ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
മര്‍ക്കസ് സമ്മേളനം ബഹിഷ്‌ക്കരിച്ചത് പൊതുധാരണയോടെ തന്നെ; രമേശ് ചെന്നിത്തലയെ തള്ളി കെ.മുരളീധരന്‍
ന്യൂസ് ഡെസ്‌ക്
Saturday 6th January 2018 6:16pm

തിരുവനന്തപുരം: മര്‍ക്കസ് സമ്മേളനം ബഹിഷ്‌ക്കരിച്ചത് യു.ഡി.എഫിലെ പൊതു ധാരണയില്‍ തന്നെയാണെന്ന് കെ മുരളീധരന്‍ എം.എല്‍.എ.കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ യു.ഡി.എഫിനെ വഞ്ചിച്ചതിനാലാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍.എസ്.എസ് ഒഴികെ മറ്റാരോടും പൊതുശത്രുതയില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മര്‍ക്കസ് സമ്മേളനം ബഹിഷ്‌ക്കരിക്കാന്‍ യു.ഡി.എഫില്‍ ധാരണയില്ലെന്നും വ്യക്തിപരമായ കാരണങ്ങളാല്‍ ആണ് സമ്മേളനത്തതിന് പങ്കെടുക്കാത്തതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

കാന്തപുരം വിഭാഗം ഇടതു പക്ഷത്തേടൊപ്പമായിരുന്നെങ്കിലും ചിലയിടങ്ങളില്‍ യൂ.ഡി.എഫിനെ സഹായിക്കാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും ഇടതു പക്ഷത്തിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇതാണ് യൂ.ഡി.എഫിനെ ചൊടിപ്പിച്ചത്.

ബി.ജെ.പിയെയും യൂ.ഡി.എഫിനെയും എല്‍.ഡി.എഫിനെയും ഒരേ പോലെ ഒപ്പം നിര്‍ത്താനാണ് കാന്തപുരത്തിന്റെ ശ്രമമെന്നായിരുന്നു യൂ.ഡി.എഫിന്റെ വിലയിരുത്തല്‍. കാന്തപുരത്തിനെ ബഹിഷ്‌ക്കരിക്കണമെന്ന് മുസ്‌ലിം ലീഗാണ് യോഗത്തില്‍ ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മര്‍ക്കസ് സമ്മേളനത്തിന് ലീഗിലെയും കോണ്‍ഗ്രസിലെയും നേതാക്കളെ ക്ഷണിച്ചിരുന്നു. സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് അപ്പോള്‍ തന്നെ ലീഗ് വ്യക്തമാക്കിയിരുന്നു. സമ്മേളനത്തിന്റെ പോസ്റ്ററുകളില്‍ കോണ്‍ഗ്രസ് നേതക്കാളായ രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും പേരുകള്‍ ഉണ്ടായിരുന്നു.

ആരു ബഹിഷ്‌ക്കരിച്ചാലും ഇല്ലെങ്കിലും മര്‍ക്കസ് സമ്മേളനം വിജയകരമായി നടക്കുമെന്നും യു.ഡി.എഫ് നേതാക്കളുടെ ബഹിഷ്‌ക്കരണത്തെകുറിച്ച് തനിക്ക് അറിയില്ലെന്നുമായിരുന്നു കാന്തപുരം എ.പി അബുബക്കര്‍ മുസ്‌ലിയാര്‍ ഇതിനെ കുറിച്ച് പ്രതികരിച്ചത്.

Advertisement