ആ മോഹന്‍ലാല്‍ ചിത്രം കണ്ട് രാജു ഇമോഷണലായി; എനിക്ക് ഈ മനുഷ്യനെയൊന്ന് വിളിക്കണമെന്ന് പറഞ്ഞു: ജിസ് ജോയ്
Entertainment
ആ മോഹന്‍ലാല്‍ ചിത്രം കണ്ട് രാജു ഇമോഷണലായി; എനിക്ക് ഈ മനുഷ്യനെയൊന്ന് വിളിക്കണമെന്ന് പറഞ്ഞു: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st June 2025, 9:02 pm

ബൈസിക്കിള്‍ തീവ്സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും, മോഹന്‍ കുമാര്‍ ഫാന്‍സ്, ഇന്നലെ വരെ, തലവന്‍ തുടങ്ങിയ മികച്ച സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് ജിസ് ജോയ്.

സംവിധാനത്തിന് പുറമെ ഡബ്ബിങ്, ഗാനരചന എന്നീ മേഖലകളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ പൃഥ്വിരാജ് സുകുമാരനൊപ്പം മോഹന്‍ലാല്‍ ചിത്രമായ തന്മാത്ര കാണാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് ജിസ്. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഏത് സിനിമ കണ്ട് ഇഷ്ടപ്പെട്ടാലും ഞാന്‍ സംവിധായകരെ വിളിച്ച് സംസാരിക്കാറുണ്ട്. അത് പണ്ടുമുതല്‍ക്കേയുള്ള ശീലമാണ്. ഈ കാര്യം പറഞ്ഞപ്പോഴാണ് പെട്ടെന്ന് ഞാന്‍ മറ്റൊരു കാര്യം ഓര്‍ത്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു സംഭവമാണ് ഇത്.

പൃഥ്വിരാജ് എറണാകുളത്തേക്ക് താമസം മാറിയ സമയമായിരുന്നു അത്. അന്ന് അവന്റെ സുഹൃത്തുക്കളില്‍ രണ്ടുപേര്‍ മാത്രമേ എറണാകുളത്ത് ഉണ്ടായിരുന്നുള്ളൂ. ഞാനും പിന്നെ ഇപ്പോള്‍ സിനിമകളിലൊക്കെ അഭിനയിക്കുന്ന ദിനേശ് പ്രഭാകറുമായിരുന്നു അത്.

അന്ന് അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ രാജുവിന്റെ പോര്‍ഷന്‍ കഴിഞ്ഞ ദിവസമായിരുന്നു. അവന്‍ എന്നെ ആ ദിവസം രാവിലെ വിളിച്ചു. ‘തന്മാത്ര സൂപ്പര്‍ഹിറ്റായിട്ട് പോകുകയാണ്. നമുക്കൊന്ന് കണ്ടാലോ’ എന്നായിരുന്നു അവന്‍ ചോദിച്ചത്.

നമുക്ക് കാണാമെന്ന് ഞാന്‍ പറഞ്ഞതും ‘ഇപ്പോള്‍ തന്നെ ഞാന്‍ പുറപ്പെടുകയാണ്. ഷേണായീസില്‍ ആദ്യമുള്ള ഷോ തന്നെ ബുക്ക് ചെയ്‌തേക്ക്’ എന്നായിരുന്നു അവന്റെ മറുപടി. അങ്ങനെ ഞാന്‍ മൂന്നുപേര്‍ക്കുള്ള ബോക്‌സ് ടിക്കറ്റ് ബ്ലോക്ക് ചെയ്തു.

അന്ന് തന്മാത്ര കണ്ട് രാജു വളരെ ഇമോഷണലായി. ‘എനിക്ക് ഈ മനുഷ്യനെയൊന്ന് വിളിക്കണം’ എന്ന് അവന്‍ പറഞ്ഞു. ഞാന്‍ കാഴ്ച എന്ന സിനിമ കണ്ടിട്ട് മുമ്പ് എവിടുന്നൊക്കെയോ നമ്പര്‍ തേടിപിടിച്ച് ബ്ലെസി സാറിനെ വിളിച്ച് സംസാരിച്ചിരുന്നു.

ആ നമ്പര്‍ എന്റെ കയ്യിലുണ്ടായിരുന്നു. അന്ന് എന്റെ ഉള്ളിലെ അഹങ്കാരി ഉണര്‍ന്നു. ‘പിന്നെന്താ നമുക്ക് വിളിക്കാലോ’ എന്ന് ഞാന്‍ അവനോട് പറഞ്ഞു. അദ്ദേഹത്തിന്റെ നമ്പറുണ്ടോയെന്ന് രാജു ചോദിച്ചപ്പോള്‍ ‘എന്റെ ഫ്രണ്ടല്ലേ’ എന്നായിരുന്നു ഞാന്‍ മറുപടി കൊടുത്തത്. അങ്ങനെ എന്റെ മൊബൈലില്‍ നിന്നാണ് ബ്ലെസി എന്ന സംവിധായകനോട് രാജു ആദ്യമായി സംസാരിക്കുന്നത്,’ ജിസ് ജോയ് പറയുന്നു.


Content Highlight: Jis Joy Talks About Prithviraj Sukumaran And Mohanlal’s Thanmathra Movie