കൊവിഡിനിടെ ഐശ്യര്യ റായുടെ ചിത്രം പങ്കു വെച്ച് ജോണ്‍ സീന; ബോളിവുഡിനെ മറക്കാതെ താരം
Entertainment
കൊവിഡിനിടെ ഐശ്യര്യ റായുടെ ചിത്രം പങ്കു വെച്ച് ജോണ്‍ സീന; ബോളിവുഡിനെ മറക്കാതെ താരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th July 2020, 9:59 pm

ബോളിവുഡ് നടി ഐശ്യര്യ റായ്ക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ നിരവധി താരങ്ങളും ആരാധകരും നടിക്ക് രോഗമുക്തി ആശംസിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ആരാധകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു താരമാണ് ഐശ്യര്യയെ ഓര്‍മ്മിച്ചിരിക്കുന്നത്.

ഡബ്ല്യു.ഡബ്ല്യു.ഇ റെസലിംഗ് താരം ജോണ്‍ സീനയാണ് ഐശ്യര്യ റായിയുടെ ചിത്രം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനു താഴെ അടിക്കുറിപ്പൊന്നും എഴുതിയിട്ടില്ല. ഐശ്യര്യ റായുടെ ചിത്രം പങ്കു വെച്ചതിനു പിന്നാലെ നിരവധി ഇന്ത്യക്കാര്‍ കമന്റുമായെത്തി. 5 ലക്ഷത്തോളം ലൈക്കാണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. നേരത്തെ അഭിഷേക് ബച്ചനും അമിതാബ് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചപ്പോഴും ജോണ്‍സീന ഇരുവരുടെയും ചിത്രം പങ്കു വെച്ചിരുന്നു. നടന്‍ സുശാന്ത് സിംഗ് മരണപ്പെട്ടപ്പോഴും ജോണ്‍ സീന നടന്റെ ചിത്രം പങ്കു വെച്ചിരുന്നു. ഇവയ്‌ക്കൊന്നും അടിക്കുറിപ്പില്ല. ഇന്‍സ്റ്റഗ്രാമില്‍ പൊതുവെ ജോണ്‍ സീന ചിത്രത്തിനൊപ്പം ഒന്നും എഴുതാറില്ല.

ജൂലൈ 13 നാണ് ഐശ്യര്യക്കും മകള്‍ ആരാധ്യക്കും കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനു മുമ്പേ അഭിഷേക് ബച്ചനും അമിതാബ് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്ന നടി ഐശ്വര്യറായിയേയും മകള്‍ ആരാധ്യയേയും മുംബൈ നാനാവതി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഐശ്വര്യയ്ക്ക് പനി വന്നതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.