മഹാസഖ്യത്തിന് തിരിച്ചടി; ബീഹാറില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ജെ.എം.എം
India
മഹാസഖ്യത്തിന് തിരിച്ചടി; ബീഹാറില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ജെ.എം.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th October 2025, 8:26 pm

പാട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മഹാസഖ്യം വിട്ട് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജെ.എം.എം അറിയിച്ചു. മുന്നണിയിലെ സീറ്റ് ധാരണ അന്തിമമാകാത്ത പശ്ചാത്തലത്തിലാണ് തീരുമാനം.

പാര്‍ട്ടിയുടെ സ്വാധീന മേഖലകളിലാണ് ജെ.എം.എം മത്സരിക്കുക. ജാര്‍ഖണ്ഡുമായി അതിര്‍ത്തി പങ്കിടുന്ന ബീഹാറിലെ ആറ് മണ്ഡലങ്ങളാണ് ജെ.എം.എം മുന്നണിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതുവരെ സീറ്റ് വിഭജനം പൂര്‍ത്തിയാകാത്തതിനാൽ ജെ.എം.എം സഖ്യം വിടുകയായിരുന്നു.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുന്നണിയിലെ പ്രധാന കക്ഷികളായ ആര്‍.ജെ.ഡിയെയും കോണ്‍ഗ്രസിനെയും തങ്ങള്‍ സമീപിച്ചിരുന്നതായി ജെ.എം.എം ജനറല്‍ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു. എന്നാല്‍ മറ്റുള്ളവര്‍ക്ക് ലഭിച്ച ജെ.എം.എമ്മിന് കിട്ടിയില്ലെന്നും ഭട്ടാചാര്യ പത്രസമ്മേളനത്തില്‍ സംസാരിച്ചു.

ജെ.ഡി.യു-ബി.ജെ.പി സഖ്യത്തിനെതിരെയാണ് ജെ.എം.എം പോരാടുന്നത്. 2019ല്‍ ജെ.എം.എം ആര്‍.ജെ.ഡിയെയും കോണ്‍ഗ്രസിനെയും പിന്തുണച്ചു. ആര്‍.ജെ.ഡിയ്ക്ക് തങ്ങള്‍ ജെ.എം.എമ്മിന്റെ സീറ്റുകളാണ് നല്‍കിയത്. ഏഴ് സീറ്റ് നല്‍കിയെങ്കിലും ഒന്നില്‍ മാത്രമാണ് ആര്‍.ജെ.ഡിയ്ക്ക് വിജയിക്കാനായതെന്നും ഭട്ടാചാര്യ ചൂണ്ടിക്കാട്ടി.

അതുകൊണ്ട് തന്നെ ധംദഹ, ചകായ്, കറ്റോറിയ, മണിഹാരി, ജമുയി, പിര്‍പൈന്തി എന്നീ സീറ്റുകളില്‍ ജെ.എം.എം ഒറ്റയ്ക്ക് മത്സരിക്കുമെന്നും സുപ്രിയോ ഭട്ടാചാര്യ വ്യക്തമാക്കി. ഒരു സൗഹൃദ മത്സരമാണ് നടക്കാനിരിക്കുന്നതെന്നും ജെ.എം.എം വക്താവ് പ്രതികരിച്ചു.

‘ആത്മാഭിമാനത്തില്‍ വിട്ടുവീഴ്ചയ്ക്കില്ല. സമയം അതിക്രമിച്ചു. നിലവില്‍ ജെ.എം.എം ബീഹാറിലെ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഒരുപക്ഷേ വരും ദിവസങ്ങളില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചേക്കാം. സഖ്യം സംബന്ധിച്ച തീരുമാനങ്ങള്‍ തെരഞ്ഞെടുപ്പിന് ശേഷം പരിശോധിക്കാം,’ ജെ.എം.എം നേതാവ് മനോജ് പാണ്ഡെ മാധ്യമങ്ങളോട് പ്രതികരിച്ചു.

ജെ.എം.എമ്മിന്റെ തീരുമാനം മഹാസഖ്യത്തിന് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ച് സ്ഥാപകമായ പാര്‍ട്ടിയാണെങ്കില്‍ പോലും ജെ.എം.എമ്മിന് വലിയ സ്വാധീനമുള്ള മേഖലകളാണ് ബീഹാറിലുള്ളത്.

Content Highlight: JMM to contest alone in Bihar