മലയാളത്തിലെ മികച്ച ഛായാഗ്രഹകരിലൊരാളാണ് ജിംഷി ഖാലിദ്. സഹോദരനായ ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലാണ് ജിംഷി ആദ്യമായി ക്യാമറ ചലിപ്പിച്ചത്. തുടർന്ന് കപ്പേള, ഒരുത്തീ, അള്ള് രാമേന്ദ്രൻ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത ജിംഷി തല്ലുമാലയിലൂടെ കേരളത്തിന് പുറത്തും ശ്രദ്ധ നേടി.
ഒരുപാട് സിനിമകളോട് നോ പറയേണ്ടി വരുമെന്ന് പറയുകയാണ് ജിംഷി ഖാലിദ്. താൻ രാജമൗലിയുടെ പ്രൊഡക്ഷൻ കമ്പനിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിന് സ്വന്തമായി സംവിധായകരുടെ ഒരു പാനൽ തന്നെയുണ്ടെന്നും ജിംഷി ഖാലിദ് പറയുന്നു. അതിലൊരു സംവിധായകന്റെ ചിത്രത്തിലേക്കാണ് തന്നെ വിളിച്ചതെന്നും ഫഹദ് ഫാസിൽ നായകനാകുന്ന പടം ഒരു ഫാന്റസി സബ്ജക്ട് ആയിരുന്നുവെന്നും ജിംഷി കൂട്ടിച്ചേർത്തു.
എന്നാൽ അത് നടന്നില്ലെന്നും അങ്ങനെ ഒരുപാട് സിനിമകൾ തനിക്ക് വേണ്ടെന്ന് വെക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുമായിരുന്നു ജിംഷി ഖാലിദ്.
‘ഞാൻ ഒരുപാട് ചിത്രങ്ങളുടെ കഥ കേട്ടിട്ടുണ്ട്. ഒരുപാട് പ്രൊഡക്ഷൻ ടീമിനെ കണ്ടിട്ടും ഉണ്ട്. അതിൽ ഒരു പ്രൊഡക്ഷൻ കമ്പനിയാണ് രാജമൗലിയുടേത്. അദ്ദേഹത്തിന് സംവിധായകരുടെ ഒരു പാനൽ തന്നെയുണ്ട്. അതിൽ ഒരാളുടെ സിനിമയിലേക്ക് എന്നെ വിളിച്ചതാണ്. രാജമൗലി നേരിട്ട് വന്ന് തന്നെയാണ് അത് ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ പ്രൊഡക്ഷൻ കമ്പനിയാണ് ആ സിനിമ നിർമിക്കുന്നത്.
ഫഹദ് ഫാസിൽ ആയിരുന്നു അതിലെ നായകൻ. അതൊരു ഫാൻ്റസി സബ്ജക്ട് ആയിരുന്നു.
ഞാൻ അവിടെ ചെന്ന് കഥ കേട്ട് എല്ലാം തീരുമാനം ആയതാണ്. ഫഹദ് ഫാസിൽ ആയിരുന്നു അതിലെ നായകൻ. അതൊരു ഫാൻ്റസി സബ്ജക്ട് ആയിരുന്നു. എന്നാൽ അത് അങ്ങോട്ട് ശരിയായില്ല. ഞാൻ ഈ സിനിമയുടെ കഥ കേട്ടിട്ടുണ്ട് എന്നറിഞ്ഞ് ഫഹദ് എന്നെ വിളിച്ചിരുന്നു. ‘മച്ചാനെ എന്തായി, കേട്ടിട്ട് എന്ത് തോന്നി? ഇത് ചെയ്യുന്നുണ്ടോ?’ എന്നൊക്കെ അദ്ദേഹം ചോദിച്ചു. അത് നടക്കാതെ പോയ സിനിമയായിരുന്നു. അങ്ങനെ നോ പറയുന്ന കുറേ പടങ്ങൾ ഉണ്ടായിട്ടുണ്ട്. അത് നമ്മൾ പറയേണ്ടി വരും,’ ജിംഷി ഖാലിദ് പറയുന്നു.