ശിക്ഷാഭീതിയില്ലാതെ ക്യാമ്പസില്‍ വീണ്ടും അക്രമം അഴിച്ചുവിടുന്നത് പിന്തുണയ്ക്കാന്‍ ആളുണ്ടെന്ന ബലത്തിലാണ്; എ.ബി.വി.പിക്കെതിരെ ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം
national news
ശിക്ഷാഭീതിയില്ലാതെ ക്യാമ്പസില്‍ വീണ്ടും അക്രമം അഴിച്ചുവിടുന്നത് പിന്തുണയ്ക്കാന്‍ ആളുണ്ടെന്ന ബലത്തിലാണ്; എ.ബി.വി.പിക്കെതിരെ ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th February 2023, 10:48 am

ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടന്ന എ.ബി.വി.പി ആക്രമണത്തിനെതിരെ പ്രതിഷേധവുമായി ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എ.ഐ.എസ്.എ). ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒത്തുകൂടാനും ചര്‍ച്ചകള്‍ നടത്താനും സാധിച്ചിരുന്ന പ്രദേശങ്ങളില്‍ ഔദ്യോഗിക അനുമതിയില്ലാതെ പ്രവേശനം നിഷേധിച്ചിരിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ക്യാമ്പസിനകത്തെ ജനാധിപത്യ സാഹചര്യം ഇല്ലാതാക്കാനാണ് അധികൃതരുടെ ശ്രമമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

 

സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിയമിച്ച അന്വേഷണ കമ്മിറ്റിക്കെതിരെയും വിദ്യാര്‍ത്ഥികള്‍ വിമര്‍ശനമുന്നയിച്ചിരുന്നു. അന്വേഷണ കമ്മിറ്റി ബി.ജെ.പിക്ക് അനുകൂലമാണ്. ജെ.എന്‍.യുവിലെ എ.ഐ.എസ്.എ അംഗങ്ങളെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞതായി ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘സംഘര്‍ഷം അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിറ്റിയിലെ പ്രൊഫസര്‍മാരുള്‍പ്പെടെയുള്ള സംഘം ഭരണപാര്‍ട്ടിക്ക് അനുകൂലമാണ്. കമ്മിറ്റിയില്‍ എ.എസ്.ഐ.എ അംഗങ്ങളില്ല. ജെ.എന്‍.യു യൂണിയനിലെയും അധ്യാപക യൂണിയനിലെയും പ്രതിനിധികള്‍ വേണമെന്നതാണ് ഞങ്ങളുടെ ആവശ്യം,’ വിദ്യാര്‍ത്ഥികള്‍ പറയുന്നു.

 

സ്‌പോര്‍ട്‌സ് ഗ്രൗണ്ട്, ഹോസ്റ്റല്‍ തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഔദ്യോഗിക അനുമതി തേടണമെന്ന ഉത്തരവ് ഫെബ്രുവരി 20ന് സര്‍വകലാശാല അധികൃതര്‍ പുറത്തിറക്കിയിരുന്നു. ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫീസിനും സമാന വിലക്കുണ്ട്. ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിന് പോലും യൂണിയന്‍ ഓഫീസില്‍ കയറാന്‍ പ്രത്യേക അനുമതി വേണമെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി.

ക്യാമ്പസില്‍ എ.ബി.വി.പി സംഘര്‍ഷം നടത്തുമ്പോഴെല്ലാം ഇത്തരം കമ്മിറ്റിയെ അന്വേഷണത്തിനായി നിയോഗിക്കും. ശിക്ഷാഭീതിയില്ലാതെ എ.ബി.വി.പി ക്യാമ്പസില്‍ വീണ്ടും അക്രമം അഴിച്ചുവിടുന്നത് പിന്തുണയ്ക്കാന്‍ ആളുണ്ടെന്ന ബലത്തിലാണെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

കേരളത്തിലും തമിഴ്‌നാട്ടിലും നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ ന്യൂനപക്ഷമാണെന്നും അതിനാല്‍ ഞങ്ങള്‍ പറയുന്നത് അനുസരിക്കണമെന്നും എ.ബി.വി.പി പലപ്പോഴായും ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നുണ്ട്.

Content Highlight: JNU students protests against ABVP attack in campus