മലയാള സിനിമയെ അഭിനന്ദിക്കുകയാണ് ബോളിവുഡ് നടനും നിര്‍മാതാവുമായ ജോണ്‍ എബ്രഹാം. ധൈര്യമുള്ള സിനിമാ വ്യവസായമാണ് മലയാളമെന്ന് ജോണ്‍ എബ്രഹാം പറയുന്നു. രാജ്യത്തെ ഏറ്റവും മികച്ച ഇന്‍ഡസ്ട്രി ഏതാണെന്ന് തന്നോട് ചോദിക്കുകയാണെങ്കില്‍ അത് മലയാളമെന്നായിരിക്കും തന്റെ ഉത്തരമെന്നും ഇന്ത്യയിലെ ഏറ്റവും നല്ല സിനിമകള്‍ വരുന്നത് മലയാളത്തില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമയില്‍ ആരെയാണ് ഇഷ്ടമെന്ന് ചോദിച്ചാല്‍ താന്‍ മോഹന്‍ലാല്‍ എന്ന് പറയുമെന്നും അത് പറയാന്‍ തനിക്ക് ആലോചിക്കേണ്ട ആവശ്യമില്ലെന്നും ജോണ്‍ എബ്രഹാം കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ അല്ലാതെ മെറില്‍ സ്ട്രീപ്പിനെയും ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
കാതല്‍ – ദി കോര്‍ എന്ന സിനിമയിലെ വേഷം തെരഞ്ഞെടുത്തതിന് ജോണ്‍ എബ്രഹാം മമ്മൂട്ടിയെ അഭിനന്ദിക്കുകയും ചെയ്തു. മമ്മൂട്ടി ഒരു ഗേ പൊളിറ്റീഷ്യന്റെ വേഷമാണ് ചെയ്തതെന്നും അത്തരം ഒരു സിനിമ ചെയ്യാന്‍ സൂപ്പര്‍സ്റ്റാര്‍ എന്ന നിലയില്‍ അദ്ദേഹം കാണിച്ച ധൈര്യം അഭിനന്ദനാര്‍ഹമാണെന്നും ജോണ്‍ എബ്രഹാം പറയുകയുണ്ടായി. താന്‍ മമ്മൂട്ടി എന്ന നടന്റെ വലിയ ആരാധകനാണെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാള സിനിമയില്‍ നിന്ന് മികച്ച സിനിമകളാണ് ഉണ്ടാകുന്നതും അതുകൊണ്ടുതന്നെ താന്‍ ഇവിടെ ഒരു റൈറ്റേഴ്സ് റൂം സ്ഥാപിച്ചിട്ടുണ്ടെന്ന് ജോണ്‍ വെളിപ്പെടുത്തി. റൈറ്റേഴ്സ് റൂമില്‍ നിന്ന് ആശയങ്ങള്‍ എടുത്ത് മലയാളത്തിലോ ഹിന്ദിയിലോ മികച്ച സിനിമകള്‍ ചെയ്യാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും ജോണ്‍ എബ്രഹാം പറഞ്ഞു.
മലയാള സിനിമകള്‍ നിര്‍മിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അതിന് പറ്റിയ സമയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ജോണ്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അതേസമയം അനശ്വര രാജന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മൈക്ക് എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ജോണ്‍ എബ്രഹാം ആയിരുന്നു. അദ്ദേഹം അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ടെഹ്റാന്‍. ചിത്രം ഓഗസ്റ്റ് 14ന് സീ 5 വിലൂടെ റിലീസ് ചെയ്യും.