പാര്‍ലമെന്റില്‍ സ്ത്രീകളുടെ പ്രാതിനിധ്യം 12 ശതമാനം മാത്രം; ഇന്ത്യയില്‍ സ്ത്രീകളുടെ അവസ്ഥ പരിതാപകരം: അഡ്വ. ഫാത്തിമ മുസഫര്‍
Kerala News
പാര്‍ലമെന്റില്‍ സ്ത്രീകളുടെ പ്രാതിനിധ്യം 12 ശതമാനം മാത്രം; ഇന്ത്യയില്‍ സ്ത്രീകളുടെ അവസ്ഥ പരിതാപകരം: അഡ്വ. ഫാത്തിമ മുസഫര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th February 2023, 9:15 am

കോഴിക്കോട്: സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഏറ്റവും അപകടകരമായ സ്ഥലങ്ങളിലൊന്നാണ് ഇന്ത്യയെന്ന് വനിത ലീഗ് ദേശീയ പ്രസിഡന്റ് അഡ്വ. ഫാത്തിമ മുസഫര്‍. ഇന്ത്യയില്‍ സ്ത്രീകളുടെ അവസ്ഥ പരിതാപകരമാണെന്നും രാജ്യത്ത് 48 ശതമാനം സ്ത്രീകള്‍ക്കും പ്രാഥമിക വിദ്യാഭ്യാസമില്ലെന്നും ഫാത്തിമ മുസഫര്‍ പറഞ്ഞു.

12 ശതമാനം മാത്രമാണ് പാര്‍ലമെന്റിലെ സംവരണം. അടിത്തട്ടില്‍ സ്ത്രീകളുടെ അവസ്ഥ മോശമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വനിതാ ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഫാത്തിമ.

‘ഇന്ത്യയില്‍ സ്ത്രീകളുടെ അവസ്ഥ ഇപ്പോഴും പരിതാപകരമാണ്. വനിതകള്‍ പ്രധാനമന്ത്രിയും പ്രസിഡന്റുമൊക്കെ ആയിട്ടുണ്ടെങ്കിലും അടിത്തറ മോശം അവസ്ഥയില്‍ തന്നെയാണ്. ഇന്ത്യന്‍ വനിതകളില്‍ 48 ശതമാനം പേര്‍ക്കും പ്രാഥമിക വിദ്യാഭ്യാസമില്ല. 51 ശതമാനം മാത്രമാണ് എഴുത്തും വായനയും അറിയാവുന്നവര്‍. പാര്‍ലമെന്റില്‍ ഇന്നത്തെ സംവരണം 12 ശതമാനമാണ്,’ ഫാത്തിമ പറഞ്ഞു.

സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഏറ്റവും അപകടം നിറഞ്ഞ സ്ഥലങ്ങളിലൊന്നായി ഇന്ത്യ മാറിക്കഴിഞ്ഞു എന്ന് വിവിധ സര്‍വേകളില്‍ നിന്ന് വ്യക്തമാക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകളെ കടത്തുന്നതും സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളും ഇന്ത്യയില്‍ വര്‍ധിക്കുകയാണെന്നും 8000 സ്ത്രീകള്‍ ഒരു വര്‍ഷത്തിനിടെ സ്ത്രീധന പീഡനത്താല്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഫാത്തിമ മുസഫര്‍ കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യസമര കാലത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്ന മുസ്‌ലിങ്ങളെ രാജ്യവിരുദ്ധരാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും ശക്തമാകുകയാണെന്നും അവര്‍ പറഞ്ഞു.

വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് എ. ആമിന അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിതാ ലീഗ് ദേശീയ കമ്മിറ്റി പ്രസിഡന്റ് അഡ്വ. പി.കെ. നൂര്‍ബിന റഷീദ്, സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്, സംസ്ഥാന ജനറല്‍ സെക്രട്ടറി ഷറിന വഹാബ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.ടി.എം ഷറഫുന്നിസ സ്വാഗതവും ട്രഷറര്‍ എ.പി. സഫിയ നന്ദിയും പറഞ്ഞു.

Content Highlight: India has became the worst place for woman to live says women’s league national president Adv. Fathima Musafar