ആവേശവും രോമാഞ്ചവും സമ്മാനിക്കാന്‍ സൂര്യയെത്തുന്നു; ജിത്തു മാധവന്‍ ചിത്രത്തിന്റെ ഷൂട്ട് ഈ മാസം കൊച്ചിയില്‍ തുടങ്ങും?
Indian Cinema
ആവേശവും രോമാഞ്ചവും സമ്മാനിക്കാന്‍ സൂര്യയെത്തുന്നു; ജിത്തു മാധവന്‍ ചിത്രത്തിന്റെ ഷൂട്ട് ഈ മാസം കൊച്ചിയില്‍ തുടങ്ങും?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd December 2025, 2:00 pm

 

രോമാഞ്ചം, ആവേശം എന്നീ രണ്ട് ചിത്രങ്ങള്‍ കൊണ്ടു തന്നെ രാജ്യമൊട്ടാകെ ശ്രദ്ധ നേടിയ സംവിധായകനാണ് ജിത്തു മാധവന്‍. തന്റെ മൂന്നാമത്തെ ചിത്രം തമിഴ് സൂപ്പര്‍ താരത്തെ നായകനാക്കി കൊണ്ടാണെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ഇപ്പോഴിതാ സൂപ്പര്‍ താരം സൂര്യയെ നായകനാക്കി ജിത്തുവിന്റെ അടുത്ത സംവിധാന സംരഭത്തിന്റെ ഷൂട്ടിങ്ങ് ഡിസംബര്‍ 8 ന് കൊച്ചിയില്‍ തുടങ്ങുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

സൂര്യ. Photo: News of bollywood@x.com

സൂര്യ 47 എന്ന ഹാഷ് ടാഗോടു കൂടി സിനി ലോക്കോ അടക്കമുള്ള ഒഫീഷ്യല്‍ എക്‌സ് ഹാന്‍ഡിലുകളാണ് ചിത്രവുമായി ബന്ധപ്പെട്ട വിവരം പുറത്തു വിട്ടത്. അഞ്ചാനു ശേഷം വന്‍ ഹൈപ്പില്‍ 2024 ല്‍ പുറത്തിറങ്ങിയ സൂര്യ ചിത്രം ‘കങ്കുവ’ പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു. കാര്‍ത്തിക് സുബ്ബരാജ് സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘റെട്രോ’ യും പ്രേക്ഷക പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നിരുന്നില്ല.

നിലവില്‍ മലയാളത്തില്‍ മിനിമം ഗ്യാരണ്ടി നല്‍കുന്ന സംവിധായകനാണ് ജിത്തു മാധവന്‍. ചെറിയ ബഡ്ജറ്റില്‍ നിര്‍മിച്ച് 70 കോടിയോളം രൂപ തിയേറ്റര്‍ കളക്ഷന്‍ നേടിയ രോമാഞ്ചത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയത്. അതേ സമയം 30 കോടി ബഡ്ജറ്റില്‍ ഒരുക്കിയ ഫഹദ് ഫാസില്‍ നായകനായ ആവേശം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും 150 കോടിയിലധികം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു ചിത്രങ്ങളുടെയും വിജയത്തോടെ സൗത്ത് ഇന്ത്യയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സംവിധായകനാണ് ജിത്തു മാധവന്‍.

ആവേശം. Photo: Theatrical poster/ LatestLY

ജിത്തുവിന്റെ മൂന്നാമത്തെ ചിത്രത്തില്‍ ഫഹദ് ഫാസിലും, നസ്രിയ നസീമും, നസ്ലിനും വേഷമിടുന്നുണ്ടെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ പ്രൊജക്ട് നിര്‍മിക്കുന്നത് സൂര്യയായിരിക്കുമെന്നും എന്നാല്‍ ജിത്തു മാധവനുമായി ചേര്‍ന്ന് ‘ഴഗരം’ എന്ന പ്രൊഡക്ഷേന്‍ ഹൗസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുകയെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടില്‍ നിന്നും ട്രാന്‍സ്ഫര്‍ ലഭിച്ച് കേരളത്തിലെത്തുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് സൂര്യ വേഷമിടുന്നതെന്ന് പുറത്തു വരുന്ന വിവരം.

ചിത്രത്തിന്റെ സെറ്റ് വര്‍ക്കുകള്‍ എറണാകുളത്ത് തുടങ്ങിയുട്ടുണ്ടെന്ന വാര്‍ത്തകള്‍ വരുന്നതിനിടെ ഡിസംബര്‍ 8 ന് ചിത്രം ഷൂട്ട് തുടങ്ങുമെന്നാണ് പല സിനിമാ പേജുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ജിത്തു മാധവന്റെ ആദ്യ തമിഴ് സിനിമയെന്നതിലുപരി സൂര്യയുടെ ആദ്യ മലയാള ചിത്രമെന്ന രീതിയിലാണ് പ്രൊജക്ടിനെ ആരാധകര്‍ നോക്കി കാണുന്നത്.

സൂര്യ. Photo: JFW

ആര്‍.ജെ.ബാലാജി സംവിധാനം ചെയ്ത് 2026 ല്‍ പുറത്തിറങ്ങാനിരിക്കുന്ന ‘കറുപ്പ്’ ആണ് സൂര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രമായ ‘സൂര്യ 46’ ഉം അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Content Highlight: Jithu madhvan new directorial with actor suriya to start from this month