സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, ഗാനരചയിതാവ് എന്നീ നിലകളില്‍ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് ജിസ് ജോയ്. കുറഞ്ഞ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനാകാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. 2013ല്‍ ബൈസിക്കിള്‍ തീവ്സ് എന്ന ചിത്രത്തിലൂടെയായിരുന്നു ജിസ് തന്റെ സംവിധാന കരിയര്‍ ആരംഭിച്ചത്.
ശേഷം സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും, മോഹന്‍ കുമാര്‍ ഫാന്‍സ്, ഇന്നലെ വരെ, തലവന്‍ തുടങ്ങിയ മികച്ച സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു. ബൈസിക്കിള്‍ തീവ്സില്‍ ആസിഫ് അലി ആയിരുന്നു നായകനായത്.
മലയാളത്തിലെ മിക്ക യുവതാരങ്ങളോടും താന്‍ ഈ സിനിമയുടെ കഥ പറഞ്ഞിരുന്നുവെന്ന് മുമ്പ് ജിസ് ജോയ് തന്നെ പറഞ്ഞിരുന്നു. എന്നാല്‍ റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അടുത്ത സുഹൃത്തും നടനുമായ ജയസൂര്യയോട് മാത്രം ഈ കഥ പറഞ്ഞിട്ടില്ലെന്ന് പറയുകയാണ് ജിസ്.
‘മലയാളത്തിലെ ഒരുവിധം എല്ലാ യുവതാരങ്ങളും കേട്ടിട്ടുള്ള കഥയായിരുന്നു ബൈസിക്കിള്‍ തീവ്സ് എന്ന സിനിമയുടേത്. ഒരുപാട് ട്വിസ്റ്റുകള്‍ ഉള്ള സിനിമയായത് കൊണ്ടും ഞാന്‍ പുതിയ സംവിധായകന്‍ ആയത് കൊണ്ടും അവരൊന്നും സിനിമ ചെയ്യാന്‍ തയ്യാറായില്ല.
അതില്‍ എനിക്ക് ബുദ്ധിമുട്ടൊന്നും തോന്നിയിരുന്നില്ല. നമ്മള്‍ ഒരു സ്‌ക്രിപ്റ്റ് എഴുതുന്നത് അഞ്ചോ ആറോ മാസം സമയമെടുത്തിട്ടാണ്. ഞാന്‍ ആ സമയത്ത് പരസ്യച്ചിത്രങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും സിനിമ എന്നത് പുതിയ മേഖലയായിരുന്നു.
സിനിമയെന്ന സ്വപ്‌നം നടത്താന്‍ ആകാതെ ഇരിക്കുമ്പോഴാണ് ആസിഫ് അലി എന്ന നടനിലേക്ക് വളരെ യാഥൃശ്ചികമായി എത്തുന്നത്. ആന്റോ ജോസഫ് വഴി ആയിരുന്നു ആസിഫ് അന്ന് കഥ കേട്ടത്.
എന്നാല്‍ മലയാളത്തില്‍ അത്രയും യുവതാരങ്ങളുടെ അടുത്ത് പോയപ്പോഴും ഞാന്‍ ജയന്റെ (ജയസൂര്യ) അടുത്ത് മാത്രം പോയിരുന്നില്ല. അതിനൊരു കാരണമുണ്ടായിരുന്നു. ജയന്‍ എന്ന വ്യക്തിക്ക് എന്നോട് ഒരിക്കലും നോ പറയാന്‍ ആവില്ല.
ആ സമയത്ത് ഞാന്‍ എത്ര മോശമായ സിനിമയുടെ കഥ പറഞ്ഞാലും ജയസൂര്യ നോ പറയില്ല. കാരണം അന്ന് ഞങ്ങളുടെ ബന്ധം അങ്ങനെയുള്ളതാണ്. ഞങ്ങളെ പലരും സയാമിസ് ഇരട്ടകള്‍ എന്നായിരുന്നു വിളിച്ചത്.
ഞാന്‍ ഇല്ലാതെ അവനെയും അവന്‍ ഇല്ലാതെ എന്നെയും എവിടെയും കാണാന്‍ പറ്റില്ലായിരുന്നു. ഒന്നെങ്കില്‍ ഞാന്‍ അവന്റെ വീട്ടിലുണ്ടാകും, അല്ലെങ്കില്‍ അവന്‍ എന്റെ വീട്ടിലുണ്ടാകും. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ മുതല്‍ക്ക് ഞങ്ങളുടെ ബന്ധം അത്തരത്തിലാണ്.
പക്ഷെ ഇത് സിനിമയാണ്. ബന്ധങ്ങള്‍ ഒരിക്കലും ഉപയോഗിക്കരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഒരാളുടെ ഫ്യൂച്ചറും കരിയറും നമ്മള്‍ നമ്മളുടെ ആവശ്യത്തിന് ഉപയോഗിക്കരുത്. അതേസമയം നമ്മള്‍ എന്തെങ്കിലും പ്രൂവ് ചെയ്ത ശേഷം ആണെങ്കില്‍ കുഴപ്പമില്ല.
ജയന്‍ എന്റെ സിനിമ കണ്ടിട്ട് എന്നെ ആദ്യമായി വിളിക്കുന്നത് വിജയ് സൂപ്പറും പൗര്‍ണമിയും കണ്ടിട്ടാണ്. അവന്‍ ബൈസിക്കിള്‍ തീവ്‌സ് കണ്ടിട്ടുണ്ടോയെന്ന് എനിക്ക് അറിയില്ല. ആ സിനിമ റിലീസ് ആയത് അവന്റെ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന പടത്തിന്റെ കൂടെയാണ്,’ ജിസ് ജോയ് പറയുന്നു.