ഓസ്‌ട്രേലിയയിലെ പഠിപ്പ് അവസാനിപ്പിച്ചത് ഇത്തരം സിനിമയില്‍ അഭിനയിക്കാനാണെന്ന് രാജു അദ്ദേഹത്തോട് പറഞ്ഞു: ജിസ് ജോയ്
Entertainment
ഓസ്‌ട്രേലിയയിലെ പഠിപ്പ് അവസാനിപ്പിച്ചത് ഇത്തരം സിനിമയില്‍ അഭിനയിക്കാനാണെന്ന് രാജു അദ്ദേഹത്തോട് പറഞ്ഞു: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd June 2025, 6:17 pm

സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, ഗാനരചയിതാവ് എന്നീ നിലകളില്‍ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് ജിസ് ജോയ്. കുറഞ്ഞ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനാകാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

2013ല്‍ ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിലൂടെയായിരുന്നു ജിസ് തന്റെ സംവിധാന കരിയര്‍ ആരംഭിച്ചത്. ശേഷം സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും, മോഹന്‍ കുമാര്‍ ഫാന്‍സ്, ഇന്നലെ വരെ, തലവന്‍ തുടങ്ങിയ മികച്ച സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു.

ഇപ്പോള്‍ പൃഥ്വിരാജ് സുകുമാരനൊപ്പം തന്മാത്ര കണ്ട ഓര്‍മകള്‍ പങ്കുവെക്കുകയാണ് ജിസ് ജോയ്. അന്ന് ആദ്യമായി പൃഥ്വി തന്റെ ഫോണില്‍ നിന്നാണ് ബ്ലെസിയെ വിളിച്ച് സംസാരിച്ചതെന്നും അദ്ദേഹം പറയുന്നു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

‘ആദ്യമായി തിയേറ്ററില്‍ വെച്ച് തന്മാത്ര കണ്ട് രാജു വളരെ ഇമോഷണലായി. ‘എനിക്ക് ഈ മനുഷ്യനെയൊന്ന് വിളിക്കണം’ എന്ന് അവന്‍ പറഞ്ഞു. ഞാന്‍ കാഴ്ച എന്ന സിനിമ കണ്ടിട്ട് മുമ്പ് എവിടുന്നൊക്കെയോ നമ്പര്‍ തേടിപിടിച്ച് ബ്ലെസി സാറിനെ വിളിച്ച് സംസാരിച്ചിരുന്നു.

ആ നമ്പര്‍ എന്റെ കയ്യിലുണ്ടായിരുന്നു. അന്ന് എന്റെ ഉള്ളിലെ അഹങ്കാരി ഉണര്‍ന്നു. ‘പിന്നെന്താ നമുക്ക് വിളിക്കാലോ’ എന്ന് ഞാന്‍ അവനോട് പറഞ്ഞു. അദ്ദേഹത്തിന്റെ നമ്പറുണ്ടോയെന്ന് രാജു ചോദിച്ചപ്പോള്‍ ‘എന്റെ ഫ്രണ്ടല്ലേ’ എന്നായിരുന്നു ഞാന്‍ മറുപടി കൊടുത്തത്.

അങ്ങനെ എന്റെ മൊബൈലില്‍ നിന്നാണ് ബ്ലെസി എന്ന സംവിധായകനോട് രാജു ആദ്യമായിട്ട് സംസാരിക്കുന്നത്. അന്ന് രാജു ഫോണിലൂടെ അദ്ദേഹത്തോട് പറഞ്ഞ കാര്യങ്ങള്‍ എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട് എന്നതാണ് സത്യം.

‘സാര്‍ തന്മാത്ര എനിക്ക് വല്ലാതെ ഇഷ്ടമായി. ഒരുപാട് ആളുകള്‍ ഇപ്പോള്‍ ഇത്തരം അഭിപ്രായങ്ങള്‍ പറഞ്ഞിട്ട് സാറിന് വിളിക്കുന്നുണ്ടാകും. ഇതുപോലെയുള്ള സിനിമകളില്‍ അഭിനയിക്കാന്‍ വേണ്ടിയാണ് സാര്‍ ഞാന്‍ ഓസ്‌ട്രേലിയയിലെ പഠിപ്പ് അവസാനിപ്പിച്ച് ഇവിടെ നില്‍ക്കുന്നത്’ എന്നായിരുന്നു അവന്‍ പറഞ്ഞത്.

ആടുജീവിതം എന്ന സിനിമയില്‍ ബ്ലെസി സാറും രാജുവും ഒന്നിച്ചപ്പോഴും ആ സിനിമയെ ആളുകള്‍ ഏറ്റെടുത്തപ്പോഴും ഉള്ളുകൊണ്ട് ഒരുപാട് സന്തോഷിച്ച ആള്‍ ഞാനാകും. ഒരു നിമിത്തം പോലെ അവര്‍ പരസ്പരം ആദ്യമായി സംസാരിക്കുന്നത് എന്റെ ഫോണിലൂടെ ആണല്ലോ. ബ്ലെസി സാറിനെ ഈയടുത്ത് കണ്ടപ്പോള്‍ ഞാന്‍ ഈ കാര്യം പറഞ്ഞിരുന്നു,’ ജിസ് ജോയ് പറയുന്നു.


Content Highlight: Jis Joy Talks About What Prithviraj Sukumaran Said To Director Blessy After Seeing Thanmatra Movie