മലയാളികള്‍ക്ക് ഇപ്പോള്‍ ഏറെ പരിചിതനായ നടനാണ് ജോമോന്‍ ജ്യോതിര്‍. ജിത്തു മാധവന്‍ സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ രോമാഞ്ചം എന്ന സിനിമയിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ ഡി.ജെ ബാബു എന്ന കഥാപാത്രമായിട്ടായിരുന്നു ജോമോന്‍ എത്തിയത്.
സിനിമയില്‍ എത്തുന്നതിന് മുമ്പ് തന്നെ യൂട്യൂബ് വീഡിയോകളിലൂടെയും ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയും ജോമോന്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഫാലിമി, ഗുരുവായൂരമ്പല നടയില്‍, വാഴ തുടങ്ങിയ സിനിമകളിലെ ജോമോന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോള്‍ ജയ ജയ ജയ ജയ ഹേ സിനിമയിലേക്ക് തന്നെ വിളിച്ചിരുന്നുവെന്നും എന്നാല്‍ സെറ്റില്‍ എത്താന്‍ വൈകിയത് കാരണം ആ റോള്‍ നഷ്ടമാകുകയായിരുന്നുവെന്നും പറയുകയാണ് ജോമോന്‍ ജ്യോതിര്‍. പിന്നീട് ബേസില്‍ ജോസഫ് തന്നെ ഫാലിമി സിനിമയിലേക്ക് കാസ്റ്റ് ചെയ്യിക്കുകയായിരുന്നുവെന്നും നടന്‍ പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോമോന്‍.
‘ജയ ജയ ജയ ജയ ഹേ എന്ന സിനിമയില്‍ ബേസിലേട്ടന്‍ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. ഒരു സീനിലേക്കായിരുന്നു വിളിച്ചത്. പക്ഷെ ഞാന്‍ എറണാകുളത്തായത് കൊണ്ട് ബസിലായിരുന്നു പോയിരുന്നത്. അന്നാണെങ്കില്‍ നല്ല മഴയും ഉണ്ടായിരുന്നു. വേണമെങ്കില്‍ മഴ അന്ന് എന്ന ചതിച്ചുവെന്ന് പറയാം.
അന്ന് മഴ കാരണം ഞാന്‍ അവിടെ എത്താന്‍ പത്തിരുപത് മിനുട്ട് വൈകി പോയി. അങ്ങനെ അവിടെ മൊത്തം സീനായി. ‘അവന്‍ ആരാണ് വൈകി വരാന്‍’ എന്ന രീതിയിലായിരുന്നു അവരൊക്കെ എന്നെ നോക്കിയത്. ഒരു ചെറിയ സീനായിരുന്നു ഉണ്ടായിരുന്നത്.
അറിഞ്ഞു കൊണ്ടായിരുന്നില്ല അന്ന് ഞാന്‍ വൈകിയത്. മഴയും മറ്റുമായത് കൊണ്ട് പറ്റി പോയതാണ്. അവസാനം എന്നെ ആ സീന്‍ ചെയ്യാന്‍ സമ്മതിച്ചില്ല. കുറച്ച് നേരം ഞാന്‍ അവിടെ തന്നെ നിന്നുനോക്കിയിരുന്നു.
ആദ്യം വെയിറ്റ് ചെയ്യാന്‍ പറഞ്ഞിരുന്നെങ്കിലും പിന്നെ ‘ബ്രോ, പോയ്‌ക്കോളൂ’ എന്ന് പറയുകയായിരുന്നു. ആ സീന്‍ വേറെ ആളെ കൊണ്ട് ചെയ്യിച്ചുവെന്ന് പറഞ്ഞു. ഇനി നിന്നിട്ട് കാര്യമില്ലെന്ന് കൂടെ പറഞ്ഞതോടെയാണ് ഞാന്‍ അവിടുന്ന് തിരികെ പോകുന്നത്.
പിന്നീട് ബേസിലേട്ടനാണ് ഫാലിമി എന്ന സിനിമയില്‍ എന്റെ പേര് പറഞ്ഞ് എന്നെ കാസ്റ്റ് ചെയ്യിക്കുന്നത്. ജയ ജയ ജയ ജയ ഹേയുടെ സംവിധായകനായ വിപിന്‍ ചേട്ടന്‍ (വിപിന്‍ ദാസ്) തന്നെയാണ് എന്നെ ഗുരുവായൂരമ്പല നടയില്‍ സിനിമയിലേക്ക് കാസ്റ്റ് ചെയ്യുന്നത്,’ ജോമോന്‍ ജ്യോതിര്‍ പറയുന്നു.
Content Highlight: Joemon Jyothir Talks About Basil Joseph And Jaya Jaya Jaya Jaya Hey Movie