ഇത് ചെയ്യേണ്ട, മലയാളികള്‍ക്ക് ഇഷ്ടമാകില്ലെന്ന് ആ യുവനടന്‍; അവസാനം ആസിഫില്‍ എത്തി: ജിസ് ജോയ്
Entertainment
ഇത് ചെയ്യേണ്ട, മലയാളികള്‍ക്ക് ഇഷ്ടമാകില്ലെന്ന് ആ യുവനടന്‍; അവസാനം ആസിഫില്‍ എത്തി: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 5th March 2025, 1:42 pm

സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, ഗാനരചയിതാവ് എന്നീ നിലകളില്‍ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് ജിസ് ജോയ്. കുറഞ്ഞ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനാകാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. 2013ല്‍ ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിലൂടെയായിരുന്നു ജിസ് തന്റെ സംവിധാന കരിയര്‍ ആരംഭിച്ചത്.

ശേഷം സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും, മോഹന്‍ കുമാര്‍ ഫാന്‍സ്, ഇന്നലെ വരെ, തലവന്‍ തുടങ്ങിയ മികച്ച സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു. ഇപ്പോള്‍ ബൈസിക്കിള്‍ തീവ്‌സിന്റെ കഥ പറയാന്‍ പല യുവതാരങ്ങളെയും പോയി കണ്ടതിനെ കുറിച്ച് പറയുകയാണ് ജിസ് ജോയ്. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആ സിനിമയുടെ കഥയുമായി താന്‍ കയറിയിറങ്ങാത്ത സ്ഥലമില്ലായിരുന്നുവെന്നാണ് ജിസ് പറയുന്നത്. യുവതാരങ്ങളില്‍ പലരെയും അന്ന് സിനിമക്ക് വേണ്ടി കണ്ടിരുന്നെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ കഥ കേട്ടുകഴിയുമ്പോള്‍ അവര്‍ക്ക് നോ പറയാന്‍ ഓരോ കാരണങ്ങള്‍ ഉണ്ടാകുമായിരുന്നെന്നും ജിസ് കൂട്ടിച്ചേര്‍ത്തു.

‘എന്റെ ആദ്യ സിനിമയായിരുന്നു ബൈസിക്കിള്‍ തീവ്സ്. ആ സിനിമയുടെ കഥയുമായി ഞാന്‍ കയറിയിറങ്ങാത്ത സ്ഥലമില്ലായിരുന്നു എന്നതാണ് സത്യം. യുവതാരങ്ങളില്‍ പലരെയും അന്ന് ഈ സിനിമക്ക് വേണ്ടി കണ്ടിരുന്നു. ഒരു പരസ്യചിത്രകാരന്‍ എന്ന നിലയില്‍ അവര്‍ക്കൊക്കെ എന്നെ അറിയാവുന്നതാണ്.

അതുകൊണ്ട് അവരുടെ വീട്ടിലായാലും സെറ്റിലായാലും എനിക്ക് കയറിച്ചെല്ലാന്‍ ബുദ്ധിമുട്ടുണ്ടാവില്ലായിരുന്നു. അവിടെയൊക്ക ഇരിക്കാന്‍ കസേരയും കിട്ടും. എന്നാല്‍ കഥ കേട്ടുകഴിയുമ്പോള്‍ അവര്‍ക്ക് നോ പറയാന്‍ ഓരോ കാരണങ്ങള്‍ ഉണ്ടാകുമായിരുന്നു.

‘ഇത് ചെയ്യണ്ട. ഇങ്ങനത്തെ ഫോര്‍മാറ്റ് മലയാളി ഇഷ്ടപ്പെടില്ല’ എന്നുവരെ ഒരു യുവതാരം പറഞ്ഞു. നമ്മള്‍ ഒരു വര്‍ഷമിരുന്ന് എഴുതിയുണ്ടാക്കിയത് വര്‍ക്കൗട്ടാകില്ലെന്ന് നാലാമത്തെയോ അഞ്ചാമത്തെയോ താരം പറയുകയാണ്. ഒടുവില്‍ അവസാന ശ്രമമെന്നോണമാണ് ഞാന്‍ ആസിഫിനെ കണ്ടത്,’ ജിസ് ജോയ് പറയുന്നു.

Content Highlight: Jis Joy Talks About Bicycle Thieves Movie