മമ്മൂക്കയുടെ ചോദ്യം കേട്ട് ഞാൻ ടെൻഷനായി, എല്ലാവരും ചിരിക്കാൻ തുടങ്ങിയപ്പോൾ, അറിയാതെ പറ്റിയതാണെന്ന് ഞാൻ പറഞ്ഞു: ജിസ് ജോയ്
Entertainment
മമ്മൂക്കയുടെ ചോദ്യം കേട്ട് ഞാൻ ടെൻഷനായി, എല്ലാവരും ചിരിക്കാൻ തുടങ്ങിയപ്പോൾ, അറിയാതെ പറ്റിയതാണെന്ന് ഞാൻ പറഞ്ഞു: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd May 2024, 11:44 am

തന്റെ സിനിമകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ജിസ് ജോയ്. സംവിധായകൻ എന്നതിലുപരി തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന് മലയാളത്തിൽ ഡബ്ബ് ചെയ്യുന്നതിലൂടെയും വലിയ രീതിയിൽ സ്വീകാര്യത നേടാൻ ജിസ് ജോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

കരിയറിന്റെ തുടക്കകാലത്ത് മായാവി എന്ന മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് ജിസ് ജോയ്. സംവിധായകൻ ഷാഫി വിളിച്ചിട്ടാണ് താൻ പോയതെന്നും ചിത്രത്തിലെ ആദ്യ ഷോട്ട് മമ്മൂട്ടിയോടൊപ്പം ആയിരുന്നുവെന്നും ജിസ് ജോയ് പറയുന്നു. തനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നുവെന്നും ജിസ് ജോയ് കൂട്ടിച്ചേർത്തു. ജാങ്കോ സ്പേസ് ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തൃശൂർ ഒരു മീറ്റിങ്ങിന് പോയികൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് ഷാഫി സാർ വിളിക്കുന്നത്. എന്നിട്ട് എന്നോട് പറഞ്ഞു, എടാ നാളെ മായാവി പടം തുടങ്ങുകയാണ്. നീ ജോയിൻ ചെയ്യണം. ഇതിൽ ഫസ്റ്റ് സീനിൽ തന്നെ നീയുണ്ടെന്ന്.

ഞാൻ അങ്ങനെ പിറ്റേന്ന് അങ്ങോട്ട് ചെന്നു. മമ്മൂക്കയുടെ കൂടെയാണ് അഭിനയിക്കാൻ പോവുന്നത്. എന്നെ കണ്ടപ്പാടെ മമ്മൂക്ക താൻ ചിരിക്കുകയാണോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു അല്ലായെന്ന്. തന്നെ കണ്ടിട്ട് ചിരിക്കുന്ന പോലെ തോന്നുന്നുവെന്ന് മമ്മൂക്ക പറഞ്ഞു. പിന്നെ മമ്മൂക്ക ടേക്ക് പോവാമെന്ന് പറഞ്ഞു.

അതൊരു ഹോസ്പിറ്റലിൽ സീനാണ്. ചുറ്റും ഒരുപാട് പേര് നിൽക്കുന്നുണ്ട്. ടേക്ക് പോവാമെന്ന് പറഞ്ഞപ്പോൾ ഞാൻ എനിക്ക് റിഹേഴ്സൽ വേണമെന്ന് പറഞ്ഞു. അങ്ങനെ റിഹേഴ്സൽ പോയി. ഇനി വേണോ എന്ന് ചോദിച്ചപ്പോൾ ഒരു റിഹേഴ്സൽ കൂടെ പോയി.

ഞാൻ പിന്നെ ഡയലോഗ് പറഞ്ഞപ്പോൾ, സതീഷ് എന്ന് പറയുന്നതിന് പകരം നമ്മുടെ സതീഷ് എന്ന് പറഞ്ഞു. മമ്മൂക്ക ഉടനെ കട്ട്‌ എന്ന് പറഞ്ഞു. മമ്മൂക്ക ചോദിച്ചു, നമ്മുടെ സതീഷോ? അതെങ്ങനെ ശരിയാവും. താൻ ഇവിടുത്തെ റിസപ്ഷനിസ്റ്റ് അല്ലേ.

നമ്മൾ തമ്മിൽ എന്തെങ്കിലും പരിചയമുണ്ടോ. പിന്നെ നമ്മുടെ എന്ന് എങ്ങനെ പറയുമെന്ന് മമ്മൂക്ക. അവിടെ നിൽക്കുന്ന എല്ലാവരും നല്ല ചിരിയായി. ചിരിച്ചപ്പോൾ എനിക്ക് ആകെ ടെൻഷനായി, അറിയാതെ സംഭവിച്ചു പോയതാണ് സാർ എന്നൊക്കെ ഞാൻ പറഞ്ഞു,’ജിസ് ജോയ് പറയുന്നു.

Content Highlight: Jis Joy Talk About memories In Mayavi Movie Location