ഈയടുത്ത് കണ്ട സിനിമകള്‍, ആ കര്‍ണാടകക്കാരന്‍ പറഞ്ഞത് ആ രണ്ട് മലയാള ചിത്രങ്ങളെ കുറിച്ച്: ജിസ് ജോയ്
Entertainment
ഈയടുത്ത് കണ്ട സിനിമകള്‍, ആ കര്‍ണാടകക്കാരന്‍ പറഞ്ഞത് ആ രണ്ട് മലയാള ചിത്രങ്ങളെ കുറിച്ച്: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st June 2025, 5:56 pm

കുറഞ്ഞ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനായ സംവിധായകനാണ് ജിസ് ജോയ്. സംവിധാനത്തിന് പുറമെ ഡബ്ബിങ്, ഗാനരചന എന്നീ മേഖലകളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിലൂടെ 2013ല്‍ തന്റെ സംവിധാന കരിയര്‍ ആരംഭിച്ച ജിസ് ജോയ് ശേഷം സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും, മോഹന്‍ കുമാര്‍ ഫാന്‍സ്, ഇന്നലെ വരെ, തലവന്‍ തുടങ്ങിയ മികച്ച സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചു.

ഇപ്പോള്‍ താന്‍ യു.എസില്‍ പോയ സമയത്ത് എയര്‍പോര്‍ട്ടില്‍ വെച്ചുണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ഇത്തവണ യു.എസില്‍ നിന്ന് വരുമ്പോള്‍ ഒരു സംഭവമുണ്ടായി. എയര്‍പോര്‍ട്ടില്‍ ഇരിക്കുന്ന സമയത്ത് ഒരു സ്ത്രീ എന്റെ അടുത്തേക്ക് വന്നു. ‘നിങ്ങളെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ട്’ എന്നായിരുന്നു അവര് എന്നോട് പറഞ്ഞത്.

ഞാന്‍ എഴുന്നേറ്റ് നിന്നിട്ട് ‘എന്റെ പേര് ജിസ് ജോയ് എന്നാണ്. ഞാന്‍ ഒരു സിനിമാ സംവിധായകനാണ്’ എന്ന് മറുപടി കൊടുത്തു. അവര്‍ കര്‍ണാടകയില്‍ നിന്നുള്ള ആളായിരുന്നു. ബാംഗ്ലൂരിലാണെങ്കിലും യു.എസിലാണ് ഇപ്പോള്‍ അവര്‍ താമസിക്കുന്നത്.

അതുകൊണ്ട് അവര്‍ക്ക് ആള് മാറിയതാണെന്ന് ഞാന്‍ എളുപ്പത്തില്‍ മനസിലാക്കി. ഞാന്‍ കേരളത്തിലാണെന്ന് പറഞ്ഞതും ‘എന്റെ ഭര്‍ത്താവ് കേരളത്തിലെ സിനിമകളുടെ ഫാനാണ്’ എന്ന് അവര്‍ മറുപടി തന്നു.

ആ സ്ത്രീ അവരുടെ ഭര്‍ത്താവിനെ എനിക്ക് പരിചയപ്പെടുത്തി തന്നു. ഐ.ടിയില്‍ വര്‍ക്ക് ചെയ്യുന്ന അയാള്‍ക്ക് കേരള ഫിലിമെന്ന് പറയുമ്പോള്‍ വലിയ ബഹുമാനമായിരുന്നു. ഞാന്‍ അദ്ദേഹത്തോട് ഈയിടെ കണ്ട രണ്ടോ മൂന്നോ മലയാളം പടങ്ങള്‍ പറയാമോയെന്ന് ചോദിച്ചു.

ആദ്യം അയാള്‍ പറഞ്ഞത് കുമ്പളങ്ങി നൈറ്റ്‌സ് ആയിരുന്നു. പിന്നെ അയാള്‍ ‘ഞാന്‍ ഈയിടെ മലയാളത്തില്‍ ബണ്ണി എന്ന ഒരു സിനിമ കണ്ടിരുന്നു’വെന്നും പറഞ്ഞു. ബണ്ണി തെലുങ്ക് സിനിമയാണെന്ന് ഞാന്‍ പറഞ്ഞെങ്കിലും അയാള്‍ അത് സമ്മതിച്ചു തന്നില്ല. അതൊരു മലയാളം സിനിമ ആയിരുന്നുവെന്ന് തന്നെയാണ് അയാള്‍ പറഞ്ഞത്.

ആരാണ് നായകനെന്ന് പറഞ്ഞപ്പോള്‍ ‘നീളമുള്ള, തടിയുള്ള ഒരു നടനാണ്’ എന്നായിരുന്നു മറുപടി. ജോജു ജോര്‍ജിനെ ആയിരുന്നു അയാള്‍ ഉദേശിച്ചത്. പണി ആയിരുന്നു ആ സിനിമ (ചിരി). മലയാള സിനിമയെ പുറത്തുള്ള ആളുകള്‍ കാണാന്‍ കാരണമായ സിനിമകളില്‍ ഒന്നാണ് കുമ്പളങ്ങി നൈറ്റ്‌സ്,’ ജിസ് ജോയ് പറയുന്നു.


Content Highlight: Jis Joy Talks About Pani And Kumbalangi Nights Movie