കാല് മണ്ണില്‍ തൊട്ടുനടക്കുന്ന മനുഷ്യനാണ് അയാള്‍; നല്ല ഉഗ്രന്‍ കലാകാരന്‍: ജിസ് ജോയ്
Entertainment
കാല് മണ്ണില്‍ തൊട്ടുനടക്കുന്ന മനുഷ്യനാണ് അയാള്‍; നല്ല ഉഗ്രന്‍ കലാകാരന്‍: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 3rd March 2025, 4:16 pm

കുറഞ്ഞ സിനിമകളിലൂടെ തന്നെ മലയാളികള്‍ക്ക് ഏറെ പരിചിതനായ സംവിധായകനാണ് ജിസ് ജോയ്. സംവിധാനത്തിന് പുറമെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, ഗാനരചയിതാവ് എന്ന രീതിയിലും കഴിവ് തെളിയിച്ച വ്യക്തിയാണ് ജിസ്.

അദ്ദേഹത്തിന്റെ മിക്ക സിനിമകളിലും നായകനായത് ആസിഫ് അലിയായിരുന്നു. ഇപ്പോള്‍ ആസിഫിനെ കുറിച്ച് പറയുകയാണ് ജിസ് ജോയ്. തന്റെ സുഹൃത്തും അയല്‍ക്കാരനും എന്നതിലുപരി ആസിഫ് അലി നല്ലൊരുഗ്രന്‍ കലാകാരനാണെന്നാണ് ജിസ് പറയുന്നത്.

ആസിഫ് വ്യക്തിത്വമുള്ള ആളാണെന്നും കാല് മണ്ണില്‍ തൊട്ട് നടക്കുന്ന മനുഷ്യനാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ചില സംഭവങ്ങള്‍ ആലോചിക്കുമ്പോള്‍ തന്നെ ആസിഫിന് അത് പിടികിട്ടുമെന്നും തങ്ങള്‍ തമ്മില്‍ നല്ല സിങ്കാണെന്നും ജിസ് പറഞ്ഞു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സുഹൃത്തും അയല്‍ക്കാരനും എന്നതിലുപരി ആസിഫ് അലി നല്ല ഉഗ്രന്‍ കലാകാരനാണ്. വ്യക്തിത്വമുള്ള ആളാണ്. കാല് മണ്ണില്‍ തൊട്ട് നടക്കുന്ന മനുഷ്യനാണ്. വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങള്‍ ഞങ്ങള്‍ ഷെയര്‍ ചെയ്യാറുണ്ട്.

ചില സംഭവങ്ങള്‍ നമ്മള്‍ ആലോചിക്കുമ്പോള്‍ തന്നെ ആസിഫിന് പിടികിട്ടും. ഞങ്ങള്‍ നല്ല സിങ്കാണ്. ഞങ്ങളുടെ സിനിമയില്‍ അത് കാണാന്‍ പറ്റും. ഞാന്‍ ചെയ്ത സിനിമകളില്‍ ആസിഫിന്റെ പ്രായത്തിനും സ്റ്റാര്‍ഡത്തിനും മാനറിസത്തിനും ചേരുന്ന കഥാപാത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്.

ആസിഫിനെ ആദ്യമായി കണ്ടത് എങ്ങനെയാണെന്ന് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. എന്റെ ആദ്യ സിനിമ ബൈസിക്കിള്‍ തീവ്‌സിന്റെ കഥയുമായി കയറിയിറങ്ങാത്ത സ്ഥലമില്ലായിരുന്നു. യുവതാരങ്ങളില്‍ പലരെയും അന്ന് കണ്ടിരുന്നു.

പരസ്യചിത്രകാരനെന്ന നിലയില്‍ അവര്‍ക്ക് എന്നെ അറിയാവുന്നതുകൊണ്ട് വീട്ടിലായാലും സെറ്റിലായാലും കയറിച്ചെല്ലാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. ഇരിക്കാന്‍ കസേര കിട്ടും. കഥ കേട്ടുകഴിയുമ്പോള്‍ അവര്‍ക്ക് പറയാന്‍ ഓരോ കാരണങ്ങളുണ്ടാകും.

ഇത് ചെയ്യണ്ട, ഇങ്ങനത്തെ ഫോര്‍മാറ്റ് മലയാളി ഇഷ്ടപ്പെടില്ലെന്ന് വരെ ഒരു താരം പറഞ്ഞു. നമ്മള്‍ ഒരു വര്‍ഷം ഇരുന്നു എഴുതിയുണ്ടാക്കിയത് നാലാമത്തെയോ അഞ്ചാമത്തെയോ താരം പറയുകയാണ്, ഇത് വര്‍ക്കൗട്ടാകില്ലയെന്ന്. അങ്ങനെ അവസാനത്തെ ശ്രമമെന്ന നിലക്കാണ് ആസിഫ് അലിയെ കാണുന്നത്,’ ജിസ് ജോയ് പറഞ്ഞു.

Content Highlight: Jis Joy Talks About Asif Ali