കുന്ന പല ചിത്രങ്ങളും അദ്ദേഹത്തിന്റെതാണ്. അഭിനേതാവെന്ന നിലയിലും മലയാളസിനിമയിലെ നിറസാന്നിധ്യമാണ് ഇന്ന് ജോണി ആന്റണി. കോമഡി റോളുകളിലും ക്യാരക്ടര്‍ റോളുകളിലും ജോണി ആന്റണി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ജോണി ആന്റണിയുടെ കരിയറിലെ നാഴികകല്ലായി തീര്‍ന്ന ചിത്രമാണ് 2003 ല്‍ പുറത്തിറങ്ങിയ സി.ഐ.ഡി മൂസ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം ആരംഭിച്ച അദ്ദേഹത്തിന്റെ ആദ്യ സിനിമ കൂടിയായിരുന്നു സി.ഐഡി. മൂസ. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ജോണി ആന്റണി.
അന്ന് സി.ഐ.ഡി മൂസയുടെ ബഡ്ജറ്റ് മൂന്ന് കോടി രൂപയായിരുന്നുവെന്നും കൊച്ചിരാജാവ് സിനിമക്ക് അത്രയും തുകയായില്ലെന്നും ജോണി ആന്റണി പറയുന്നു. ഈ പട്ടണത്തില്‍ ഭൂതം എന്ന സിനിമ ആറുകോടിക്കാണ് ചെയ്തതെന്നും അതാണ് തന്റെ ഏറ്റവും കൂടുതല്‍ ബഡ്ജറ്റ് വന്ന സിനിമയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.ഐ.ഡി. മൂസ എന്ന സിനിമ ഇന്നാണ് ചെയ്യുന്നതെങ്കില്‍ 100 കോടി ബഡ്ജറ്റാകുമെന്നും 95 ദിവസം കൊണ്ട് തങ്ങള്‍ ആ സിനിമ ഷൂട്ട് ചെയ്തു കഴിഞ്ഞുവെന്നും ജോണി ആന്റണി പറഞ്ഞു. ഫിലിമി ബീറ്റ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അന്നത്തെ കാലത്ത് മൂസ മൂന്ന് കോടി രൂപ ബഡ്ജറ്റിനാണ് ചെയ്തത്. കൊച്ചിരാജാവ് അത്രയും ആയിട്ടില്ല. പട്ടണത്തില്‍ ഭൂതം ആറുകോടിക്കാണ് ചെയ്തത്. അതാണ് ഏറ്റവും കൂടുതല്‍ ബഡ്ജറ്റ് വന്ന സിനിമ. മാസ്‌റ്റേഴ്‌സ് അഞ്ച് രൂപക്ക് നിന്നു. ഞാന്‍ ഉറപ്പ് പറയാം, ഇന്നാണെങ്കില്‍ ഒരു നൂറ് കോടി രൂപയെങ്കിലും മൂസ എടുക്കാനാകും. കാരണം ആ ഫുട്ടേജ് നിങ്ങള്‍ ആലോചിച്ച് നോക്കണം. അത്രയും ഫുട്ടേജ്, അത്രയും വര്‍ക്കുകള്‍ ഷൂട്ട് ചെയ്യാന്‍ നമ്മള്‍ എടുത്തത് 95 ദിവസമാണ്. ഇന്നൊരു ചെറിയ പടത്തിന് 95 ദിവസമെടുക്കും,’ ജോണി ആന്റണി പറയുന്നു.
Content Highlight: Johnny Antony says that the budget for CID Moosa was three crores at that time.